Wednesday, January 30, 2008

നിശാശലഭങ്ങളുടെ കൂടുകള്‍ ..


‘ജബ് സെ തേരെ നെയ്നാ…. തേരി നെയ്‌നോ സേ…ലാഗെ രേ…..’
അലോകിന്റെ പരുക്കന്‍ സ്വരത്തിലുള്ള പാട്ട് കോണിപ്പടി കയറി വരുന്നുണ്ട്.ഏതോ ന്യൂസും കൊണ്ടാണ് വരുന്നതെന്നു തോന്നുന്നു. ഇനി അവന്റെ കഥ പറച്ചിലില്‍ കഴിയുന്നതു വരെ ഒരു പണിയും നടക്കില്ല. റൂം നമ്പര്‍ 225 പെട്ടെന്നു തന്നെ ക്ലീന്‍ ചെയ്യാന്‍ മാനേജര്‍ പറഞ്ഞതാണ്.

“ അരേ തുജേ പതാ ഹെ ക്യാ..? ഭാജുവാലെ ദേവികാ ഹോട്ടല്‍ മേം ഏക് ഖൂന്‍ ഹോ ഗയാ ഹെ.. വൊ ലട്കീ കോയീ വ്യഭിചാരിണീ ഹെ… പിച് ലി കസ്റ്റമര്‍ ഉന് കി ഖൂന്‍ കര്‍ ദിയാ ഹെ…” ( എടാ നീയറിഞ്ഞോ അടുത്തുള്ള ദേവിക ഹോട്ടലില്‍ ഒരു കൊലപാതകം നടന്നിരിക്കുന്നു. ഏതോ വേശ്യയാണത്രേ.. അവരുടെ പഴയ ഏതോ കസ്റ്റമര്‍ ആണത്രേ കൊലപാതകം നടത്തിയത്.)
“ ഈശ്വരാ…ശാന്തി ചേച്ചി…”
കയ്യിലിരുന്ന ക്ലീനര്‍ താഴെ വീണു. ഓര്‍ക്കാപ്പുറത്തൊരടി കിട്ടിയ പോലെ.. ആകെയൊരു തരിപ്പ്..
എടാ നീയിതൊന്ന് ഫിനിഷ് ചെയ്യ് …” അലോകിന് റെ പ്രതികരണത്തിന് കാക്കാതെ , മാനേജരുടെ കണ്ണു വെട്ടിച്ച് ഹോട്ടല്‍ ദേവികയിലേക്ക് പായുമ്പോള്‍ ജോസ് സാര്‍ പോകുന്നതിന് മുന്‍പ് പറഞ്ഞേല്‍പ്പിച്ച വാക്കുകളായിരുന്നു മനസ്സില്‍..

“ …. രണ്ട് മൂന്ന് ദിവസം കൂടുമ്പോള്‍ നീ പോയി അന്വോഷിക്കണം, നിന്റെ സ്വന്തം സഹോദരിയാണെന്ന് കരുതണം. ഞാന്‍ പാലക്കാട്ടെ താമസ സൌകര്യം ശരിയാക്കി പെട്ടെന്ന് വരാം…”

സിക്കുകാരുടെ ഗുരുദ്വാരയും കഴിഞ്ഞ്, മലയാളി ഹോട്ടലായ ‘ജെം’-നപ്പുറത്താണ് ഹോട്ടല്‍ ദേവിക. സെക്കന്തരാബാദിലെ തിരക്കേറിയ മാര്‍ക്കറ്റും , ബസ് സ്ററാന്റും, റെയില്‍വെ സ്റ്റേഷനും കൂടിച്ചേരുന്ന സ്ഥലം. ഹോട്ടലിനു മുന്നില്‍ സാമാന്യം നല്ല തിരക്കുണ്ട്. ചുറ്റും പോലീസുകാരാണ്. ആള്‍ക്കൂട്ടത്തിനിടയിലൂടെ എത്തിച്ചു നോക്കിയപ്പോള്‍ കണ്ടു.ചോരയില്‍ മുങ്ങിയ വെളുത്ത തുണിക്കടിയില്‍ ജീവിതം മുഴുവന്‍ ദുരിതമനുഭവിച്ച ആ മുഖം..അവസാനം അന്ത്യവും ഏററവും മൃഗീയമായി..നാളെ പോയി കാണണമെന്ന് വിചാരിച്ചതായിരുന്നു. ഒരു ദിവസം മുമ്പ് തന്നെ ഈ രൂപത്തില്‍ കാണേണ്ടി വന്നു.

“ ലഗ്ബഗ് ദസ് ബാര്‍ ഗായല്‍ കിയാ ഹെ… (പത്തോളം കുത്തുകളുണ്ടത്രേ…” )
“ ഈ ജനാളു ചാവു ഇലാഗെ ആയ്തുന്തി…” ( ഇവറ്റകളുടെയൊക്കെ മരണം ഇങ്ങനെയൊക്കെ തന്നെ…)
ആള്‍ക്കൂട്ടം അവരുടെ അഭിപ്രായ പ്രകടനം നടത്തുന്നുണ്ട്. ഡയലോഗ് പറയുന്ന മിക്ക മാന്യന്മാരും രാത്രിയായാല്‍ ബസ് സ്ററാന്റിലെ വിലപേശല്‍ സ്ഥലത്തു പോകുന്നവരായിരിക്കും.
“….ഇവരൊക്കെ ഇങ്ങനെ ജനിക്കുന്നവരാണോ..? ഇതിലേക്ക് വലിച്ചെറിയപ്പെട്ടവരല്ലേ,, ? മുംബെയിലും, കൊല്‍ക്കത്തയിലുമെല്ലാം ശാന്തിയെത്തേടി അലഞ്ഞ സമയത്ത് കുറെ പേരെ കണ്ടു.ബാല്യം കഴിഞ്ഞിട്ടില്ലാത്ത കൊച്ചു കുഞ്ഞുങ്ങളെവരെ..കാമുകനും, ഭര്‍ത്താവും എന്തിന് സ്വന്തം മാതാപിതാക്കള്‍ വഴി വില്‍ക്കപ്പെട്ടവര്‍.ആരോഗ്യവും സൌന്ദര്യവും നശിക്കുന്നതുവരെ ഒരു വില്പനചരക്കുപോലെ, അതുകഴിഞ്ഞാല്‍ മാരകരോഗങ്ങളുമായി മരണത്തെ കാത്തിരിക്കുക…സ്ത്രീ വിമോചനക്കാരുടെ ഉണര്‍ത്തുപാട്ടുകള്‍ മാധ്യമങ്ങളിലൂടെ മാത്രം…” ജോസ് സാറിന്റെ ശബ്ദം എവിടെനിന്നോ മുഴങ്ങുന്നുണ്ടോ..?
ഹോട്ടലിലേക്കു തിരിച്ചു നടക്കുമ്പോള്‍ മനസ്സാകെ അസ്വസ്ഥമാണ്. എന്തു ചെയ്യണമെന്നറിയില്ല. ജോസ് സാറിനെ വിളിച്ച് എങ്ങനെ പറയും..? ദു:ഖങ്ങളുടെ പെരുമഴക്കാലം അവസാനിച്ചെന്ന് പറഞ്ഞ് പോയ മനുഷ്യനാണ്. ജീവിതത്തിലെ എല്ലാ തിരിച്ചടികളെയും പ്രതിരോധിച്ച് അവസാനമിപ്പോള്‍…
ഹോട്ടല്‍ ജെമ്മിന് മുന്നിലെത്തിയപ്പോളാണോര്‍ത്തത്, മജീദിക്കയെ കണ്ടുനോക്കാം. ഇവിടെ എന്നെക്കൂടാതെ അദ്ദേഹത്തിന്‍റെ കഥകളറിയാവുന്ന മറ്റൊരാളല്ലേ..? മജീദിക്കയുടെ മുഖം കണ്ടപ്പോഴേ മനസ്സിലായി, വിവരമദ്ദേഹമറിഞ്ഞിട്ടുണ്ട്.
“നീ പോയി കണ്ടോ..?” കണ്ടപ്പോഴേ അദ്ദേഹം ചോദിച്ചു.
“ഉം..”
“ ജോസിന്‍റെ നമ്പറില്ലേ നിന്‍റെ കയ്യില്‍..? അവനെ വിവരമറിയിക്കണ്ടേ..?”
“ എങ്ങനെ പറയണമെന്നറിയില്ലിക്കാ…അടുത്തയാഴ്ച വരാമെന്നു പറഞ്ഞുപോയതാണ്..അപ്പോഴേക്കും..”
“ ഏതായാലും അറിയിക്കേണ്ടേ..? ഹൈദരാബാദിലെ ഏതോ ക്രിമിനലാണ് കൊന്നത്.. ഞാന് രാവിലെ പോയി മാനേജരെ കണ്ടിരുന്നു..”
“….”
“ ശാന്തിയെ കോട്ടി ബസ് സ്റ്റാന്‍റില് നിന്നല്ലേ ജോസ് കണ്ടെടുക്കുന്നത്.. കോട്ടിയില്‍ ഇവന്‍റെ നിയന്ത്രണത്തിലുള്ള കുറച്ചു പെണ്ണുങ്ങളിലൊരാളായിരുന്നത്രേ ശാന്തി. അവളെ ജോസ് സെക്കന്തരാബാദിലേക്ക് കൊണ്ട് വന്നതുമുതല് അവന്‍ അന്വേഷിച്ചു നടക്കുകയായിരുന്നത്രേ.. ഇന്നലെ ഹോട്ടല് ദേവികയില്‍ വന്ന ഒരുത്തി ശാന്തിയെ അവിടെ വച്ച് കണ്ട് അവനെ അറിയിച്ചു. രാത്രിയില്‍ അവന്‍ വന്നവളെ കൊണ്ടുപോകാന്‍ നോക്കിയപ്പോള്‍ അവളെതിര്‍ത്തു. അവസാനമത് കൊലപാതകത്തില്‍ കലാശിച്ചു…”
“ ആ ശവശരീരമിനി്യെന്ത് ചെയ്യും..?”
“ അതു പൊതു ശ്മശാനത്തിലടക്കും.., സമൂ‍ഹത്തിന്റെ കണ്ണില്‍ ഇവരൊക്കെ ഏറ്റെടുക്കാനാരുമില്ലാത്തവരല്ലേ…തെളിവെടുപ്പും അന്വോഷണവുമെല്ലാം പ്രഹസനമാണ്.അവിടെ നില്‍ക്കുന്ന ആ പോലീസുകാരൊക്കെയില്ലേ..എല്ലാം അവന്‍റെയാള്‍ക്കാരാണ്. എന്തു ചെയ്യാം, അവനും അവള്‍ക്കും ജീവിതത്തില്‍ സന്തോഷം പടച്ചവന്‍ വിധിച്ചിട്ടില്ല,… … നീയിന്നിനി ജോലിയ്ക്ക് കയറേണ്ട. ആ അലോകിനേയോ മറ്റോ ജോലിയേല്പിച്ച് സ്വസ്ഥമായി കുറച്ചുനേരം പോയിക്കിടന്നോ.. മനസ്സൊന്നു ശരിയായിക്കഴിഞ്ഞാല്‍ ജോസിനെ വിളിച്ചു പറഞ്ഞേക്ക്.. കുറെ ദു:ഖങ്ങള് അനുഭവിച്ച് മനസ്സുറച്ചതല്ലേ..ഇതു താങ്ങാനുള്ള ശക്തിയും പടച്ച റബ്ബ് അവനു കൊടുത്തോളും..”

ആളുകള്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. തിളക്കുന്ന വെയിലിലും ബസ് സ്റ്റാന്‍റ് ഭാഗത്തുനിന്നും മാര്‍ക്കറ്റ് ഭാഗത്തു നിന്നും ഹോട്ടലിന് മുന്നിലേക്ക് ജനമൊഴുകുകയാണ്. മരിച്ചത് ഇത്തരത്തിലുള്ള ഒരു സ്ത്രീയായതു കൊണ്ടായിരിക്കും. ചിലപ്പോള്‍ ദുരന്തങ്ങളും ചിലര്‍ക്ക് ആഘോഷമാവുന്നു. മജീദിക്ക പറഞ്ഞപോലെ അലോകിനെ ഏല്പിച്ച് റൂമില്‍ പോയി കിടക്കാം. ഇന്നിനി ഒന്നും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

“ തും നെ ദേഖാ ഹെ ക്യാ..? “ അലോകാണ് ( നീ കണ്ടോടാ..? )
“ ഉം …”
“ ആജ് കീ രാത് ബസ് സ്റ്റാന്‍റ് പര്‍ നഹീ ജായേംഗെ.. സഭീ സെക്കന്തരാബാദീ വ്യഭിചാരിണീയോം ഇകടാ ഹോകര്‍ പ്രതിബടന്‍ കര്‍നെവാലെ ഹെ.. ഹം ലോഗ് കമരെ സെഹീ ഉന്‍ സഭീ ലോഗോം കൊ വീക്ഷണ്‍ കര്‍ സക്തെ ഹെ..യെ രാത് ജത്സെ ജല്‍ദ് തൂ ആ..” ( ഇന്ന് രാത്രി ബസ് സ്റ്റാന്‍റില്‍ പോകേണ്ട, സെക്കന്തരാബാദിലെ എല്ലാ വേശ്യകളും ഒന്നിച്ചു ചേര്‍ന്നുള്ള പ്രകടനം ഇന്നുണ്ടാകും..നമ്മുടെ ജനലില്‍ ക്കൂടി എല്ലാവരെയും കാണാം.. ഹെ രാത്രീ…….. നീ പെട്ടെന്നു വാ…)
“അലോക്…!!!“ ശബ്ദം നന്നേയുയര്‍ന്നുപോയി.
അവന്‍ ഞെട്ടി.പെട്ടെന്ന് കതകുചേര്‍ത്തടച്ചു. തൊട്ടടുത്തമുറിയില്‍ താമസക്കാരുണ്ട്.
“ സോറി യാര്‍…തേരാ….തേരെ ഉസ്കെ സാഥ് കോയീ സംബന്ധ് ..”. നിറഞ്ഞ് വന്ന കണ്ണുകള്‍ അവന്‍ കാണാതിരിക്കാന്‍ തലയണയില്‍ മുഖമമര്‍ത്തിക്കിടന്നു.കുറച്ചുകഴിഞ്ഞപ്പോള്‍ അവന്‍റെ പാദപതനശബ്ദം അകന്നുപോകുന്നത് കേട്ടു.മനസ്സാകെ മരവിച്ചുപോയി. ചിന്തകളില് അസ്വസ്ഥതകളുടെ മാറാലകെട്ടുകള്‍ മാത്രം. വകഞ്ഞുമാറ്റുന്തോറും നൂറിരട്ടിയായി പെരുകുകയാണ്.

പുറത്ത് നിന്നും ബസ് സ്റ്റാന്‍റില്‍ നിന്നുള്ള തെലുങ്കിലുള്ള പോക്കറ്റടിക്കാരെ ശ്രദ്ധിക്കാനുള്ള നിര്‍ദ്ദേശം കേള്‍ക്കുന്നുണ്ട്. ജനല്‍ തുറന്നപ്പോള്‍ നഗരത്തിലെ സായാഹ്നം. പുറത്തെ ഉഷ്ണക്കാറ്റിന് ചോരയുടെ ഗന്ധമുണ്ടോ..? പുറത്ത് ജനസമുദ്രമാണ്. സണ്‍ഡെ മാര്‍ക്കറ്റ് സജീവമാകാന്‍ തുടങ്ങുന്നു. അലോക് പറയുന്ന പോലെ അച്ഛനും അമ്മയുമൊഴികെ എന്തും കിട്ടുന്ന മാര്‍ക്കറ്റ്. ജോസ് സാര്‍ ഇവിടെയുണ്ടായിരുന്ന ഞായറാഴ്ചകളില്‍‍ മാര്‍ക്കറ്റിലൂടെ വെറുതെ നടക്കുമായിരുന്നു. ഒന്നും വാങ്ങാനില്ലെങ്കിലും, വെറുതെ വിലപേശി, മീഠാപാനും ചവച്ച്, കഥകള്‍ പറഞ്ഞ്, തിരക്കിലലിഞ്ഞ് നടന്ന കുറെ നല്ല സായാഹ്നങ്ങള്‍… രാത്രി ഹോട്ടല്‍ ജെമ്മില്‍ പഴയ മലയാളഗാനങ്ങളും കേട്ടുകൊണ്ടുള്ള ഭക്ഷണം, ജോസ് സാറിന്‍റെ തമാശ കലര്‍ന്ന ഉപദേശങ്ങള്‍..ജീവിതത്തെ അന്നുവരെ നോക്കി കണ്ടതില്‍ നിന്നൊരു മാറ്റം വന്നത് ജോസ് സാറിന്‍റെ വരവോടുകൂടിയായിരുന്നു.
ജീവിതത്തിലെ ഒറ്റപ്പെടലുകളില്‍ നിന്ന് സെക്കന്തരാബാദിലെ ഹോട്ടലില്‍ റൂംബോയ് ആയതോടെ ജീവിതം ഒന്നുകൂടെ മടുപ്പായി. ഗ്രാമത്തിന്‍റെ നൈര്‍മല്യത്തില്‍ നിന്ന് നഗരത്തിന്‍റെ യാന്ത്രികതയിലേക്കുള്ള മാറ്റം തുടക്കത്തില്‍ തന്നെ ദു:സ്സഹമായി. സദാസമയം തിരക്കേറിയ ഈ നഗരം രാത്രിയില്‍ പോലും ഉണര്‍ന്നിരിക്കുകയാണ്. ഭാഷയായിരുന്നു മറ്റൊരു പ്രശ്നം. തെലുങ്കോ, ഹിന്ദിയോ അറിയാതെ ഒരു രക്ഷയുമില്ല. വീടിനെയും അച്ഛനെയും ഓര്‍ത്തപ്പോള്‍ അതിലും ഭേദം ഇതു തന്നെയാണെന്നു തോന്നി. പെട്ടെന്നു സുഹൃത്തായ അലോക്, ഹോട്ടലിനു മുന്നിലെ കൊച്ചുകട നടത്തുന്ന മലയാളിചേട്ടന്‍, മജീദിക്ക…സംസാരിക്കാന്‍ വിരലിലെണ്ണാവുന്ന കുറച്ചുപേര്‍..പ്രത്യേകിച്ചൊരു ലക് ഷ്യവുമില്ലാതെ ഒഴുകിയിരുന്ന ജീവിതത്തിലേക്ക് എവിടെനിന്നോ ജോസ് സാര്‍ കയറിവന്നു. പിന്നീടദ്ദേഹം അച്ഛനും ചേട്ടനുമെല്ലാമായിമാറുകയായിരുന്നു.

മലയാളി ആയതുകൊണ്ട് റൂം സര്‍വ്വിസിന് മാനേജര്‍ എന്നെ തന്നെ ഏല്പിക്കുകയായിരുന്നു. ആര്‍ക്കും സ്നേഹവും ബഹുമാനവും തോന്നുന്ന സ്വഭാവം..പരിചയപ്പെട്ട് കുറച്ചു സമയം കൊണ്ടു തന്നെ അദ്ദേഹം വേണ്ടപ്പെട്ട ആരോ ആയി മാറി. ട്വിന്‍സിറ്റികള്‍ക്കടുത്തുള്ള മിക്കവാറും എല്ലാ സ്ഥലങ്ങളും അദ്ദേഹത്തിന്‍റെ കൂടെപ്പോയി കണ്ടു. യാത്രകള്‍ക്ക് ദു:ഖങ്ങളെ ഒരു പരിധിവരെ പരിഹരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. ചരിത്രമുറങ്ങിക്കിടക്കുന്ന ഈ നഗരത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെല്ലാം മാറി.
ചാര്‍മിനാറിനുമുന്നിലെ ചവിട്ടുപടികളിലിരുന്നാണദ്ദേഹം സ്വന്തം കഥ പറയുന്നത്. സ്വന്തം കുടുംബക്കാര്‍ തല്ലിക്കെടുത്തിയ ജീവിതകഥ. കണ്ണൂരിലെ പ്രശസ്തമായ കൃസ്ത്യന്‍ കുടുബത്തിലെ പയ്യന് തൊട്ടടുത്ത പാവപ്പെട്ട ഹിന്ദു കുടുംബത്തിലെ പെണ്ണിനോട് പ്രണയം തോന്നിയപ്പോള്‍ സമ്പത്തിന്‍റെയും ജാതിയുടെയും അളവുകോലെടുത്ത്, വാളെടുത്ത് മുന്നില്‍ നിന്നത് അദ്ദേഹത്തിന്‍റെ കുടുംബക്കാരായിരുന്നു.ഒരു തരത്തിലും ഇരുവരെയും അടര്‍ത്തിമാറ്റാന്‍ കഴിയില്ലെന്ന് കണ്ടപ്പോള്‍ തന്ത്രപരമായി കൈകാര്യം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു.
ഗള്‍ഫിലുള്ള അച്ഛന് സുഖമില്ല, നാട്ടിലേക്കു വരണം, പകരം നീ പോകണമെന്ന് വീട്ടുകാര്‍ പറഞ്ഞപ്പോള്‍ അതിലൊരു ചതിയൊളിച്ചിരിക്കുന്നുണ്ടെന്ന് അദ്ദേഹം അറിഞ്ഞില്ല. പ്രശ്നങ്ങള്‍ ഒന്നു തണുക്കുന്നതുവരെ ഇവിടെ നില്‍ക്കുന്നതിലും ഭേദം പുറത്ത് പോയി കുറച്ച് കാശുണ്ടാക്കുന്നതാണ് നല്ലതെന്നദ്ദേഹവും തീരുമാനിച്ചു. ‘ രണ്ടു വറ്ഷം കഴിഞ്ഞ് തിരിച്ചു വരാം, കാത്തിരിക്കണമെന്ന്‘ ശാന്തിയോട് പറഞ്ഞ് പോകുകയായിരുന്നു.
രണ്ടു വറ്ഷം കഴിഞ്ഞു വരാമെന്ന് പറഞ്ഞെങ്കിലും, നാട്ടിലേക്ക് വരാന്‍ വീണ്ടും ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. വന്നപ്പോള്‍ ശാന്തിയുടെ വീട് നിന്നിരുന്നിടത്തൊരു ഹോട്ടല്‍.. അവരെക്കുറിച്ച് അന്വോഷിച്ചപ്പോള്‍ ആര്‍ക്കും നല്ല അഭിപ്രായമുണ്ടായിരുന്നില്ല രണ്ടു മൂന്ന് കൊല്ലം മുമ്പ് മുംബെയില് ഒരു ജോലി ശരിയായിപോയ ശാന്തി പിന്നീട് നാട്ടിലേക്ക് വന്നില്ലത്രേ..അനുജത്തി ആരുടെ കൂടെയോ പോയി..അമ്മ മരിച്ചു പോയി..
കുറെ പണിപ്പെട്ടു അനുജത്തിയെത്തേടിക്കണ്ടെത്താന്‍. ശാന്തിയെക്കുറിച്ച് അന്വോഷിച്ചപ്പോള്‍ അവള്‍ കരയുകയായിരുന്നു. അവളില്‍ നിന്നെന്തെങ്കിലും അറിയാന്‍ നന്നേ പണിപ്പെടേണ്ടി വന്നു.
“വകയിലൊരമ്മാവനാണ് കൊണ്ടുപോയത്..ചേച്ചി പോയ ആദ്യ രണ്ടു മൂന്ന് മാസം കത്തും പൈസയും അയച്ചിരുന്നു, പിന്നീടൊരു വിവരവുമില്ലാതായി. അച്ഛനില്ലാത്ത ഞങ്ങള്‍ക്ക് അന്വേഷിച്ചുപോകാനാരണുള്ളത്..? എല്ലാവരും ചേച്ചിയെ കുറ്റം പറയുന്നു. ചേച്ചിക്കെന്തോ പറ്റിയിട്ടുണ്ടാവും..ചേച്ചിയെ ഓര്‍ത്ത് ദു:ഖിച്ചാണ് അമ്മ മരിച്ചത്..” അവളെ ആശ്വസിപ്പിക്കാന് കുറെ പണിപ്പെട്ടു.
അമ്മാവനെ തേടിപ്പിടിച്ച്, സത്യം പറയിക്കാന് ഭീഷണിപ്പെടുത്തേണ്ടി വന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്. ശാന്തിയെ മുംബെയില്‍ ഏല്‍പ്പിച്ച് കുറച്ചുപൈസയും വാങ്ങി വരികമാത്രമാണത്രേ അയാള്‍ ചെയ്തത്. നാട്ടിലാരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണിയുണ്ടായിരുന്നത്രേ..സകല സങ്കടങ്ങളും അയാളില്‍ തീര്‍ത്തപ്പോള്‍ എല്ലാറ്റിനും പിന്നില്‍ സ്വന്തം വീട്ടുകാരാണെന്ന ഞെട്ടിപ്പിക്കുന്ന സത്യവും അറിയാന്‍ കഴിഞ്ഞു. പിന്നീടൊരു അലച്ചിലായിരുന്നു. കുടുംബവുമായുള്ള എല്ലാബന്ധവുമുപേക്ഷിച്ച് ശാന്തിയെത്തേടിയുള്ള അലച്ചില്‍.
നീണ്ട ഏഴ് വര്‍ഷങ്ങള്‍… മുംബെയിലും, ഡല്‍ഹിയിലും, കൊല്‍ക്കത്തയിലെയുമെല്ലാം തെരുവുകളില്‍ എന്നെങ്കിലും അവളെ കാണാന്‍ പറ്റുമെന്ന ഉറപ്പോടെയുള്ള അലച്ചില്‍… അന്വോഷിക്കാന്‍ കയ്യിലൊരു ഫോട്ടോപോലുമില്ലാഞ്ഞത് അന്വേഷണം ദുഷ്കരമാക്കി. കഴിഞ്ഞമാസമാണ് ഹൈദരാബാദിലെ കോട്ടിസ്റ്റാന്റില്‍ ആളുണ്ടെന്നറിയുന്നത്. ഒരു ഇടപാടുകാരന്‍ മുഖേന പൈസയുറപ്പിച്ച് , ഒരു പതിവുകാരനെപ്പോലെ അവളുടെ അടുത്തെത്തുമ്പോള്‍ അതുവരെ പിടിച്ചു നിര്‍ത്തിയ എല്ലാ ദു:ഖങ്ങളും പെരുമഴയായവിടെ പെയ്തുവീണു. പത്ത് വര്‍ഷങ്ങള്‍.. രണ്ടുപേരുടെയും വറ്റിപ്പോയ കണ്ണീര്‍ വീണ്ടും ഉറവയെടുത്തു.. ഒരു രാത്രി മുഴുവന്‍ കരഞ്ഞു തീര്‍ത്തു. അവള്‍ക്കിന്നു മനുഷ്യരെയെല്ലാം പേടിയാണ്.
“ ദൂരെ നിന്ന് ഒരു പ്രാവശ്യമെങ്കിലും കാണാന്‍ കഴിയണേ എന്ന് ദിവസവും പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ജീവിതം പലരും കടിച്ചുകീറി നശിച്ചുപോയി. ആത്മഹത്യ ചെയ്യാനെന്നു വച്ചാല്‍ മരണം പോലും തോല്‍പ്പിക്കുകയാണ്.. മരിച്ചുപോയെന്നു വിചാരിച്ചു മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സുഖമായി ജീവിക്കണം….” അവളെ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ നന്നേ പണിപ്പെടേണ്ടി വന്നു.
കഥ പറയുമ്പോള്‍ പലപ്പോഴും, കണ്ഠമിടറിയും, കണ്ണുനിറഞ്ഞും അദ്ദേഹം നിര്‍ത്തുകയുണ്ടായി. കഴിഞ്ഞകുറെ ദിവസങ്ങളായി തമാശകളുമായി കൂടെയുണ്ടായിരുന്ന ഈ മനുഷ്യന്‍റെയുള്ളില്‍ ദു:ഖത്തിന്‍റെ ഒരു നെരിപ്പോടുണ്ടായിരുന്നു.
“അരേ യാര്‍.. തുമാരെ പ്രോബ്ലെംസ് അഭീ തക് സോള്‍വ് നഹീ ഹുവാ ക്യാ..? അഭ് ഉസ് തരഫ് ദേഖ്നാ ബംദ് കരോ..ശവ് സുബഹീ നികല് ദിയാ ഗയാ ഹെ.. “ അലോകാണ്. (“എന്താടാ നിന്‍റെ പ്രശ്നങ്ങള് ഇതുവരെയും തീര്‍ന്നില്ലേ..? ഇനി അങ്ങോട്ട് നോക്കേണ്ട, ശവം രാവിലെ തന്നെ കൊണ്ടുപോയി….”)
….മാനേജര്‍ മുജ് സേ, തേരെ ബാരെ മേം പൂഛാ..മേം നെ കഹാ കീ തേരെ തബീയത് ഠീക് നഹീ ഹെ…..മേം ഊപര്‍ ജാതാ ഹും, തും മുഹ് ദോകര്‍ തുരംത് ഊപര്‍ ആ..
( “ പിന്നേ.. നിന്നെ മാനേജര് അന്വേഷിച്ചിരുന്നു., ഞാന് സുഖമില്ലാന്ന് പറഞ്ഞു. നീ മുഖമൊക്കെ കഴുകി മുകളിലേക്ക് വാ..പ്രശ്നമൊക്കെ നമുക്ക് സോള്‍വ് ചെയ്യാം…” ) അവന്‍ മുകളിലേക്ക് പോയി.
ഈ പ്രശ്നം ആര്‍ക്കാണ് സോള്‍വ് ചെയ്യാന്‍ പറ്റുക..? ഡയറിയില്‍ എഴുതി വച്ചിട്ടുള്ള ജോസ് സാറിന്‍റെ നമ്പറുമായി താഴെ ബൂത്തിലേക്ക് നടക്കുമ്പോള്‍ അദ്ദേഹത്തോട് എങ്ങനെയിത് പറയുമെന്നാണ് ഞാനാലോചിക്കുന്നത്….


6 comments:

Unknown said...

vybhicharinikku vere hinidi word ille

siva // ശിവ said...

നന്നായി...

Dile said...

Da nee eee vedanakal mathrame ezhuthukayullo?

Rajesh Paverikkara said...

Dear Readers...

Pls comment here..!!

ദിലീപ് വിശ്വനാഥ് said...

നല്ല കഥ. പക്ഷേ ഒരു അപൂര്‍ണ്ണത തോന്നിച്ചു.

അശോക് കർത്താ said...

നല്ല ആഖ്യാനം. പക്ഷെ ‘കഥ’യിലേക്ക് ഇനിയും ദൂരമുണ്ട്. കഥാപാത്രങ്ങള്‍ അതിന്റെ ശിലയില്‍ ഇരിക്കുന്നതേയുള്ളു. പ്രാണന്‍ ഊതിക്കയറ്റൂ..........