Thursday, January 3, 2008

പങ്കുവയ്ക്കപ്പെടുമ്പോള്‍...

മുക്കില്‍ ബസ്സിറങ്ങുമ്പോള്‍സമയം എട്ടര. വിചാരിച്ചതിലും നേരത്തെ എത്തിയിരിക്കുന്നു. ബസ്സ് പൊടി പറത്തി കടന്നു പോയപ്പോള്‍ പെട്ടെന്നൊരു തുരുത്തില്‍ ഒറ്റപ്പെട്ടതുപോലൊരു പ്രതീതിയാണുണ്ടായത്. ഇപ്പോള്‍ പെട്ടെന്ന് ഇരുട്ടും, തണുപ്പും വരുന്നതു കൊണ്ടാണെന്ന് തോന്നുന്നു, കവലയില്‍ ഒരു മനുഷ്യജീവിപോലുമില്ല. ഞാന്‍ ആഗ്രഹിച്ചതുപോലെ തന്നെ…..! ഈശ്വരമുക്കെന്ന ഈ കുഗ്രാമത്തില്‍ നിന്ന് ഒരു വര്‍‌ഷം മുന്‍‌പ് നാടുവിടുമ്പോഴും ഇതുപോലെ തന്നെയായിരുന്നു. ഇരുട്ടുവീണുറങ്ങുന്ന നാട്ടുവഴിയിലൂടെ വാടകവീട് ലക് ഷ്യമാക്കി നടക്കുമ്പോള്‍ ഭാമയോട് പറയാന്‍ മന:പാഠമാക്കിയിരുന്നവയെല്ലാം മന:സ്സില്‍ നിന്നു മാഞ്ഞ് പോയിരിക്കുന്നല്ലോ..! ഈ നാട്ടില്‍ നിന്നെനിക്കൊരിക്കലും സമാധാനം കിട്ടില്ലെന്നു തോന്നുന്നു.

ഇപ്പോഴും മാറ്റങ്ങളൊന്നുമില്ലാതെ പപ്പേട്ടന്‌റെ റേഷന് കടയും, രാമേട്ടന്റെ ചായക്കടയുമെല്ലാം അതുപോലെ തന്നെയുണ്ട്. പറയത്തക്ക മാറ്റമൊന്നും ഒരു വര്‍‌ഷത്തിനുള്ളില്‍ ഈ ഗ്രാമത്തിന് സംഭവിച്ചിട്ടില്ല. അന്ന് ഭാമയുമായിവിടെ ബസ്സിറങ്ങുമ്പോള്‍ ഒരു പരിചയവുമില്ലാത്ത ഈ കുഗ്രാമത്തില്‍ എന്ത് ജോലി ചെയ്ത് ജീവിക്കുമെന്നായിരുന്നു പേടി. ഇവിടെ ഉണ്ടായിരുന്ന അഞ്ചുമാസങ്ങളും ജീവിതത്തില്‍ അസ്വസ്ഥതകളല്ലാതെ മറ്റൊന്നും തന്നില്ല. പെണ്ണും പിടക്കോഴിയുമൊന്നുമില്ലാത്ത ജീവിതത്തിലേയ്ക്ക് ഓര്‍‌ക്കാപ്പുറത്തുള്ള ഭാമയുടെ തള്ളിക്കയറ്റം ജീവിത ഗതി അപ്പാടെ മാറ്റിമറിച്ചു. ഇവിടെ ജോലിയില്ലാ ജീവിതം ദുസ്സഹമായപ്പോള്‍, പുറം നാട്ടില്‍ പോയി ജോലി അന്വോഷിക്കാന് ബുദ്ധിയുപദേശിച്ചത് സത്യത്തില്‍ ഭാമ തന്നെയായിരുന്നില്ലേ..? അവളെ മറന്നിത്രകാലം…….പരിചയമില്ലാത്ത ഈനാട്ടില്‍ ഇത്ര നാള്‍ അവളെങ്ങനെ പിടിച്ചു നിന്നാവോ..? അന്നിവിടം വിട്ടതിനു ശേഷം ഫോണ് കാള്‍ വഴി പോലും ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാതെ, പെട്ടെന്നീ രാത്രിയില്‍ കടന്നു ചെല്ലുമ്പോള്‍ അവളെങ്ങനെ പ്രതികരിക്കുമാവോ..?

അന്നിവിടെ നിന്ന് ചെന്നെയിലേക്കുള്ള ട്രയിന് യാത്ര.., ജീവിതം കീഴ്മേല്‍ മറിച്ചത് ആ യാത്രയായിരുന്നു. കേരളത്തിലെ അമ്പലങ്ങള്‍ സന്ദര്‍‌ശിച്ച് ജയയും അച്ഛനും തിരിച്ചു പോകാന്‍ ഞാന്‍ കയറിയ കമ്പാര്‍‌ട്ട് മെന്‍റ് തന്നെ തെരെഞ്ഞെടുത്തത് യാദൃശ്ചികം. യാത്രയിലെ സൌഹൃദം അവരുടെ വീട്ടില്‍ കൊണ്ടെത്തിക്കുന്നതും, ജോലി അവരുടെ ഹോട്ടലില്‍ തന്നെയായതും, പിന്നിടത് ജയയുടെ ഭര്‍‌ത്താവു പദവിയിലേയ്ക്കുയര്‍‌ന്നതും…ജീവിതത്തില് ഓര്‍‌ക്കാപ്പുറത്ത് സംഭവിച്ച ഈ മാറ്റങ്ങള്‍ എന്തുകൊണ്ടോ പ്രതിരോധിക്കാന്‍ തോന്നിയില്ല. ജയയുടെ നീണ്ട മിഴികള്‍ അവളിലേയ്ക്ക് വലിച്ചടുപ്പിയ്ക്കുമ്പോള്‍ ഭാമയെവിടെയായിരുന്നു..?

അരികില്‍ ജയ തളര്‌ന്നുറങ്ങുന്ന പല രാത്രികളിലും അങ്ങ് കേരളത്തില് നിന്നുള്ള ഭാമയുടെ നെടുവീര്‍‌പ്പുകള്‍ വന്ന് പൊതിയാന്‍ തുടങ്ങിയത് പിന്നീടായിരുന്നു. ഉറക്കം അകന്നുപോയ കുറെ രാത്രികള്‍..! കേരളത്തിലെ അമ്പലങ്ങള്‍ സന്ദര്‍ശിച്ച് പെട്ടെന്നു വരാമെന്നൊരു കള്ളവും പറഞ്ഞിറങ്ങുമ്പോള്‍ മനസ്സു നിറയെ ഭാ‍മയായിരുന്നു. കുറെയേറെ അമ്പലങ്ങള്‍ സന്ദര്‍ശിച്ചു, പക്ഷെ ഭാമയെ നേരിടാനുള്ള ധൈര്യമിതുവരെ കിട്ടിയിട്ടില്ല. ഇനി ഭാമയോടെന്ത് നുണ പറഞ്ഞ് ജയയുടെ അടുത്തെത്തും..? ഇരു ഭാഗത്തും പറഞ്ഞ് ഫലിപ്പിക്കാന്‍ കുറെ നുണകളുമായി രണ്ടു പെണ്ണുങ്ങള്‍ക്കിടയില്‍ എത്രകാലമിങ്ങനെ തുടരാന്‍ പറ്റുമാവോ..?

അകലെ വാടകവീട് ഒരു പ്രേതഭവനം പോലെ തോന്നിക്കുന്നു. മനസ്സിലെ അസ്വസ്ഥതകള്‍ കാലുകളിലേക്കിറങ്ങി രണ്ടുകാലും മന്ത് ബാധിച്ചവനെപ്പോലെയായിരിക്കുന്നു. വെളുത്ത ചായമടിച്ച ആ കൊച്ചു വിടിനുമുന്‍‌പില്‍ കാലുകള്‍ നിശ്ചലമായി. പൂര്‍‌ണ്ണ നിശ്ശബ്ദതയിലാണ് വീട്, ഒരുപക്ഷെ അവള്‍ ഉറങ്ങിയിട്ടുണ്ടായിരിക്കും.കോളിങ് ബെല്ലിന്‍‌മേല്‍ വിരലമര്‍ത്തുമ്പോള്‍ കൈ വിറയ്ക്കുന്നുണ്ടോ..? മിടിക്കുന്ന ഹൃദയവുമായി നില്‍ക്കെ, തട്ടമിട്ടൊരു മുഖം പുറത്തേയ്ക്കു കണ്ടപ്പോള്‍ ഞെട്ടിപ്പോയി.

“ ഉമ്മറാക്ക ഇവ്ടില്യാലോ..” തട്ടക്കാരി മുഖം മാത്രം പുറത്തേയ്ക്ക് കാണിച്ച് പറഞ്ഞു.
“ ഇവിടെ മുമ്പ് താമസിച്ചിരുന്ന സ്ത്രീ..? “ ശബ്ദം തൊണ്ടയില്‍ നിന്നിറങ്ങി പുറത്ത് വരാന്‍ നന്നേ പണിപ്പെട്ടു.
“ ആ മാപ്പള ഇട്ട് പോയ സ്ത്രീയോ..? അവര് ഇവ് ടെ ഉന്തുവണ്ടീല് പച്ചക്കറി വിറ്റിര്‍ന്ന ആളിന്റെ കൂടെപോയിട്ട് കൊറേ ആയല്ലോ… ഇപ്പോ കെഴ്ക്കെവ്ടോ ആണ്‍ന്ന് തോന്ന്ണൂ..ഇങ്ങളാരാ..? “
പെട്ടെന്നൊരു നിമിഷം ബധിരനും മൂകനുമായപോലെ. വര്‍ത്തമാനകാലത്തേയ്ക്ക് തിരിച്ചുവരാന് കുറച്ചു സമയമെടുത്തു. ആ സ്ത്രിയ്ക്ക് മറുപടി കൊടുക്കാതെ തിരിച്ചു നടക്കുമ്പോള്‍ മനസ്സില്‍ ആഞ്ഞടിച്ചിരുന്ന തിരമാലകളെല്ലാം ശാന്തമായിരിക്കുന്നു. മനസ്സിലിപ്പോള്‍ സന്തോഷമോ സന്താപമോ..? തിരിച്ചറിയാനാവുന്നില്ല. ഇനിയുള്ള ജീവിതം പകുത്തുകൊടുക്കലുകളില്ലാതെ ജയയ്ക്കുമാത്രമായി കൊടുക്കണം.

ഒരു വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും ഭാമപോയി. ജയയോട് ഒരാഴ്ച കഴിഞ്ഞുവരാമെന്ന് പറഞ്ഞ് പോന്നതാണ്.ഇപ്പോള്‍ രണ്‍ടാഴ്ചയാവാറായി , തിരിച്ചു ചെല്ലുമ്പോള്‍ അവളും..? ചിന്തകള്‍ക്ക് വീണ്ടും തീ പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു..

7 comments:

Dile said...

വര്‍ത്തമാന കാലത്തെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നിന്‍റെ കഥയുടെ പ്രാധാന്യം ഏറെ.
വീണ്ടും എഴുതുക..!! നിന്‍റെ സുഹൃത്ത്‌ ദിലീപ്.

കുഞ്ഞായി | kunjai said...

കഥ കൊള്ളാം ,നല്ല അവതരണവും
ഇനിയും എഴുതുക
എല്ലാ ഭാവുകങ്ങളും

ദിലീപ് വിശ്വനാഥ് said...

നല്ല കഥ. ജീവിതം ഇങ്ങനെയൊക്കെത്തന്നെ

മുസാഫിര്‍ said...

ഒരു പാട് കാര്യങ്ങള്‍ ഒരു ചെറിയ കഥയില്‍..
എഴുത്ത് നന്നായിട്ടുണ്ട്.

Unknown said...

valare nannayittundu,ennalum idakkevideyo oru fault vannu. ennalum kollam, wish u all the best
by Ashik

അഭയാര്‍ത്ഥി said...

nalla katha. jeevithagandhi. keep on writing.

PRASANTH said...

aliyaaa.......



Kidilan kada..

oru padu ishtam ayyii...


keep onn writinggg...

prasanth
wishing u a bright future