Monday, November 26, 2007

തലവേദനകള്‍ ഉണ്ടാകുന്നത്

സമയം രണ്ടര കഴിഞ്ഞപ്പോള്‍ രേഖ ബാഗുമെടുത്ത് ഓഫീസില്‍ നിന്നും‍ പുറത്തിറങ്ങി. ‘ മാഷ് വന്നാല്‍ ഞാന്‍ ഡോക്ടറെ കാണാന്‍ ഇറങ്ങി എന്ന്പറയണേ..’ ഏതോ എമര്‍ജന്‍സി മാററര്‍ ടൈപ്പ് ചെയ്യുന്ന സന്ധ്യയെ നോക്കി അവള്‍ പറഞ്ഞു. ‘ ഇന്നും വണ്ടി സര്‍ക്കാരാശുപത്രിയിലേക്ക് തന്നെ വിട്ടോളൂ..’ മോണിറററില്‍ നിന്ന് കണ്ണെടുക്കാതെ സന്ധ്യ വിളിച്ചു പറഞ്ഞു.

ഓഫീസിന്റെ ചില്ലുവാതില്‍ തുറന്ന് പുറത്തിറങ്ങിയത് തിളച്ചവെയിലിലേയ്ക്കാണ്. കുറച്ചുകൂടി വൈകിപോകാമെന്ന് വച്ചാല്‍ വീട്ടിലെത്താന്‍ വൈകും.സാരിയിലെ കീറല്‍ മറച്ച് പിടിച്ചുകൊണ്ട് അവള്‍ ആഞ്ഞ് നടന്നു.വെയിലു കൊള്ളാന്‍ തുടങ്ങിയതോടെ തലവേദന രൂപം പ്രാപിച്ചു വരാന്‍ തുടങ്ങിയിരിക്കുന്നു. തലയുടെ നാനാഭാഗത്തുനിന്നും വേദന നെററിയിലേക്കിറങ്ങുകയാണ്. സന്ധ്യയുടെ കയ്യില്‍ നിന്നും കുട വാങ്ങി വച്ചതായിരുന്നു. ബാഗിലേയ്ക്ക് എടുത്ത് വയ്ക്കാന്‍ മറന്നു.

സര്‍ക്കാരാശുപത്രിയ്ക്ക് മുന്‍പിലൂടെ നടക്കുമ്പോള്‍ കാലുകള്‍ യാന്ത്രികമായി അങ്ങോട്ട് ആനയിക്കുകയാണോ..?. കൊഴിഞ്ഞു വീണ മൂന്നാഴ്ചകളിലും ഈ ഗേററ് വരെ നടന്നാല്‍ മതിയായിരുന്നു.പക്ഷെ, ഇവിടത്തെ മരുന്ന് താല്‍ക്കാലിക ശമനമല്ലേ തരുന്നുള്ളൂ… വേദന പൂര്‍വ്വാധികം ശക്തിയോടെയല്ലേ വരുന്നത്..? ഒരു പക്ഷേ ഡോക്ടറുടെ വീട്ടിലെ പരിശോധനകൊണ്ട് ഭേദമായേക്കാം..പണം ഓര്‍ത്തപ്പോള്‍ ഇതാണ്‍ നല്ലതെന്നു കരുതി..ഇന്നിനി ഏതായാലും സര്‍ക്കാരാശുപത്രി വേണ്ട….

തലവേദന ഒരു വില്ലനായി ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത് രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ്.
" ഏതെങ്കിലും നല്ലൊരു ഡോക്ടറെ കണ്ടൂടെ നിനക്ക് ..?" എന്ന് അമ്മയും കൂട്ടുകാരി സന്ധ്യയും പറയുമ്പോള്‍.."ങ്ഹാ…പോകാം ..” എന്ന് പറഞ്ഞൊഴിയും.. വേദന സഹിക്കാന്‍ കഴിയാതെ വന്നപ്പോളാണ് അയല്ക്കാരി ജോളി പറഞ്ഞ് സര്‍ക്കാരാശുപത്രിയെക്കുറിച്ചറിയുന്നത്. ‘ പരിശോധന ഫീസ് വേണ്ട…, മരുന്നും ഫ്രീയായി കിട്ടും..’ ജോളി പറഞ്ഞു. അവിടെ വളരെ നീണ്ട ക്യൂവായിരുന്നെങ്കിലും, ഡോക്ടറുടെ അതിവേഗ പരിശോധന മൂലം കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല. കണ്ണടച്ചു തുറക്കുന്നതിനു മുന്നേ പരിശോധന തീര്‍ന്നു. നെററിയില്‍ രണ്ടു വിരലുകള്‍ അമര്‍ത്തി, പരസ്പര വിരുദ്ധങ്ങളായ എന്തൊക്കെയോ ചോദ്യങ്ങള്‍ ചോദിച്ചു.പ്രിസ്ക്രിപ്ഷന്‍ പാഡില്‍ എന്തോ എഴുതിത്തന്നു. പരിശോധന തീര്‍ന്നു…! ഡോക്ടറുടെ കുറിപ്പ് താഴെ കൊടുത്തപ്പോള്‍ കുറേ കളര്‍ ഗുളികകള്‍ കിട്ടി.തന്‍റെ തലവേദനയെ വെല്ലാന്‍ ഈ ഗുളികകള്‍ പോരെന്ന് വൈകാതെ മനസ്സിലായി..!

അമ്മയുടെയും സന്ധ്യയുടെയും ശകാരം സഹിക്കാന്‍ വയ്യാതെ പലവട്ടം സ്വകാര്യ ഡോക്ടറെ കാണാനിറങ്ങുമെങ്കിലും വരവും ചെലവും കൂട്ടിയും കുറച്ചും സര്‍ക്കാ‍രാശുപത്രിയ്ക്ക് മുന്‍പിലെത്തുമ്പോള്‍ അങ്ങോട്ട് തന്നെ പോകും. താല്‍ക്കാലിക ശമനമെങ്കില്‍ അത്, പൈസ വേണ്ടല്ലോ..?


നഗര ഹൃദയത്തിലെ ഡി.ടി.പി സെന്ററില്‍ ജോലി നോക്കാന്‍ തുടങ്ങിയിട്ടിപ്പോള്‍ രണ്ടുവര്‍ഷമായി. ഡിഗ്രിയ്ക്ക് കൂടെ പഠിച്ച സന്ധ്യയുടെ അമ്മാവന്‍റേതാണ് സെന്ററ്.കോളേജില്‍ പഠിയ്ക്കുന്നതിനിടെ എല്ലാവരും പഠിക്കുന്നതു കണ്ട് വെറുതെ പഠിച്ചതാണ് കമ്പ്യൂട്ടര്.അതിപ്പോള്‍ ജീവിത വൃത്തിയായി മാറി. ഡിഗ്രിയ്ക്ക് ശേഷം ബി.എഡ്..,ടീച്ചര്‍.. തുടങ്ങിയവയായിരുന്നു സ്വപ്നം.പക്ഷേ……. ………

എതിരെ ചിരിച്ചുല്ലസിച്ചു വരുന്ന കോളേജ് വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ ഹൃദയം പറിഞ്ഞ് പോരുന്നു.താനും ഇതു പോലൊരുനാള്‍…. വിധി അതി ക്രൂരമായാണ്‍ പ്രഹരിച്ചത്…. സ്വപ്നങ്ങളെല്ലാം വേരോടെ പിഴുതെറിയപ്പെട്ടു…അച്ഛന്‍ ഓര്‍ക്കാപ്പുറത്തൊരു ദിവസം അസുഖ മായി കിടപ്പിലായി… നീണ്ട ഹോസ്പിററല്‍ ദിനങ്ങള്‍ക്കൊടുവില്‍ വീട്ടിലെ കട്ടിലില്‍ എന്നെന്നേക്കുമായി…… കടങ്ങളുടെ കുത്തൊഴുക്കില്‍ കൂടെ വയ്യാത്ത അമ്മയും വിദ്യാര്‍ത്ഥികളായ അനുജനും, അനുജത്തിയും… പഠനത്തിന് പൂര്‍ണ്ണവിരാമം.

ശമ്പളം കിട്ടിയാലും അച്ഛന്‍റെയും അമ്മയുടെയും മരുന്ന്, സഹോദരങ്ങളുടെ വിദ്യാഭ്യാസം, മറ്റ് വീട്ടു കാര്യങ്ങള്‍ ഇവയ്ക്ക് ശേഷം ചില്ലി പൈസ പോലും ബാക്കിയുണ്ടാവില്ല. കടത്തിന്‍റെ ഭാഗം കുത്തനെ ഉയരുമ്പോള്‍ എങ്ങനെ നല്ലൊരു സ്വകാര്യഡോക്ടറെ കാണും…? പലപ്പോഴും സന്ധ്യയുടെയും മാഷിന്‍റെയും കയ്യില്‍ നിന്നും കടം വാങ്ങി വേണം ജീവിത സമസ്യ പൂരിപ്പിക്കാന്‍.

ഏതോ വാഹനത്തിന്‍റെ സഡന്‍ ബ്രേക്ക് ചിന്തകളെ വീണ്ടും വര്‍ത്തമാനകാലത്തേക്ക് കൊണ്ട് വന്നു.തല പുറത്തേക്കിട്ട് ഡ്രൈവറ് എന്തൊക്കെയോ തെറികള്‍ പറയുന്നുണ്ട്. ശ്രദ്ധിക്കാതെ നടന്നു. പണ്ട് ആരെങ്കിലും രൂക്ഷമായൊന്നു നോക്കിയാല്‍ കരയുമായിരുന്നു. സാഹചര്യങ്ങളാണ്‍ ഓരോരുത്തരിലും മാററങ്ങള്‍ വരുത്തുന്നതെന്നത് അക്ഷരം പ്രതി ശരിയാണ്.

ദൂരെ നിന്നേ ഡോക്ടറുടെ വീടിനു മുന്നിലെ നീണ്ട ക്യൂ കാണാം. ഇനി എപ്പോള്‍ ഒഴിവാവാനാണാവോ..? സര്‍ക്കാരാശുപത്രിയിലേക്കു തന്നെ പോയാല്‍ മതിയായിരുന്നു. M.B.B.S എന്ന ഡിഗ്രിയ്ക്ക് ജനം പെടാപ്പാടുപെടുന്നതിന്‍റെ പൊരുള്‍ ഇതു തന്നെ.

“ പരിശോധന ഫീസ് 30 രൂപ “ എന്നെഴുതിത്തൂക്കിയ ബോര്‍ഡിനു താഴെ തൂക്കിയിട്ട കടലാസ്സില്‍ സ്വന്തം പേരും കോറിയിട്ട്, കലപിലാ ചിലമ്പുന്ന ജന സമുദ്രത്തിലൊരാളായി ഇരുന്നു. തല മരവിച്ചു പോയിരിക്കുന്നു. തലയിലേതോ രൌദ്ര വേഷം ആടിത്തിമര്‍ക്കുകയാണ്.

“തലവേദന എന്നാണ് തുടങ്ങിയത്..?, പനിയുണ്ടാവാറുണ്ടോ..? , വേറെയെവിടെയെങ്കിലും വേദന..? “ ഡോക്ടറുടെ ചോദ്യങ്ങളുടെ മലവെള്ളപ്പാച്ചിലിന് ഒററ വാക്കുകളില്‍ മറുപടി കൊടുത്തു. സ്റെറതസ്കോപ്പുമായി ഡോക്ടറുടെ കൈ ഒരു സര്‍പ്പത്തെ പോലെ നെഞ്ചിലൂടെ ഇഴയുമ്പോള്‍ ചേതന നശിച്ചവളെപ്പോലെ ഇരുന്നു. ഫീസ് നല്‍കി പുറത്തിറങ്ങുമ്പോള്‍ തലവേദന അതിന്‍റെ അത്യുന്നതങ്ങളില്‍ എത്തിയിരുന്നു.

സന്ധ്യയുടെ കൈയില്‍ നിന്നും വാങ്ങിയ 40 രൂപയില്‍ ഇനി 10 രൂപ മാത്രം ബാക്കി. ഇതുകൊണ്ട് ഒരാഴ്ചയ്ക്കുള്ള മരുന്ന് വാങ്ങാന്‍ കഴിഞ്ഞേക്കും.

നാലു വ്യത്യസ്ത തരം ഗുളികകളുടെ വിലകള്‍ കൂട്ടി മെഡിക്കല്‍ ഷോപ്പിലെ പയ്യന്‍ 72.30 എന്നു പറഞ്ഞപ്പോള്‍ പകച്ചുനിന്ന് പോയി. കൈയിലുള്ള 10 രൂപകൊണ്ട് എത്ര ദിവസത്തേയ്ക്കുള്ള ഗുളിക വാങ്ങാനാവും..? വാങ്ങിയാല്‍ തന്നെ ബാക്കി ദിവസങ്ങളിലേയ്ക്കുളള ഗുളികകള്‍ എങ്ങനെ വാങ്ങും..? “ ഗുളിക എടുക്കേണ്ട..!“ എന്ന് പറഞ്ഞ് മെഡിക്കല്‍ ഷോപ്പില്‍ നിന്നിറങ്ങുമ്പോള്‍ തലയില്‍ സംഹാര താണ്ഡവമാടുന്ന വേദന താനനുഭവിക്കുന്ന വേദനയുടെ ചെറിയൊരംശം പോലുമല്ലെന്നവള്‍ ആദ്യമായി മനസ്സിലാക്കി. സര്‍ക്കാ‍രാശുപത്രിയിലെ കളര്‍ ഗുളികകള്‍ തന്നെയാശ്രയം. സര്‍ക്കാരാശുപത്രിയിലേയ്ക്ക് ആഞ്ഞ് നടക്കുമ്പോള്‍ തന്നെ വേട്ടയാടുന്ന തലവേദനയെക്കുറിച്ചായിരുന്നില്ല അവളുടെ ചിന്ത, തനിക്ക് നഷ്ടപ്പെട്ട 30 രൂപയെക്കുറിച്ചായിരുന്നു…

3 comments:

കുഞ്ഞന്‍ said...

രാജേഷ്...

പാവപ്പെട്ടവരുടെ കഥ ഭംഗിയായി പറയുന്നു കൂടെ അപ്പോത്തിക്കിരിമാര്‍ക്കിട്ടൊരു കുത്തും..!

ദിലീപ് വിശ്വനാഥ് said...

നല്ല കഥ. ദാരിദ്ര്യത്തിന്റെ ഒരു നേര്‍ക്കാഴ്ച.

jp said...

ഇതു കഥയല്ലനിയാ...ജീവിതം
എത്ര സന്ധ്യമാരിങ്ങനെ...