Thursday, July 2, 2020

മണ്ണിട്ടടയ്ക്കാത്ത വഴികൾ

  മുറ്റത്തും, പുറത്ത് റോഡിലും തിളച്ചുമറിഞ്ഞിരുന്ന വെയിലിന്റെ കാഠിന്യം കുറഞ്ഞിരിക്കുന്നു. ഗെയിറ്റിനു പുറത്തെ നീണ്ട നടപ്പാതയും അമ്പലത്തിലേക്കിറങ്ങുന്ന പടിക്കെട്ടുകളുമെല്ലാം ആളൊഴിഞ്ഞ് ഇളവെയിലേറ്റ് മയങ്ങുകയാണ്. ലോക് ഡൗൺ കാലത്ത് സമീപത്തുള്ളവരുടെ വെടിവട്ടം പടിക്കെട്ടുകളിലും അരമതിലിലുമെല്ലാമാണ്. എല്ലാവരും കഴിക്കാൻ പോയതാവും. ഇനിയൊരുറക്കമൊക്കെ കഴിഞ്ഞ് വൈകുന്നേരമാകുമ്പോഴേക്കും വീണ്ടും സജീവമാകും. ന്യൂസ് പേപ്പറിലെ കോവിഡ് വാർത്തകളിലായിരുന്നു ഞാൻ, തൊട്ടടുത്ത് മൊബൈലിൽ ലയിച്ച സഹധർമ്മിണിയുണ്ട്.

"എടോ, എന്നാ നോക്ക്വല്ലേ? ഇപ്പോ ആരും ഇല്ല. രണ്ട് മൂന്ന് റൗണ്ട് വേണേൽ ഓടിയ്ക്കാം."
".." ഫോണിലേക്ക് ശ്രദ്ധിച്ചിരിക്കുന്ന അവളൊന്നു ഞെട്ടി.
"..നീ ഗെയിം കളിച്ചിരുന്നോ ചെക്കൻ ഉറങ്ങിയതല്ലേ? നിനക്ക് പഠിക്കണേൽ ഇപ്പം നല്ല സമയാ
അവൾ ഫോൺ മാറ്റിവച്ച് പുറത്തിറങ്ങി ഗേറ്റ് തുറന്ന് മരങ്ങൾക്കിടയിലൂടെയുള്ള നീണ്ട മൺറോഡിലേക്ക് കൺ പായിച്ചു, പരിസരം നിരീക്ഷിച്ചു തിരികെ വന്നു. മുഖത്ത് ഒരു തെളിച്ചമില്ല
"എന്തേ, എന്തു പറ്റി? ഇന്നും നടക്കില്ല അല്ലേ? ലോക് ഡൗൺ സമയത്ത് നീ വണ്ടിയോടിക്കാൻ പഠിച്ചത് തന്നെ ! " 
" അതല്ല .. അവിടെ.. "  
" അവിടെ..? അവിടാരും ഇല്ലല്ലോ എല്ലാരും ഊണ് കഴിക്കാൻ പോയതല്ലേ?" 

" അവിടെ ലതേച്ചിയും പിള്ളാരും പുറത്ത് ഇരിക്കണണ്ട് .., പിന്നെ ദേവേട്ടനും .." 
" നീയിങ്ങനെ ഓരോരോ കാരണങ്ങളുണ്ടാക്കിക്കോ രമ്യേ, നീ ഓടിക്കുന്നത് നോക്കിയിരിക്യല്ലേ അവര്ടെ പണി.." ഞാൻ വീണ്ടും പേപ്പറിലേക് തല പൂഴ്ത്തി

"ചൂടാവല്ലേ സുദീപേട്ടാ, എനിക്ക് ഒരു കോൺസൺട്രേഷൻ കിട്ടൂല.ലോക്ഡൗൺ നീട്ടിയില്ലേ.ഇനിയും ദിവസങ്ങളുണ്ടല്ലോ."
"അവസരങ്ങൾ..." പേപ്പറിൽ നിന്ന് തലയുയർത്താതെ ഞാൻ പിറുപിറുത്തു.
"തേടിവരില്ല. നമ്മളുണ്ടാക്കിയെടുക്കണം, ഉപയോഗപ്പെടുത്തണം"എന്നല്ലേ കവി മൊഴിയാൻ  ഉദ്ദേശിച്ചത് .?."  ഹാങ്ങിങ് ചട്ടിയിലെ ഭൂമിയെ തലോടാൻ ഇറങ്ങിവരുന്ന ചെടികളെ തഴുകിക്കൊണ്ട് അവൾ കയറി വന്നടുത്തിരുന്നു.
" എങ്ങിനെയാണേലും ലോക്ഡൗ കാലത്തു തന്നെ ഞാൻ വണ്ടി ഓടിയ്ക്കാൻ പഠിച്ചിരിക്കും .. പോരേ ?"
ഉവ്വ് , ഓൺലൈൻ ആയിട്ടായിരിക്കും” അതിനുള്ള മറുപടി അവളുടെ നീണ്ട വിരലുകൾ കൊണ്ടുള്ള ഒരു നുള്ളായിരുന്നു.
"ലോക്ക് ഡൗൺ കഴിയുന്ന ദിവസം ഞാനിതിലൂടെ ഓടിച്ചൊരു വരവുണ്ട് ..കണ്ടോ "
" എന്നാൽ നിനക്ക് നന്ന്... ഞാനിത് പോലെ കുറെ അവസരങ്ങൾ തട്ടി നീക്കിയതാ... അവസാനം ഒരു മുനികൃഷ്ണ വേണ്ടി വന്നു... നിന്റെ കാര്യത്തിൽ ഞാൻ തന്നെ കനിയണമല്ലോ..?" അറിയാതെ പിറുപിറുപ്പ് പുറത്തുപോയി 
" ഓഹോ, അനുഭവം ഗുരു ...  അങ്ങിനെ ഒരു കഥ ഉണ്ടല്ലേ ..?  മുനികൃഷ്ണ .. നല്ല പേര് .. 
കഥ എന്നോട് പറഞ്ഞിട്ടില്ലല്ലോ....?  ഏതായാലും വണ്ടി ഓടിക്കൽ നടക്കില്ല.. കഥ കേൾക്കാം... പറയ് പറയ്.."

 കസേര ഒന്നുകൂടെ അടുപ്പിച്ച് കഥ കേൾക്കാനിരിക്കുന്ന കുഞ്ഞിനെ പോലെ അവൾ ഇരുന്നു.
"നീ ഇപ്പോളൊരു കാര്യം ചെയ്യ് , ചേട്ടന്  ഇന്നത്തെ നിന്റെ യൂട്യൂബ് വിഭവം ഡാൽഗോണ കോഫി  ബാക്കിയുള്ളത് എടുത്തിട്ടോടിവാ .."

"സദാ സമയം കഴിപ്പാണേൽ ലോക്ക് ഡൗൺ കഴിയുമ്പോഴേക്കും പുതിയ ഡ്രസ്സ് വാങ്ങേണ്ടിവരും സുദീപേട്ടാ ..പറഞ്ഞില്ലാന്നു വേണ്ട"
" അത് നമുക്കെന്തേലും ചെയ്യാം നീ ഇപ്പോ  ഡാൽഗോണ എടുത്തു വാ ..ചെല്ല് "

" അതങ്ങനെ എടുത്തു വച്ചു കഴിക്കാവുന്നതല്ലല്ലോ .. അപ്പോൾ തന്നെ നമ്മൾ കുടിച്ച് തീർത്തതല്ലേ?" മടിച്ചിക്ക് എഴുനേൽക്കാൻ വയ്യ.
"അങ്ങനെ പറയല്ലേ ,നിനക്ക് ഞാൻ വണ്ടി പഠിച്ചെടുത്ത ഇൻസ്പിരേഷണൽ സ്റ്റോറി  കേൾക്കണ്ടേ ? "
 " എപ്പം തന്നൂന്ന് ചോദിച്ചാ മതി .. " ചിരിച്ചു കൊണ്ടവൾ അകത്തേക്ക് ഓടിപ്പോയി,

 എന്റെ ചിന്തകൾ അങ്ങ് ബാംഗ്ലൂരിലെ ദേവനഹള്ളിയിലേക്കും...... ആകാശത്തേക്ക് കൈകൾ നീട്ടി നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ,   നീണ്ടൊഴുകുന്ന റോഡിലൂടെ ഒറ്റയ്ക്ക് വണ്ടി ഓടിച്ചു പോകുമ്പോൾ പലപ്പോഴും മുനികൃഷ് എന്റെ പുറകിൽ വന്നിരിക്കുന്ന പോലെ എനിക്ക് തോന്നാറുണ്ട്..അവന്റെ മുഴക്കമുള്ള ചിരി കാലങ്ങൾക്കു ശേഷം വീണ്ടും എന്റെ ചുറ്റിലും മുഴങ്ങി
.
" ഹിയർ ഈസ് യുവർ  ചുക്കുവെള്ളം.." രമ്യയുടെ ശബ്ദം ഓർമ്മകളെ അടിച്ചോടിച്ചു വിട്ടു.
"നീ ഇത്ര പെട്ടെന്ന് വന്നോ? ചുക്കു വെള്ളം എന്ന് പറഞ്ഞിട്ട് മാംഗോ ഷേക്ക് ആണല്ലോ?" 
"കുറച്ചു ബാക്കിയുളളതാ, പയ്യൻസ് എണീറ്റാൽ കൊടുക്കാൻ വച്ചിരുന്നതാ. എന്തു ചെയ്യാം  കഥ കേൾക്കണ്ടേ ...? " 

" അത് അത്ര വലിയ കഥയൊന്നും അല്ലന്നേ. എനിക്കും നിന്നെപ്പോലെ വണ്ടിയോടിക്കാൻ അറിയില്ലായിരുന്നു. ബാംഗ്ലൂർ എത്തിയപ്പോ ഓഫീസിലുണ്ടായിരുന്ന ഒരു പയ്യൻ സഹായിച്ചു. അവൻ ധൈര്യം തന്നു, പഠിച്ചു. അത്ര മാത്രം. അവന്റെ പേരാണ് മുനി..., മുനികൃഷ്ണ." ഗ്ലാസ്സിൽ ബാക്കിയുള്ള ഷേക്ക് ഞാൻ ഒറ്റവലിക്ക് കുടിച്ചുകഥ കഴിഞ്ഞു, മാംഗോ ഷേക്കും" ഞാൻ പേപ്പറിലേക്കു തല പൂഴ്ത്തി.
"അത്രക്കും പോരല്ലോ സാറേ, വളരെ വിശദമായുള്ള വിവരണം വേണം, നമുക്കു മുന്നിൽ മിനിറ്റുകളല്ല മണിക്കൂറുകളാണുള്ളത്." ഫാനിന്റെ സ്പീഡ് കുറച്ച് അവൾ വീണ്ടും ശ്രോതാവായി ഇരുന്നു.

"പത്തു പതിനഞ്ച് വർഷം പുറകോട്ട് പോണം ... ബംഗളുരുവിന്റെ പ്രാന്തപ്രദേശത്തെ ഒരു റൂറൽ ഗ്രാമത്തിലേക്ക്, ആർ യു റെഡി?" 
"എപ്പോഴേ റെഡി." 

അമ്പലത്തിനു മുന്നിലെ കൂറ്റൻ ആൽമരത്തിലെ ഇലകളിൽ പതിയെ ഉമ്മ വെച്ച് ഒരു കാറ്റ് എങ്ങോട്ടോ പാറിപ്പോയി. അതിനു പുറകെ എന്റെ ഓർമ്മകളും ...

.ഗവൺമെന്റ് ജോലി കിട്ടി ബാംഗ്ലൂരിലെ ഉൾഗ്രാമത്തിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ആദ്യമൊരങ്കലാപ്പായിരുന്നു. ആരെങ്കിലുമൊക്കെ സഹായത്തിനുണ്ടാവും എന്നൊരു ധൈര്യം ഉണ്ടായിരുന്നുഅതു വെറുതെയായില്ല, മാനേജർ അലിസാർ, ദേശ്പാണ്ഡെ സാർ, ശിവപ്പ, ഗോവിന്ദപ്പ, രാജണ്ണ, മുനികൃഷ്ണ അങ്ങനെ കുറെ നല്ല മനുഷ്യർ
കന്നഡ എളുപ്പത്തിൽ വരുതിയിൽ കിട്ടുന്ന ഭാഷയായിരുന്നു. എത്തി ദിവസങ്ങൾക്കുള്ളിൽ അവരുടെ ഭാഷയിൽ സംസാരിക്കാനുള്ള അത്യാവശ്യം കുറെ വാക്കുകൾ പഠിച്ചെടുത്തു. ലൈൻ സ്റ്റാഫിനോടും താൽക്കാലിക ജീവനക്കാരോടും കസ്റ്റമേഴ്സിനോടുമൊക്കെ ഇടപഴകണമെങ്കിൽ കന്നഡയോ അതിർത്തി ഗ്രാമത്തിലെ ഭാഷയായ തെലുങ്കോ അത്യാവശ്യമായി വന്നിരുന്നു.

ഹള്ളി (ഗ്രാമം) കളിലേക്കുളള യാത്രയായിരുന്നു പ്രധാന പ്രശ്നം.യാത്രയ്ക്ക് ഡിപ്പാർട്ട്മെന്റ് വാഹനമുണ്ടേലും എപ്പോഴും അതിന്റെ സേവനം കിട്ടില്ല. അപ്പോൾ വല്ലപ്പോഴുമുള്ള ലോക്കൽ ബസോ ആളുകളെ ഒപ്പിച്ചു ഓടിക്കുന്ന ഷെയർ ഓട്ടോയോ അല്ലേൽ താൽക്കാലിക ജീവനക്കാരയോ ആശ്രയിക്കേണ്ടി വരും.. ഇങ്ങനുള്ള സമയത്തു മുനികൃഷ്ണയോ ഗോവിന്ദപ്പയോകൂടെ വരും. വണ്ടി ഓടിക്കാൻ പഠിക്കാത്തത്തിന്റെ നഷ്ടം യഥാർത്ഥത്തിൽ അനുഭവിക്കാൻ തുടങ്ങിയതെവിടെ വച്ചായിരുന്നു.

ഓഫീസിലെ ഏതോ വൈകുന്നേര പാർട്ടി കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോഴാണ് അലി സാർ എന്നോട് പറയുന്നത്.
“വൺ ഓൾഡ് സ്കൂട്ടർ ഈസ് അവൈലബിൾ വിത്ത് മി. യു ക്യാൻ യൂസ് ഇറ്റ്. ഓക്കേ? "  
ഓർക്കാപ്പുറത്തുള്ള ചോദ്യത്തിന് പെട്ടെന്നെന്ത് പറയണം എന്നറിയാതെ കുഴങ്ങി. പണ്ടൊക്കെ വണ്ടിയോടിക്കാൻ അറിയില്ല എന്ന് പറയാൻ നാണമായതു കൊണ്ട് എന്തേലും ഉഡായിപ്പ് പറഞ്ഞ് രക്ഷപ്പെടാറാണു പതിവ്. പക്ഷേ അപ്പോൾ സത്യം പറയാനാണ് തോന്നിയത്.
" സാർ ..  " എന്റെ തപ്പൽ കണ്ടപ്പോഴേ മൂപ്പർക്ക് കാര്യം പിടി കിട്ടി.
ഏനായ്തു?(എന്തു പറ്റി) യു ഡിഡന്റ് ലേൺ ഡ്രൈവിംഗ് ? അലി സാറുടെ ചോദ്യത്തിന് രണ്ടാമതൊന്നും ആലോചിക്കാതെ സത്യം പറഞ്ഞു. ഇല്ല, വണ്ടി ഓടിയ്ക്കാൻ പഠിച്ചില്ല   എന്ന്.
അത്രയും ആളുകൾക്കിടയിൽ ഒരു കളിയാക്കൽ പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ മൂപ്പർ ആശ്വസിപ്പിക്കുകയായിരുന്നു
ഹവ് താ..? (അതെയോ) ഡോൺട് വറി മാൻ , യൂസ് ദിസ് പേഴ്സൺ മുനികൃഷ് , ഹി വിൽ ടീച് യു”
പിന്നെ മുനികൃഷണ യോടായി പറഞ്ഞു
'മുനികൃഷ്ണ, നീനു സാറ്ഗെ ഗാഡി കൾസ്കൊടിയപ്പാ, ആകുത്തല്ലാ..?' (മുനികൃഷ്ണാ നീ സാറിന് വണ്ടി പഠിപ്പിച്ചു കൊടുക്കണം. പറ്റില്ലെ.?)
“കണ്ടിത്താ സാർ..” (തീർച്ചയായും സർ) മുനികൃഷ്ണ അത് തന്റെ കടമയായി ഏറ്റെടുത്തു.
പിന്നെ അവന്റെ കൂടെ ഒരുമിച്ചു പോകുമ്പോഴെല്ലാം മുനികൃഷ്ണ ചോദിക്കും
"സാർ, ഓടിസ്ഥിരാ?"(സാർ, ഓടിക്കുന്നോ?)
"ഇല്ലപ്പാ. ആമേലെ നോടോണാ.” (ഇല്ലെടോ, പിന്നെ നോക്കാം.)
"... .. ഇപ്പോ ഞാൻ ചെയ്തിരുന്ന പോലെ "രമ്യ കഥയിൽ ലയിച്ച മട്ടുണ്ട്.
"അതെ."
ഞാൻ ആമേലെ, ആമേലെ പറഞ്ഞ് നീട്ടിക്കൊണ്ടോവുന്നത് തുടർന്നപ്പോൾ മുനികൃഷ്ണ പിന്നെ ഉപദേശമായി: "ഭയാ ബന്നിദിരെ കലിയക്കെ കഷ്ടാകുത്തെ സാർ."(പേടി വന്നാൽ പഠിയ്ക്കാൻ ബുദ്ധിമുട്ടാണ് സാർമുനികൃഷ്ണ പറയുന്നത് ശരിയാണ്.  പക്ഷേ എനിക്കിത് പേടിയാണോ നാണമാണോ എന്നറിയാത്ത അവസ്ഥയാണ്. ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. അവസരങ്ങൾ ഞാൻ തട്ടിനീക്കി കൊണ്ടുമിരുന്നു.
അങ്ങിനെ മാസങ്ങൾക്കു ശേഷം,ഒരു ദിവസം കാറഹള്ളി ഗ്രാമത്തിൽ പോയി വരുന്ന വഴിയ്ക്ക് പതിവു പോലെ ഞങ്ങൾ സ്ഥിരം ചായ കുടിക്കാൻ കയറാറുള്ള  മഞ്ജുനാഥിന്റെ കടയിൽ  കയറി... അതയാളുടെ വീടാണ്.. ഉച്ചക്ക് ശേഷം ചൂട് ഹാഫ് ടീ യും നല്ല ചൂട് മുളക് ബജിയും കിട്ടും. ചായ കുടിച്ചിരിക്കുമ്പോഴാണ് അങ്ങേരുടെ പതിനാറുകാരൻ ചെക്കൻ ബൈക്കിൽ പറപ്പിച്ച് വന്നു എന്തോ സാധനമെടുത്ത് പറപ്പിച്ച് തിരികെ പോയത്
അത് കൗതുകത്തോടെ നോക്കി നിന്ന എന്നോട് മുനികൃഷ്ണ പറഞ്ഞു
"നോട് റീ. ഹുഡുഗാ എങ്കെ ഓട്സ്തിര തു!"( നോക്കൂ സാർ പയ്യൻ എങ്ങിനെ ഓടിക്കുന്നു..!)
ഞാൻ ഒന്നും പറഞ്ഞില്ല. ആഗ്രഹമുണ്ട് പക്ഷേ നടക്കണ്ടേ കുഞ്ഞേ എന്ന് മനസ്സിൽ പറഞ്ഞു. വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ അവൻ പതിവു പോലെ വീണ്ടും ചോദിക്കുന്നു: "സാർ, ഓടിസ്ഥിരാ?"
രണ്ടും കൽപിച്ച് ഞാൻ പറഞ്ഞു:" സ്വൽപ മുഞ്ചേ ഹോഗ്ബിട്ടു നോടോണാ" (കുറച്ചു മുന്നോട്ട് പോയിട്ടു നോക്കാംമുനികൃഷ്ണ ഞെട്ടി എന്ന് തോന്നുന്നു. അവസാനം മനുഷ്യൻ സമ്മതിച്ചു എന്ന മുഖഭാവം. ഞാനാണെങ്കിൽ വരുന്നിടത്ത് വച്ച് കാണാം എന്ന വിചാരത്തിൽ പറഞ്ഞതാണ്.
തൊട്ടടുത്ത വളവ് കഴിഞ്ഞപ്പോ അവൻ കൃത്യം  നിറുത്തി, എന്നെ മുന്നിലേക്ക് മാറ്റി. ക്ലച്ച്, ഗിയർ, ബ്രേക്ക് ഇവഓരോന്നും എന്താണെന്ന് പറയാൻ തുടങ്ങി. "തിയറി ഗൊത്തിദെ ഗുരോ" (തിയറി അറിയാം) അവനോട് ചിരിച്ചു കൊണ്ടു പറഞ്ഞു
“സരി സാർ. നമഗെ പ്രാക്ടിക്കൽ നോടോണ.” (നമുക്ക് പ്രാക്ടിക്കൽ നോക്കാംഅവൻ ചിരിച്ചു.
 അവൻ സ്റ്റാർട്ട് ചെയ്ത വണ്ടിയങ്ങനെ പതിയെ നീങ്ങിത്തുടങ്ങി. മരങ്ങളെയും മനുഷ്യരെയും പിന്നിലാക്കി ഞങ്ങൾ പതിയെ പോയ്ക്കോണ്ടിരുന്നു. പുറകിൽ അവന്റെ കരുതലുള്ള തുകൊണ്ട് ഒരു പേടിയും തോന്നിയല്ല. തുടക്കത്തിൽ അവൻ ഗിയർ മാറ്റിയിരുന്നത് പിന്നീട് എന്നെക്കൊണ്ടു മാറ്റിച്ചു ത്തുടങ്ങി.
"നോട് റീ. ഗാഡി ഇവഗാ യാര് ഓടിസ്ഥിരതു? (നോക്കൂ സാർ, വണ്ടി ഇപ്പോൾ ആരാണ് ഓടിയ്ക്കുന്നത്) പുറകിൽ അവന്റെ സ്നേഹത്തോടെയുള്ള ചോദ്യം.
"നാനെ " ( ഞാനേ)
"അഷ്ടെ സാർ."(അത്രമാത്രം സാർ) അവന്റെ മുഴക്കമുള്ള ചിരി, വണ്ടിക്കു പുറകിൽ ഞങ്ങൾക്കൊപ്പം കൂട്ടുവന്നു
അതെ, അവന്റെ നിയന്ത്രണ ത്തിലാണേലും ഞാനാണിപ്പോൾ ഡ്രൈവർ. എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു. കാലങ്ങളായി ആഗ്രഹിച്ച ഒരു കാര്യം കിട്ടിയ സന്തോഷം.അന്നത്തെ യാത്രയുടെ ഓർമ്മകൾ കാലങ്ങൾക്ക് ശേഷം വീണ്ടുമെന്നെ വന്നു പൊതിഞ്ഞു. സ്നേഹത്തിന്റെയും കരുതലിന്റെയും ഓർമ്മകൾ.

"ആമേലെ...?" (പിന്നെ?) രമ്യയുടെ ശബ്ദം നിശ്ശബ്ദതയുടെ കുമിള പൊട്ടിച്ചു
"ങേ. അതിനിടയിൽ നീ കന്നഡ പഠിച്ചോ?" 
"പിന്നേ, കഥ കഴിയാറാവുമ്പോഴേക്കും ഞാൻ വണ്ടിയോട്ടാനും പഠിക്കും
അവളുടെ ചിരി ഞങ്ങൾക്കിടയിൽ വീണു ചിതറി.
"വേഗം പറയ് ഡിയർ, ചെക്കൻ ഉണരും "
" പിന്നെയെന്താ...?”
“പിന്നെ..? “ 
പിന്നെ കുറെ ദിവസം ഓഫീസിൽ നല്ല തിരക്കായിരുന്നു. പുറത്തു പോയിരുന്നത് അധികവും ഡിപ്പാർട്മെന്റ് വണ്ടിയിലും.പല വൈകുന്നേരങ്ങൾ പ്ലാൻ ചെയ്തിരുന്നെങ്കിലും ഒന്നും നടന്നില്ല. എന്നാലും അന്ന് അവൻ തന്ന കോൺഫിഡൻസ് എങ്ങനെയോ എന്റുള്ളിൽ കയറി പറ്റിയിരുന്നു.പിന്നീട് കാത്തിരുപ്പായി, അവസരങ്ങൾക്ക് വേണ്ടി  ...
അങ്ങിനെയിരിക്കെയാണ് ക്രിസ്മസ് ലീവ് വരുന്നത്, ഒരു ദിവസം ഫുൾ ഓടിച്ചാൽ ഏകദേശം റെഡി യാകും എന്ന് തോന്നി. മുനികൃഷ്ണ ഫ്രീ   ആണേൽ നോക്കാം എന്നു തീരു മാനിച്ചുചോദിച്ചപ്പോൾ കക്ഷി എന്തുണ്ടേലും അതൊക്കെ മാറ്റിവച്ച് വരാം എന്ന് പറഞ്ഞു. ഞാൻ വീട്ടിലേക്ക് വിളിച്ച് അമ്മയോടും മറ്റും ക്രിസ്മസ് ലീവിന് വരുന്നില്ല, തെരക്കാണ് എന്ന് പറഞ്ഞു. മല്ലു ഫ്രണ്ട്സ് എല്ലാം നാട്ടിൽ പോവാൻ പ്ലാൻ ചെയ്തിരുന്നതു കൊണ്ട് അതും രക്ഷപെട്ടു. അല്ലേൽ അവൻമാർ ഇവിടേക്കോ ഞാൻ അങ്ങാേട്ടോ പോകേണ്ടി വന്നേനെ. അന്നൊരു ദിവസം പരമാവധി ഓടിച്ച് പഠിച്ച് ഒരു രൂപരേഖയുണ്ടാക്കണം, എല്ലാവരെയും ഞെട്ടിക്കണം എന്നൊക്കെ സ്വപ്നങ്ങൾ കണ്ട് ദിവസങ്ങൾ തള്ളി നീക്കിഅങ്ങനെ ക്രിസ്മസ് വന്നു.  
"തുടരുംഞാൻ പറഞ്ഞു നിറുത്തി.
"ഒരു തുടർച്ചയും ഇല്ല. മുഴുവൻ പറഞ്ഞ് തീർത്ത് പോയാ മതി." രമ്യയ്ക്ക് ദേവനഹള്ളിയിൽ നിന്ന് പോരാൻ തീരെ താൽപര്യമില്ല.

 "നാളെ പറയാനും എന്തേലും വേണ്ടേ ടോ..?" ഞാൻ പറയുന്നതിന്നു മുന്നേ അവൾ തുടങ്ങി:" വേണ്ട വേണ്ട. പറയ്, നാളെക്ക് മാറ്റിയാ രസച്ചരട് പൊട്ടും. പറയ്. ക്രിസ്മസ് വന്നു?.''

"ക്രിസ്മസ് വന്നു .., പുൽക്കൂടുണ്ടാക്കി.., കേക്ക് മുറിച്ചു.., അപ്പവും വീഞ്ഞും ഇറച്ചിയും കഴിച്ചു." ഞാനവളെ ചുമ്മാ ദേഷ്യം പിടിപ്പിച്ചു.
“കളിക്കല്ലേ സുദീപേട്ടാ. പറയ്," രമ്യ പിൻമാറാൻ ഉദ്ദേശമില്ല.
അമ്പലവും പരിസരവും വീണ്ടും ആളുകളെത്തി ഉണർന്നു തുടങ്ങി. സാധാരണ ദിവസങ്ങളിൽ വാഹനങ്ങളുടെയും ജനങ്ങളുടെയും ബാഹുല്യമായിരുന്ന സ്ഥലത്ത് ഇപ്പോൾ തപസ്സു ചെയ്യാൻ തോന്നുന്ന ശാന്തതയാണ്. അതു കൊണ്ടാണെന്ന് തോന്നുന്നു എല്ലാരും കത്തിയടിച്ച് കുത്തിയിരിക്കാൻ ഇവിടെ തെരഞ്ഞെടുത്തത്.
"വെയിലാറി ... നോക്ക്, ആൾക്കാര് വന്നു തുടങ്ങി, നമുക്ക് ചെടി നനക്കണ്ടേ..! സി.എമ്മിന്റെ പത്രസമ്മേളനം കാണേണ്ടേ?" എങ്ങനേലും നാളേക്ക് മാറ്റാനുള്ള എന്റെ അവസാന ശ്രമം.  

 "നമുക്ക് എന്നാ ലൊക്കേഷൻ മാറ്റാം, ടെറസ്സിൽ നമ്മുടെ ചെടികൾക്കടുത്ത് പോയിരിക്കാം" രമ്യ എങ്ങനേലും എന്നെക്കൊണ്ട് കഥ പറയിച്ചേ അടങ്ങു.
"ശരി, നീ എന്നാ നിന്റെ ലോക് ഡൗൺ ഐറ്റം, ഇനിയെന്താണുള്ളത്.അതെടുത്തു വാ."
"ങ്ങേ. ആർത്തിപ്പണ്ടാരം. മാംഗോഷേക്ക് ഇപ്പം തീർത്തതല്ലേ ഉള്ളൂ.  ? ഞാൻ ഇനി കൊറിക്കാൻ എന്തേലും ഉണ്ടോന്ന് നോക്കാം, പിന്നെ, ഫ്രെഷ് മിന്റ് ലൈം തരാം പോരേ? " 
“മതി...” ഞാൻ ടെറസ്സിലേക് നടന്നു.
ടെറസ്സിൽ ഞങ്ങളുടെ ചെടികൾ ധാരാളം വെള്ളം കുടിച്ച് നിറയെ പൂക്കളുമായി നിൽക്കുന്നു. പുതുതായി പൂവിരിയാൻ തുടങ്ങിയ അഡീനിയത്തിനും പലവർണങ്ങളിൽ പൂവിട്ടുനിൽക്കുന്ന അരിപ്പൂച്ചെടികൾക്കുമിടയിലിട്ടിട്ടുള്ള ചാരുബെഞ്ചിൽ ഞാൻ ഇരുന്നു. മുകളിൽ വലയിൽ പടർന്നു കയറിയ പാഷൻ ഫ്രൂട്ട് വള്ളികൾക്കു താഴെയുള്ള തണലിൽ കുറച്ചു കറുമുറു പലഹാരവും ലൈമുമായി രമ്യയുമെത്തി
"ഇനി പറ. ക്രിസ്മസ് വന്നു? "

ഞാൻ വീണ്ടും പഴയ ഓർമ്മകളിലേക്ക് ഊളിയിട്ടു...
"രാവിലെ ഒരു പത്തു മണിക്ക് അവന്റെ വീട്ടിലെത്താനായിരുന്നു എന്റെ പ്ലാൻ.. അവിടെ തൊട്ടടുത്ത് ഒരു ഒഴിഞ്ഞ ഗ്രൗണ്ട് ഉണ്ടുപോലും അവിടെ പഠിക്കാം, തിരിച്ച് വൈകുന്നേരം റൂമിൽ കൊണ്ട് വിട്ടുതരാം എന്നായിരുന്നു. പറഞ്ഞിരുന്നത്.
9 മണിക്ക് ദേവനഹള്ളി ബസ് സ്റ്റാന്റിൽ നിന്നും അവന്റെ നാടായ ചെന്നരായപട്ടണ യിലേക്കു ബസുണ്ട് അതിന് പോയാൽ ഏകദേശം 10- നോടടുത്ത് അവിടെത്താം എന്ന പ്ലാനിംഗോടെ ഞാൻ, സ്റ്റാൻഡിലെ ഹോട്ടലിൽ നിന് ഇഡ്ഢലി-വടയും കഴിച്ച് 9 മണിക്കുള്ള ബസ് കയറി.ഒഴിവുദിവസമായതു കൊണ്ടാകും   9.30-ന് തന്നെ അവന്റെ നാട്ടിലെത്തി
 ചെന്നരായപട്ടണ ഒരു പക്കാ ഗ്രാമമാണ്. അങ്ങാടി എന്നൊന്നും പറയാൻ പറ്റില്ല. നമ്മുടെ നാട്ടിലെ ഒരു ചെറിയ ചന്ത. ഒഴിവു ദിവസം ആയതു കൊണ്ടാണ് എന്ന് തോന്നുന്നു. ചായക്കടയിലൊക്കെ ആളു കുറവാണ്. എല്ലാവരും വൈകി എഴുന്നേൽക്കുന്നതു കൊണ്ടായിരിക്കും. ഒഴിവു ദിവസത്തിന്റെ അലസത. ‘അവന്റെ വീട്ടുകാരു ചെലപ്പം എന്നെ കണികണ്ടാവുമോ ഇന്നുണരുന്നത് ദൈവമെ !’
 എനിക്ക് പെട്ടെന്നൊരു ചിന്ത.ഏതായാലും കുറച്ചു വൈകിപ്പിച്ച് വെയിലു വീണതിനു ശേഷം പോകാം. ഞാൻ സമീപത്തെ ചായക്കടയിലേക്ക് കയറി. ഒരാഫ് ടീ പറഞ്ഞു. അത് ആസ്വദിച്ചു സമയമെടുത്ത് കുടിച്ചു. അവനെ ഒന്നു വിളിച്ചു നോക്കണോഅല്ലേൽ വേണ്ട, അവന്റെ വീട്ടിലേക്ക് നേരെ പോയേക്കാം. രണ്ടു പ്രാവശ്യം പോയതാണല്ലോ. ഇവിടേന്ന് ഏകദേശം ഒന്നര കിലോമീറ്ററു കാണുമായിരിക്കും. ചായ കുടിച്ച് പതുക്കെ ഇറങ്ങി.. നേരെ കിടക്കുന്ന മൺറോഡിലൂടെ പതുക്കെ നടന്നു. ചുറ്റും മുന്തിരി ത്തോട്ടങ്ങളാണ്. നാട്ടിലേക്ക് പോകുമ്പോ മിക്കവാറും ഇവിടെ വന്ന് നേരിട്ട് പൊട്ടിച്ച് കൊണ്ടുപോകാറാണ് പതിവ്., ഇതവന്റെ കൂട്ടുകാരന്റെ അച്ഛന്റെ തോട്ടമാണത്രേ
"സാർ. നമസ്കാര" എതിരെ വരുന്ന മനുഷ്യൻ എന്നെ കണ്ടു നിന്നു.
. മുനിശാമപ്പയാണല്ലോ, മുനികൃഷ്ണ യുടെ അച്ഛൻ..!

"നമസ്കാര റീ. മുനികൃഷ്ണ മനയല്ലി ഇദാരല്ലാ?' (നമസ്ക്കാരം, മുനികൃഷ്ണ വീട്ടിൽ ഉണ്ടല്ലോ അല്ലേ?)
"അവന് തോട്ടകെ ഹോഗിദെ സാർ. ജൽദി ബർത്താരെ. "(അവൻ തോട്ടത്തിലേക്ക് പോയതാണ് സാർ. വേഗം വരും)
ങ്ങേ.! 10 മണിക്ക് വീട്ടിൽ ഉണ്ടാകും ന്ന് പറഞ്ഞിട്ട്എന്റെ ഞെട്ടൽ കണ്ട് മൂപ്പര് ചിരിച്ചു കൊണ്ട് പറഞ്ഞു "ബർത്താരെ റീ, നമ്മഗെ ഹേളിദാരെ, സാറ് ബർത്താരെ ഇവത്തു, ഗാഡി കലിയക്കെ " (വരും സർഇന്നു സാറു വരും വണ്ടി പഠിയ്ക്കാൻ എന്ന് മോൻ എന്നോട് പറഞ്ഞായിരുന്നു)

ലവനോടു ആരോടും പറയണ്ട എന്ന് പറഞ്ഞിട്ട് വീട്ടിലെല്ലാവരോടും പറഞ്ഞിരിക്കുന്നുഞാൻ എന്തു ചെയ്യണമെന്നറിയാതെ കുറച്ചു നേരം അവിടെ നിന്നു. തിരിച്ചു കടയിലേക്കു നടന്ന്  അവനെ കാത്തു നിക്കണോ?  . ഏകദേശം മുക്കാൽ ഭാഗം നടന്നിരിക്കുന്നു
 "മനെ ഗൊത്തൽവാ... ഹോഗ്ത്തിരാ? സീദാ ഹോഗ് റീ... ഡെഡ് എൻഡ് ഒന്തു ദൊഡ മര ബറുത്തെ, അല്ലി ലെഫ്റ്റ് തകൊളി, മൂറിനെ മനെ" (സാറിന് വീട് അറിയാമല്ലോ അല്ലേ? പോകില്ലേനേരെ പോകുക, റോഡിന്റെ അവസാനം, ഒരു വല്യമരം കാണും, അവിടെ നിന്നും ലെഫ്റ്റിലേക്ക് ...  മൂന്നാമത്തെ വീട് )

"ഗൊത്തു, ഗൊത്തു. നാനേ ഹോഗ്ത്തീനി.(അറിയാം അറിയാം ഞാൻ പൊയ്ക്കോളാം) ഞാൻ സ്നേഹത്തോടെ പറഞ്ഞു
 "അല്ലാന്തരെ ബേടി.നാനു ജൊതെ ബർത്തിനീ. "(അല്ലെങ്കിൽ വേണ്ട, ഞാനും കൂടെ വരാം) വേണ്ടാ എന്ന് പറഞ്ഞെങ്കിലും മൂപ്പര് കൂടെ നടക്കാൻ തുടങ്ങി
എതിരെ വരുന്നവരോടെല്ലാം "നോട് റീ, നമ്മഗൻദു ആപ്പീസർ. കേരളദ്ദവര്.." എന്ന് പറഞ്ഞു കക്ഷി പരിചയപ്പെടുത്തി (എന്റെ മകന്റെ ഓഫീസർ, കേരളക്കാരൻ)
ഞാൻ എല്ലാർക്കും ശരീരം വളച്ച്, നെഞ്ചിൽ കൈ വച്ച് നമസ്കാരം കൊടുത്തു. ഭാഗ്യത്തിന് അവരോടൊന്നും വണ്ടിയോടിക്കാൻ പഠിക്കാൻ വരുവാന്ന് പറയുന്നില്ല. ഉള്ള ബഹുമാനം പോയിക്കിട്ടും.
"നോട് റീ ഇതെല്ലാ നമ് തമ്മൻദു (നോക്കൂ സാർ, ഇതെല്ലാം എന്റെ അനിയന്റേതാ) മുന്തിരിത്തോട്ടങ്ങൾ കഴിഞ്ഞ് ഇപ്പോൾ മൾബെറിയും റാഗിയും യൂക്കാലി മരങ്ങളുമൊക്കെ നിറഞ്ഞ തോട്ടങ്ങളെ ചൂണ്ടിക്കാണിച്ചു മുനിശാമപ്പ പറഞ്ഞു. കക്ഷിയോട് സംസാരിച്ചു സംസാരിച്ച് അവരുടെ വീട് എത്തിയതറിഞ്ഞില്ല. റോഡ് ചെന്ന് കയറുന്നിടത്ത് കുഞ്ഞുകുഞ്ഞു പെട്ടികൾ വച്ച പോലെ ഇഷ്ടിക കൊണ്ടുണ്ടാക്കിയ രണ്ടു മൂന്ന് വീടുകൾ. ചേട്ടാനുജൻമാരുടെ വീടുകളാവും.. റാഗി ഉണക്കാനുള്ളത് വീട്ടിനു മുന്നിൽ കൂട്ടിയിട്ടുണ്ട്.. പശു, ആട്, കോഴി ഒക്കെ വളപ്പിൽ അവിടവിടെയായി കാണാം.
വീട്ടിനു പുറത്ത് കുറച്ചു പിള്ളേര് കളിച്ചു കൊണ്ട് നിൽപുണ്ട്. മുനിയുടെ ഭാര്യ ജയമ്മ, തൊട്ടടുത്ത വീട്ടിലേതാണെന്ന് തോന്നുന്നു കുറച്ചു സ്ത്രീകളുമൊത്തു വേലിക്കൽ എന്തോ പറഞ്ഞ് നിൽപുണ്ട്.

"നോടമ്മ സാറ് ബന്നിദാരെ, ടീ കൊടി, മുനിഗെ ഒന്തു ഫോൺ ആക്കി - സാറ് ഗാഡി കലിയക്കെ ബന്തിദേ ഹേളി ബിടി. (നോക്ക്, സാറ് ' വന്നിരിക്കുന്നു. 'ചായ കൊടുക്ക്, മുനിക്ക് ഫോൺ ചെയ്ത് സാർ വണ്ടി പഠിയ്ക്കാൻ വന്നിട്ടുണ്ട് എന്ന് പറയ്)മുനിശാമപ്പ മരുമകളെ നോക്കി പറഞ്ഞു
ഞാൻ ചമ്മിയ ചിരിയോടെ വെറുതെ നിന്നു. ആരെയും നോക്കാൻ അഭിമാനം അനുവദിക്കുന്നില്ല. ഒരു മാസം മുൻപ് വീട്ടിൽ ആദ്യമായി വന്നപ്പോൾ പരിചയപ്പെട്ടതാണ് ഇവരെയൊക്കെ ..അന്ന് ബഹുമാനത്തോടെ മുനിയുടെ ഓഫീസർ സാറിനെ നോക്കിയവരാണ്. ഇപ്പോൾ ... ഛേ! വരണ്ടായിരുന്നു ... മനസ് വല്ലാതായി

ജയ പെട്ടെന്ന് കസേര തുടച്ച് വിളിച്ചു - "ബന്ത് റീ. കുത്ത് കൊളി, അർദ്ധ ഖണ്ഡെ ഒളകടെ ബർത്താരെ അവരു. ഗാഡി അവരണ്ണൻ മക ഗണേശ തകൊണ്ട് ഹോഗിദാരെ."
(വരൂ സാർ, ഇരിയ്ക്കു.. അവർ അര മണിക്കൂറിനുള്ളിൽ വരും. വണ്ടി അവരുടെ ചേട്ടന്റെ മകൻ ഗണേശ കൊണ്ടുപോയിരിക്കുന്നു )
ഞാൻ കസേരയിൽ മനസ്സില്ലാ മനസ്സോടെ ഇരുന്നു. ഇനി ഇവിടന്ന് രക്ഷപ്പെടാൻ പറ്റില്ല. അവനെ ഫോൺ വിളിച്ചിട്ട് വന്നാൽ മതിയായിരുന്നു.ജയ ഭർത്താവിനെ വിളിച്ച് ഞാൻ വന്ന കാര്യം ഉച്ചത്തിൽ പറയുന്ന കേട്ടു. പിന്നെ ഗണേശിനെ വിളിച്ച് വണ്ടി എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കാനുള്ള കർശന നിർദ്ദേശവും.
ജയമ്മ വലിയൊരു ഗ്ലാസിൽ ചൂടു ചായയുമായെത്തി. സാർ സ്വൽപ തിണ്ടി മാടിത്തിരാ. ചിത്രാന്ന ഇദെ " (സാർ കുറച്ചു പ്രഭാത ഭക്ഷണം കഴിക്കാമോ? ചിത്രാന്ന ഉണ്ട്)
"ബേടാ, ബേട റീ... തിണ്ടി ഈവാഗ ആയത്തു " (വേണ്ട, ബ്രേക്ക് ഫാസ്റ്റ് ഇപ്പൊ കഴിച്ചേ ഉള്ളൂ ) ഞാൻ സ്നേഹത്തോടെ നിരസിച്ചെങ്കിലും ചൂടു ചിത്രാന്നയുടെ ടേസ്റ്റ് എന്റെ നാവിലേ രസമുകുളങ്ങളെ കൊതിപ്പിച്ചുഇവിടുന്നാണ് ചിത്രാന്ന ആദ്യമായി കഴിച്ചതും ഇത്രയും ടേസ്റ്റിയാണെന്ന് അറിയുന്നതും. ഇവരുടെ മഞ്ഞ, ചുവപ്പ്, ബ്രൗൺ കളറിലുള്ള ചോറ് എന്നാണ് കരുതിയിരുന്നത്. ചട്നിയും കൂട്ടി ഇവിടേന്ന് കഴിച്ചതിന്റെ ടേസ്റ്റ് നാവ് ഇപ്പഴും മറന്നിട്ടില്ല.
ഗണേഷ ബൈക്ക് പറപ്പിച്ച് കൊണ്ടുവന്ന് പ്രത്യേക രീതിയിൽ മുറ്റത്ത് ഇട്ട് ഒന്ന് കറക്കി നിറുത്തി എന്നെ നോക്കി, ചിരിച്ചെന്ന് വരുത്തി ഉള്ളിലേക്ക് പോയി. ഒഴിവു ദിവസമായി, വണ്ടി കുറച്ചു സമയം കിട്ടിയപ്പോൾ തിരികെ കൊണ്ടുവരേണ്ടി വന്ന ഈർഷ്യ മുഖത്തുണ്ടെന്നു തോന്നുന്നു

പ്രായത്തിലൊന്നും കുട്ടികളുടെ അടുത്ത് വണ്ടി കൊടുക്കരുത് എന്ന് അവന്റമ്മയോട് പറയണമെന്നുണ്ടായിരുന്നു. "ഇവന്ഗെ ഗാഡി ഓട്സക്കെ ചെനാഗി ബറുത്തെ സാർ "(ഇവന് നല്ലോണം വണ്ടിയോടിക്കാൻ അറിയാം സാർ) എന്ന് അഭിമാനത്തോടെ ജയമ്മ എന്നോട് പറഞ്ഞു.

ടീപോയിൽ കിടന്ന കന്നട മാഗസിൻ പലവുരു വെറുതെ മറിച്ചു നോക്കിയും പുറത്തേക്ക് ദൃഷ്ടി പായിച്ചും ഞാൻ വെറുതെ ഇരുന്നു. പുറത്ത് കളിച്ചിരുന്ന പിള്ളേർ അപ്പുറത്തെ വീട്ടിലേക്ക് പോയിരിക്കുന്നു. തൊടിയിലെ മരച്ചുവട്ടിൽ ചാണകത്തിൽ കുളിച്ച് ഒരു പശു റോഡിനു പുറത്തെ മരക്കാടുകളിലേക്ക് നോക്കി കിടക്കുന്നു. എനിക്ക് മടുത്തു തുടങ്ങിയിരുന്നു. ജയമ്മ വന്നു പറഞ്ഞു - സാർ അവർഗെ ഒന്നു ഫോണാക്കി നോട്റീ. (സാർ, അവർക്ക് ഒന്നു ഫോൺ ചെയ്ത് നോക്കൂ)
അവനെ വിളിച്ചപ്പോൾ അവന്റെ സ്ഥിരം പല്ലവി. "സാർ ബന്തേ ബന്തേ" (സാർ വന്നു... വന്നു.)
അവനങ്ങിനെയാണ് അയ്ദ് നിമിഷ (അഞ്ച് മിനിട്ട്) എന്ന് പറഞ്ഞാൽ അര മണിക്കൂറാണ് കണക്ക്
കുറച്ചു കഴിഞ്ഞ പ്പോഴേക്കും കക്ഷി എത്തി. കൈ നിറയെ കക്കരിക്കായും സപ്പോട്ട തുടങ്ങിയ പഴങ്ങളും പച്ചക്കറികളുമൊക്കെയുണ്ട്
"ഏൻ റീ .., സോറീ സ്വല്പ ലേറ്റായ്തു. ടീ കൊട്ടിദൽവാ"  (സാർകുറച്ചു വൈകി, ചായ തന്നില്ലേ)

"കൊട്ടിദറെ. നിമ്മ കായ്തു കായ്തു സുസ്ഥാഗിതെ "(ചായ കൊടുത്തു. നിങ്ങളെ കാത്തു കാത്തു ക്ഷീണമായി) ജയമ്മ എന്നെ സഹതാപത്തോടെ നോക്കി പറഞ്ഞു.
“ടൈം ഇദിയല്ലാ... ഈവത്തു രജയൽവാ. ഒന്തു ഫുൾ ദിന ഇദെ. തട്റീ  ബർത്തിനീ (സമയുണ്ട്. ഇന്നു അവധിയല്ലെ... ഒരു മുഴുവൻ ദിവസമില്ലേ., ഇപ്പോ വരാം)
സമയം 11.30 കഴിഞ്ഞു. ഉള്ളിലേക്കു പോയ മുനികൃഷ്ണയെ കാണുന്നില്ല. ഉള്ളിൽ അവന്റെ കുഞ്ഞ് കരയുന്നതും പരുക്കൻ സ്വരത്തിൽ അവന്റെ പാട്ടും കേൾക്കാം. ഞാൻ എന്തു ചെയ്യണ മെന്നറിയാതെ ഇരുന്നു. വണ്ടി പഠിക്കാൻ ഉള്ള ഇന്ററസ്റ്റ് എനിക്കു കിട്ടിയപ്പോ പഠിപ്പിക്കാനുള്ളത് അവന് പോയെന്നു തോന്നുന്നു
ജയമ്മ കക്കരിക്കയും പേരയ്ക്കയും മുറിച് ഒരു പ്ലേറ്റിലുമായി വന്നു. "തിന്ന്റീ. നമ്മ തോട്ടദല്ലി ബെളദിരതു." (കഴിക്കു സാർ, ഞങ്ങളുടെ തോട്ടത്തിൽ വിളഞ്ഞതാണ്.) ജയമ്മ സന്തോഷത്തോടെ പ്ലേറ്റ് മുന്നിൽ കൊണ്ടു വെച്ചു
"ബേടറി. തുമ്പ ലേറ്റാഗിതെ, മുനികൃഷ്ണ എല്ലി? ഹോഗു ബേകായ്തു." (വേണ്ട, നല്ലോണം വൈകി, മുനികൃഷ്ണ എവിടെ? എനിക്ക് പോകണമായിരുന്നു.) എനിക്ക് എങ്ങനേലും അവിടന്ന് രക്ഷ പ്പെട്ടാ മതിയെന്നായി. "അവര് സ്നാന മാടക്കെ ഹോഗിദാരെ, തിന്റീ.". (അവര് കുളിക്കാൻ പോയി, കഴിക്കു സാർ ) ജയമ്മ നിർബന്ധിക്കുകയാണ്.ഞാൻ വീണ്ടും വെയ്റ്റിങ്ങിൽ.. അവസാനം കുളി കഴിഞ്ഞ് പുതിയ ഡ്രസ്സിൽ കക്ഷി എത്തി.
“ഏൻറീ, സുസ്താകി ബിട്ടിദിരാ?ഊട്ട മാടി സ്വല്പ റെസ്റ്റ് തകൊണ്ട് ഹോഗാണ. (എന്തേ സാർ, ക്ഷീണിതനായോ, ഭക്ഷണം കഴിച്ച് കുറച്ച് വിശ്രമിച്ചു പോകാം) അവൻ ചിരിക്കുകയാണ്.എനിക്ക് ആകെ പ്രാന്തു പിടിക്കുന്ന പോലെയായി. ഇത്രയും നേരം കാത്ത് കാത്ത്.
"ബേട റീ ഊട്ട- കീട്ടാ ഏനും ബേട. ബന്നീ ഹോഗോണ." (വേണ്ട ഭക്ഷണം ഒന്നും വേണ്ട, വരു നമുക്ക് പോകാം.) എന്റെ ശബ്ദത്തിൽ മടുപ്പും അസ്വസ്ഥതയും കലർന്നു.
"നോട്റീ, ഏൻ ബിസിലു നോടി.. നിമഗോസ്കാര മട്ടൺ ഊട്ട റെഡി മാടിദാരെ "(നോക്കു സാർ, എന്തൊരു വെയിലാണെന്ന് നോക്കു.. നിങ്ങൾക്കായി മട്ടൺ ഭക്ഷണം റെഡിയാക്കിയിട്ടുണ്ട്) അവൻ ചിരിച്ചു കൊണ്ട് പുറത്തെ വെയിലിലേക്കു നോക്കി പറഞ്ഞു.


ഓ, അപ്പോ എല്ലാം പ്ലാൻ ചെയ്തുള്ള പരിപാടിയായിരുന്നു. എന്തു ചെയ്യാം? കുടുങ്ങി. അവൻ പലപ്പോഴും വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിക്കാറുണ്ടായിരുന്നു. എപ്പോഴും ഞാൻ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. അവന്റെ വീട്ടിൽ ചെന്ന രണ്ടു ദിവസവും വൈകുന്നേരം, അതും അപ്രതീക്ഷിതിമായ സന്ദർശനങ്ങൾ! എനിക്കൊരു പാർട്ടി തരാൻ അവർ ഒരു ദിവസം നോക്കി വച്ചു. ഞാൻ തലവെച്ചു കൊടുത്തു. അത്രമാത്രം.എന്തായാലും സ്വാദിഷ്ടമായ സദ്യയായിരുന്നു. മട്ടൺ, ചിക്കൻ തുടങ്ങി അവരുടെ നാടൻ വിഭവങ്ങളും. അവനോടു തോന്നിയ അസ്വസ്ഥതകൾ രുചികരമായ ഭക്ഷണത്തിലൂടെ അലിഞ്ഞു പോയി. സ്നേഹത്തിൽ ചാലിച്ച ഒരു വിരുന്ന്. ഭക്ഷണം കഴിഞ്ഞ്
 കുറച്ചു വിശ്രമിച്ച് ഇറങ്ങാമെന്നായി പ്ലാൻ. വെയിലിന്റെ ചൂട് ഒന്നു കുറഞ്ഞിട്ട്. പക്ഷേ അന്ന് ഭക്ഷണം കഴിക്കൽ മാത്രം നടന്നു.
"ചില ദിവസങ്ങൾ നമ്മൾ എന്ത് പ്ലാൻ ചെയ്താലും നടക്കണമെന്നില്ലല്ലോ.അതങ്ങിനെയുള്ള ഒരു ദിവസമായിരുന്നു. വന്ന പോലെ ബസു കയറി തിരികെ റൂമിലേക്ക്."
"അപ്പോ അന്ന് വണ്ടിയോടിക്കൽ നടന്നില്ലേ?"രമ്യ അത്ഭുതത്തോടെ ചോദിച്ചു.
"ഇല്ലടോ. പിന്നീട് ഒരിക്കലും മുനികൃഷ്ണ യുടെ വണ്ടിയിൽ കേറാനേ പറ്റിയില്ല."
"അയ്യോ എന്ത് പറ്റി?"
ഉച്ചയ്ക്ക് ശേഷം അവർക്ക് വിരുന്നു കാർ വന്നു. ഒഴിവു ദിവസമല്ലേ?. ജയമ്മയുടെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും ആങ്ങളയും ഫാമിലിയും അടക്കം ഒരു ടീം. ഞാൻ സാഹചര്യം മനസ്സിലാക്കി പിന്നെയൊരിക്കലാകാം എന്ന് പറഞ്ഞിറങ്ങി. എന്നെ റൂമിനടുത്താക്കാൻ അവന്റെ അണ്ണന്റെ മകനെ ഏൽപിച്ചെങ്കിലും ഞാൻ സ്നേഹപൂർവം നിരസിച്ച് സ്റ്റാൻറ്റിൽ നിന്നും ബസ് കയറി .അങ്ങനെ നന്നായി പ്ളാൻ ചെയ്ത ഒരു ദിവസം കൊഴിഞ്ഞു വീണു.പിന്നെ അങ്ങോട്ട് കുറെ തിരക്കു പിടിച്ച ദിവസങ്ങൾ.. അടുത്ത മാസം അവസാനമായപ്പോഴേക്കും എനിക്ക് സിറ്റിയിലേക്ക് ട്രാൻസ്ഫറായി.
“ദേവനഹള്ളിക്കാരെ വിട്ട് സിറ്റിയിലേക്ക് .” രമ്യ പൂരിപ്പിച്ചു
. “അതെ,   മധുര മനോഹരമായ ഒരോർമ്മയായി ദേവനഹള്ളി ജീവിതം.”
"അപ്പോ പിന്നെ എങ്ങനെ പഠിച്ചു? പുതിയ കഥാപാത്രം ആരാ?" രമ്യയ്ക്ക് ആകാംക്ഷ.
"ഞാൻ പറഞ്ഞില്ലേ, മുനികൃഷ്ണ കൊളുത്തി വെച്ച ആത്മവിശ്വാസത്തിന്റെ ഒരു തിരി എന്റെ യുള്ളിലുണ്ടായിരുന്നെന്ന്.. ഒരു കൂട്ടുകാരനെയും കൂട്ടി ഒരു സെക്കന്റ് ഹാന്റ് വണ്ടിയെടുത്തു. കുറച്ചു രാത്രികളിലെ പരിശീലനത്തിൽ എളുപ്പത്തിൽ പഠിച്ചു.അത്രേയുള്ളൂ. അതുകൊണ്ട് പൊന്നു മോൾ ഒന്നും നാളേക്ക് മാറ്റിവയ്ക്കാതെ കിട്ടിയ അവസരത്തിൽ തന്നെ ഉപയോഗിക്കുക." ഞാൻ പറഞ്ഞു നിറുത്തി
"ഉത്തരവ് സാർ, നാളെത്തന്നെ തുടങ്ങി. എന്റെ മോട്ടിവേറ്ററും മുനികൃഷ്ണ തന്നെ" രമ്യ ചിരിച്ചു കൊണ്ടു പറഞ്ഞു
" സുദീപേട്ടൻ ലോക് ഡൗൺ തുടങ്ങിയിട്ട് മുനികൃഷ്ണയെ വിളിച്ചാരുന്നോ?"
"ഇല്ല. വിളിച്ചിട്ട് ഇപ്പോ കുറേ മാസങ്ങളായി കാണും. എന്തേ? അവിടെന്നു പോന്നതിനു ശേഷം ദിവസേന എന്നോണമവൻ വിളിച്ചിരുന്നു. പിന്നീടത് കുറഞ്ഞു വന്നു. "
"എന്നാ സുദീപേട്ടൻ ഇപ്പോ വിളിയ്ക്ക്, സുഖ വിവരങ്ങൾ ചോദിയ്ക്ക്, കുടുംബത്തെ ക്കുറിച്ച് ചോദിയ്ക്ക്, ലോക് ഡൗൺ സമയത്ത് എന്തു ചെയ്യുന്നു എന്ന് ചോദിയ്ക്ക്.എന്റെ ഭാര്യ നിങ്ങളെയും കുടുംബത്തെയും അന്വേഷിച്ചു എന്ന് പറയ്... "രമ്യയ്ക്ക് പാവത്തെ വല്ലാതങ്ങ് പിടിച്ചെന്ന് തോന്നുന്നു.

അതെ, വിളിക്കണം. ഇപ്പോഴല്ലാതെ എപ്പോഴാണവനെ പിന്നെ വിളിക്കുക? നല്ല സൗഹൃദങ്ങളെ അങ്ങനെ പെട്ടെന്ന് മരിയ്ക്കാൻ അനുവദിക്കരുത്. ഞാൻ ഫോണിൽ അവന്റെ നമ്പർ ഡയൽ ചെയ്യുമ്പോൾ, രമ്യ ചെടികൾക്ക് വെള്ളമൊഴിക്കാൻ തുടങ്ങിയിരുന്നു. ഏതോ മൂളിപ്പാട്ടും പാടി ഹോസുമായി നീങ്ങുന്ന അവളുടെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു. ആത്മവിശ്വാസത്തിന്റെ പുഞ്ചിരി.

(രാജേഷ് പാവേരിക്കര)