Wednesday, March 25, 2026

കൊൽക്കത്ത വഴി സിക്കിം - Day 3

 

DAY3

കാളീഘട്ടും ഹൗറയും പിന്നെ കുറെ നവോത്ഥാന നായകരും

“To travel is to live” – Hans Christian Andersen

എല്ലാവരും 9 .15 ആവുമ്പോഴേക്കും റെഡിയായി. ഇന്ന് തിങ്കളാഴ്ചയാണ് - ഗാന്ധി ജയന്തിയും. ബ്രേക്ഫാസ്റ് ഇന്നലെ കഴിച്ച സ്ഥലത്തു നിന്ന് ഏതായാലും വേണ്ട എന്ന് തീരുമാനിച്ചിരുന്നു. ഇന്നു കൂടി കൊൽക്കത്ത കറങ്ങണം, ഇന്ന് പോകാൻ ലിസ്റ്റ് ചെയ്ത സ്ഥലങ്ങൾ ആദ്യം കാളിഘട്ട് , പിന്നെ- ടാഗോറും, സ്വാമി വിവേകാനന്ദനും ജനിച്ച സ്ഥലങ്ങൾ, പിന്നെ വേറെ ഏതെങ്കിലും സ്ഥലങ്ങൾ അടുത്തുണ്ടെങ്കിൽ അതും കണ്ട് ഹൗറ ബ്രിഡ്ജ്,  കൂടെ ട്രാം , മെട്രോ കൂടി നോക്കണം . രാത്രി റൂമിനടുത്തു തന്നെ ഉള്ളസീൽഡ” സ്റ്റേഷനിൽ നിന്നാണ്ന്യൂ ജൽപായ്ഗുരി” യിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. രാവിലെ തന്നെ കെയർ ടേക്കർ നെ കണ്ടു കണക്ക് ഒക്കെ സെറ്റിൽ ചെയ്തു . ഏകദേശം 500 രൂപക്കടുത്തെ  റെന്റ് ആയുള്ളൂ !

    കാളിഘട് ലേക്ക് ബസിൽ പോകാമെന്നു തീരുമാനിച്ചു. തൊട്ടടുത്തുള്ള ജംഗ്ഷൻ ലേക്ക് നടന്നു . കുറച്ചു വെയിറ്റ് ചെയ്തപ്പോഴേക്കും നീലയും മഞ്ഞയും വരകളുള്ള കാളിഘട് വഴി പോകുന്ന ബസ് കിട്ടി . തമിഴ്നാട് ബസ് ആണ് ഓർമ്മ വന്നത് . നിറയെ പരമ്പരാഗത വേഷമണിഞ്ഞ ബംഗാളികൾ. കണ്ടക്ടർ കുറെ ടിക്കറ്റ് മുറിച്ചു തന്നുചെറിയ ദൂരമേ ഉണ്ടായിരുന്നുള്ളൂ, പെട്ടെന്നെത്തി. ഇറങ്ങിയപ്പോൾ ആദ്യം ഹോട്ടൽ ആണ് നോക്കിയത്. നല്ല വിശപ്പ്. അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു ഹോട്ടൽ കം- ബേക്കറി കിട്ടി. നാട്ടിലെ പൊരിച്ചപത്തിരിവലിപ്പമുള്ള നാലു പൂരിയും, കിഴങ്ങു കറിയും കഴിച്ചു, കുഴപ്പമില്ല . കടയുടെ പുറത്തിരുന്നു ഒരാൾ പൂരിക്ക് പരത്തുന്നുണ്ട്. കൂടുതൽ ആവശ്യക്കാർ പൂരിക്കാനെന്നു തോന്നുന്നു.  പുറത്തിറങ്ങി കാളിഘട് സൈഡ് ലേക്ക് നടന്നു.

   ചെറിയ റോഡും കച്ചവടക്കാരുടെ തിരക്കും ഉള്ള സ്ഥലത്തു, റോഡ് പണിയും മഴയും കൂടി ഉള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ദുര്ഗ പൂജ വരുന്നതിന്റെ തിരക്ക് കൂടി ഉണ്ട്. പൂജ ചെയ്യണോ? എന്ന് ചോദിച്ചു പാത്രത്തിൽ ചെമ്പരത്തി പൂവുമായി കുറെപേര് സമീപിക്കുന്നുണ്ട്. ദേവിക്ക് ഇഷ്ടപെട്ട പൂജാപുഷ്പം ചെമ്പരത്തിയാണെന്ന് തോന്നുന്നു. ഭിക്ഷക്കാരും, സൈക്കിൾ റിക്ഷക്കാരും നാട്ടുകാരും, കന്നുകാലികളും, അമ്പലത്തിലേക്ക് വരുന്നവരും, മഴയും കൂടി ഒരു കൂട്ടപ്പൊരിച്ചിൽ.  അമ്പലത്തിലേക്ക് കയറാൻ പറ്റില്ല എന്ന് മനസ്സിലായി. അത്രയ്ക്ക് തിരക്കാണ്.


  കാളിഘട് നെ ചുറ്റിപറ്റിയാണ് കൊൽക്കത്ത വളർന്നതത്രേ, മമത ബാനർജി യുടെ ജന്മസ്ഥലമാണിത്. 51 ശക്തിപീഠങ്ങളിൽ ഒന്നായ ഇവിടെ സതി ദേവിയുടെ വലതുകാലിന്റെ വിരലുകൾ വീണുവെന്നാണ് വിശ്വാസം. ദക്ഷയാഗത്തിനുശേഷം ശിവൻ സതിയുടെ മൃതദേഹവുമായി താണ്ഡവ നൃത്തം ചെയ്തപ്പോൾ, വിഷ്ണു സുദർശന ചക്രം കൊണ്ട് മൃതദേഹം 51 കഷണങ്ങളാക്കിയെന്നും, അതിൽ വലതുകാൽ വിരലുകൾ വീണ സ്ഥലമാണ് കാളിഘട്ട് എന്നും വിശ്വസിക്കപ്പെടുന്നു.കൊൽക്കത്തയുടെ പേര് തന്നെ കാളിഘട്ടിൽ നിന്നാണ് ഉത്ഭവിച്ചത്. പ്രതിദിനം ആയിരക്കണക്കിന് ഭക്തർ എത്തുന്ന ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണിത്.        

  നോർത്ത് കൊൽക്കൊട്ടയിൽ പ്രസിദ്ധമായ മറ്റൊരു കാളി ക്ഷേത്രം കൂടി ഉണ്ട്. ശ്രി.സന്തോഷ് ജോർജ് കുളങ്ങരയുടെ ട്രാവൽ ബ്ലോഗ് ഡീറ്റൈൽഡ് ആയ വിവരണം ഉണ്ട്.  ദക്ഷിണേശ്വർ കാളി ക്ഷേത്രം (Dakshineswar Kali Temple) 1855- നിർമ്മിച്ചത് ജന്മി കുടുംബാംഗമായിരുന്ന റാണി റാഷ്മോണി (Rani Rashmoni) ആണ്. ഹൂഗ്ലി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഭവതാരണി കാളിക്കായി സമർപ്പിക്കപ്പെട്ടതാണ്. ശ്രീരാമകൃഷ്ണ പരമഹംസർ പൂജാരിയായിരുന്ന ക്ഷേത്രം റാണി റാഷ്മോണിയുടെ അതീവ ഭക്തിയുടെ പ്രതീകമാണ്.  12 ഗോപുരങ്ങളുള്ള മനോഹരമായ ക്ഷേത്രവാസ്തുവിദ്യയാണിത്. ഇനി കൊൽക്കത്തയിൽ പോണുണ്ടേൽ തീർച്ചയായും ഇവിടെ പോണം.

 കാളിമായുടെ മുറത്തിൽ ആലേഖനം ചെയ്ത ചിത്രം കാളിഘട് ന്റെ ഓർമ്മക്കായി വാങ്ങി. നേരെ രബീന്ദ്ര സദനം കാണാൻ പോകാൻ തീരുമാനിച്ചു. ചെറിയ ഇടവഴികളിലൂടെ നടക്കുമ്പോൾ സാധരണക്കാരായ ബംഗാളികൾ വസിക്കുന്ന ഏരിയ ആണെന്ന് മനസ്സിലായി. പരമ്പരാഗത ബംഗാളി വസ്ത്രങ്ങൾ ധരിച്ച വരാണ് അധികവും. കൂടുതലും വലിക്കുന്ന റിക്ഷാവണ്ടികളും. "ഇത് പോലെയുള്ള സ്ഥലത്തു, അല്ലെങ്കിൽ പക്കാ നാട്ടിൻ പുറത്തു കുറച്ചു ദിവസം താമസിക്കണം എന്നാലെ നാടിനെ കുറിച്ചുള്ള യഥാർത്ഥ ചിത്രം കിട്ടൂ. ഇവരിലൊരാളായി, ഇവരോടൊപ്പം കുറച്ചു ദിവസം ജീവിക്കണം, അല്ലാതെ ഒന്ന് കണ്ടു, ഫോട്ടോ എടുത്തു അടുത്ത സ്ഥലത്തേക്ക് പോവൽ- ഞാൻ നടക്കുന്നതിനിടയിൽ ചിന്തിച്ചു.

"ഇത് നമ്മുടെ ഫസ്റ്റ് ലെവൽ,നെക്സ്റ്റ് ലെവൽ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കണം " ഞാൻ ഉറക്കെ പറഞ്ഞു.

"സെറ്റ്" പ്രശാന്ത് ആണ്. ആശാൻ എന്തിനും റെഡിയാണ്.

  മെട്രോ സ്റ്റേഷൻ ലേക്ക് പോയി അവിടെന്നു രബീന്ദ്ര സദൻ ലേക്ക് പോകാൻ തീരുമാനിച്ചു.സ്റ്റേഷനിൽ എത്തി, ട്രെയിൻ വരാൻ കാത്തു നിൽക്കെ, ബംഗാളിയിൽ എഴുതി വച്ച ബോർഡ് വായിക്കാൻ വെറുതെ ശ്രമിച്ചു. ഹിന്ദി അക്ഷരങ്ങൾ ഒന്ന് മോഡേൺ ആക്കിയ പോലെയുള്ള വ്യത്യാസമേ അധികം അക്ഷരങ്ങൾക്കും ഉള്ളു.   ഇറങ്ങേണ്ട സ്റ്റേഷൻ ചോദിച്ചു മനസ്സിലാക്കി അവസാനം ഒരു സ്റ്റേഷനിൽ ഇറങ്ങി. അവിടെ ഇറങ്ങി ചോദിക്കുമ്പോൾ പലരും പലരീതിയിലാണ് പറയുന്നത്. ഏകദേശം ധാരണവച്ച് രബീന്ദ്ര സദൻ എത്തിയപ്പോൾതിങ്കളാഴ്ച അവധി!’ അടഞ്ഞു കിടക്കുന്ന ഗേറ്റ് നു മുന്നിൽ നിൽക്കുമ്പോൾ കഷ്ടപ്പെട്ട് സ്ഥലം ചോദിച്ചറിഞ്ഞു യുബർ പിടിച്ചു എത്തിയത് ഒരു കൾചറൽ സെന്റർ ആണെന് മനസ്സിലായി കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ ഒക്കെ നടക്കുന്ന സ്ഥലം -തിയേറ്റർ കോംപ്ലക്സ്. ഏതായാലും വന്നതല്ലേ ടാഗോർ ന്റെ ജനിച്ച സ്ഥലം കണ്ടു പോവാം എന്ന് പറഞ്ഞു ഞങ്ങൾ നെറ്റിൽ പരാതിയപ്പോൾ ടാഗോർ ന്റെ ജന്മസ്ഥലം ഇപ്പൊ ഒരു യൂണിവേഴ്സിറ്റി ആണെന്ന് മനസ്സിലായി. യൂബർ പിടിച്ചു നേരെ അങ്ങോട്ട് വിട്ടു.

'ജോറാസങ്കോ താക്കൂർ ബാരി ' ടാഗോർ ഫാമിലി യുടെ തറവാട്  ഇന്ന് രബീന്ദ്ര ഭാരതി വിശ്വ വിദ്യാലയ . അവിടെയും തിങ്കൾ ഒഴിവാണ് . അവിടെ കണ്ട ഇൻചാർജ് എന്ന് തോന്നിക്കുന്ന ആളോട് കുറെ കെഞ്ചി പറഞ്ഞു നോക്കി . “ഞങ്ങൾ ഇതിനായി കേരളത്തിൽ നിന്ന് വരുന്നതാണ് , ഉള്ളിലേക്ക് കടത്തിവിട്ടാൽ 15 മിനിട്ടിനുള്ളിൽ തിരിച്ചിറങ്ങാം” എന്നൊക്കെ. പക്ഷെ നടന്നില്ല . “നിങ്ങൾ ഇന്ന് എവിടെങ്കിലും നിന്ന് നാളെ വരൂ, എന്റെ നിയന്ത്രണത്തിൽ   ഇല്ലാത്ത കാര്യമാണ്” എന്ന് പറഞ്ഞു ആശാൻ ഒഴിവായി. അതും ഗേറ്റ്-ൽ നിന്ന് കണ്ടു പോന്നു.ഇന്നത്തെ മൊത്തം കുളമാണല്ലോ? എന്നാലും ആദ്യ ഏഷ്യൻ നോബൽ സമ്മാന ജേതാവ് ജനിച്ച വീട് (ഇപ്പോൾ റിസേർച് യൂണിവേഴ്സിറ്റി) ആവേശത്തോടെ നോക്കി നിന്നുഇനി ഏതാ കാണാനുള്ള സ്ഥലം -മൺഡേ ഹോളിഡേ ഉള്ളത്?” ഹക്കീമാണ്.  “ഇനി സ്വാമി വിവേകാനന്ദൻ ജനിച്ച സ്ഥലമാണ്. അതും ഇങ്ങനെ ആണെങ്കിൽ ഗേറ്റിൽ നിന്ന് കാണാം” ബിനോയ് പൂരിപ്പിച്ചു .          

അപ്പോഴാണ് ഞങ്ങൾക്ക് ഇന്നത്തെ ലിസ്റ്റിൽ കൊൽക്കത്ത ട്രാം (LRT - Light Rail Transit) കയറലും ഉണ്ടല്ലോ എന്ന ഓർമ്മ വന്നത്.സാധാരണ ബസ്സും കാറുമൊക്കെ ഓടുന്ന റോഡിൽ കൂടെ ഓടുന്ന ചെറിയ ട്രെയിൻ. അതാണ് ട്രാം. ഇന്ന് ഇന്ത്യയിൽ കൊൽക്കത്തയിൽ മാത്രമാണ് ട്രാം സിസ്റ്റം നിലവിലുള്ളത് . ഇവിടെ വന്നിട്ട് അത് കണ്ടില്ലാ, കയറിയില്ല എന്ന് വച്ചാൽ?  ഞങ്ങൾ ട്രാം സർവീസ് ഉള്ള റൂട്ട് അന്വേഷിച്ചപ്പോൾ അവിടെ നിന്നും നടക്കാനുള്ള ദൂരത്തിലാണുള്ളത്. എന്നാ പിന്നെ നടക്കാമെന്നായി. റോഡരികിൽ ഓപ്പൺ ബാർബർ ഷോപ് കണ്ടു. കരിങ്കല്ല് ഇരിപ്പിടമാക്കി ഒരാൾ ഷേവിങ്ങ് ക്രീം പതപ്പിച്ചു കസ്റ്റമർ നെ ഷേവ് ചെയ്യാൻ ഇരുത്തിയിരിക്കുന്നു. നമ്മുടെ നാട്ടിലൊക്കെ ഇപ്പൊ ഇങ്ങനെ കാണാൻ പറ്റുമോ? പഴമയും പുതുമയും ഇടകലർന്ന നാട്!പോകുന്ന വഴിക്കു ഒരു ബംഗാളി ചേട്ടന്റെ കടയിൽ നിന്ന് മുസംബി ജ്യൂസ് ഉം കുടിച്ചു നടന്നു.

 കൊൽക്കത്ത ട്രാംവേ കമ്പനി (CTC) യുടെ കീഴിൽ ഉള്ള ട്രാം ട്രെയിൻ സർവീസ്, CTC മെർജ് ആയ ശേഷം WBTC (West Bengal Transport Corp ) നു കീഴിലാണ്. 1902 ഏഷ്യയിലെ ആദ്യത്തെ electrified ലൈൻ  ആയ കൊൽക്കത്ത ട്രാം സർവീസ് , പുതിയ കാലത്തു അധികാര കേന്ദ്രങ്ങളുടെ ശ്രദ്ധയില്ലായ്മ കാരണം വേണ്ടത്ര റിപ്പയർ  ഇല്ലാതെ രണ്ടു ലൈൻ (സർവീസ് ഏരിയ) ആയി ചുരുങ്ങിയിട്ടുണ്ട് . അത് തന്നെ വല്ലപ്പോഴും ഓടിയാലായി എന്ന നിലയിലാണ് . സാധാരണ ബസും മറ്റുവെഹിക്കിളും ഓടുന്ന റോഡിൽ കുഞ്ഞൻ ട്രെയിൻ ഓടാനായി ഉള്ള   പ്രത്യേക വഴി ഞങ്ങൾ ആകാംഷയോടെ നോക്കി നിന്നു. അവിടെ ഒരു ട്രെയിൻ വന്നു നിർത്തി അതിൽ കയറി രണ്ടു സ്റ്റേഷൻ അപ്പുറത്തു ഇറങ്ങാൻ. “നിങ്ങള്ക്ക് ഭാഗ്യം ഉണ്ടേൽ വരും” സ്റ്റോപ്പിൽ ഉണ്ടായിരുന്ന ഒരു ബംഗാളി ബാബു പറഞ്ഞു. പക്ഷെ ഭാഗ്യം ഉണ്ടായില്ല. അതിനിടയിൽ ഷമീർ ദൂരെ ട്രാം ഓടുന്നത് കണ്ടു എന്ന് പറഞ്ഞു. "ഒരു മിന്നായം പോലെ". തള്ളിയതായിരിക്കും എന്ന് പറഞ്ഞു ലവനെ ട്രോളി. കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ അവിടെ കണ്ട ഒരു ടാക്സി വിളിച്ചു വിവേകാനന്ദ സ്വാമികളുടെ ജന്മഗൃഹം കാണാൻ പോയി.

 സാധാരണ ഒരു മാർക്കറ്റ് നടുത്തുള്ള ഒരു രണ്ടു നില വീട്. അതാണ് രാമകൃഷ്ണ മിഷൻ - സ്വാമി വിവേകാന്ദ കൾചറൽ സെന്റർ. ഒരു മ്യുസിയം ആണ്. ഇന്ന് തിങ്കളാഴ്ച അവധിയിൽ ഇതും പെടും . ഞങ്ങൾ വീണ്ടും സങ്കടത്തിലായി. ജസ്റ്റ് ഓപ്പോസിറ് ഒരു ബിരിയാണി കട,. ചിക്കൻ ബിരിയാണി ചൂടോടെ ഇരിക്കുന്നു ഞങ്ങളെ ആറു പേരെ കണ്ട കടയുടമ 6 ബിരിയാണി പിടിപ്പിക്കാമെന്ന ഉദ്ദേശത്തോടെയാണെന്നു തോന്നുന്നു, സഹായിക്കാമെന്നേറ്റു. കക്ഷി പറഞ്ഞു ഉള്ളിൽ കേറ്റാം എന്ന്. ഞങ്ങൾക്ക് ബിരിയാണിയോടത്ര കമ്പം തോന്നിയില്ല. കക്ഷി യുടെ ഹെല്പ് ഇല്ലാതെ ഒന്ന് ട്രൈ ചെയ്യാമെന്നായി. കുറച്ചു സന്ദർശകർ ഉള്ളിൽ കയറുന്നതിനോടൊപ്പം ഞങ്ങളും ഉള്ളിൽ കയറി പെട്ടെന്നിറങ്ങി. ലോക പ്രശസ്ത ചിന്തകനും പ്രസംഗികനുമായ ഒരാളുടെ സ്മൃതി മണ്ഡപം ഇത്തരത്തിൽ വലിയ ശ്രദ്ധയില്ലാതെ ഒരു സാധാരണ സ്ഥലത്തു നിലകൊള്ളുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.

 തിരിച്ചിറങ്ങിയപ്പോൾ ബിരിയാണി കടയിൽ നല്ല തിരക്കുണ്ട്. ഞങ്ങൾക്ക് അത്ര വിശപ്പില്ല. പിന്നെ ഹൗറ ബ്രിഡ്ജ് കാണുന്നതിന് മുൻപ് ഒരു ലൊക്കേഷൻ കൂടി കാണാൻ പ്ലാനായി - നിക്കോ പാർക്ക്. അവിടെന്നും യൂബർ പിടിച്ചു, ഏകദേശം രണ്ടര മണിക്ക് അവിടെയെത്തി.  കഴിച്ചിട്ട് കയറാൻ നോക്കുമ്പോൾ നല്ല ഹോട്ടൽ ഇല്ല. പാർക്കിനടുത്തുള്ള സാധാരണ തട്ടുകടകൾ മാത്രം. പ്രവേശനകവാടത്തിനടുത്തുള്ള ഒരു ബംഗാളി ആന്റി യുടെ തട്ടുകടയിൽ നിന്നും ബ്രഡ് ഓംലെറ്റും, എഗ്ഗ് മിക്സ് ചെയ്ത മാഗിയും ചായയും കഴിച്ചു. വാട്ടർ തീം പാർക്ക് ആണ്. റൈഡ് കളിലും വെള്ളത്തിലും ഒന്നും ഇറങ്ങാതെ ജസ്റ്റ് ഒന്ന് ചുറ്റിയടിച്ചു പോകാനേ നേരമുള്ളൂ. എൻട്രി ഫീ അതിനനുസരിച്ചു സെലക്ട് ചെയ്തു കൊടുത്തു . ചെറിയ ട്രെയിനിൽ കയറി പാർക്ക്ൽ ഒന്ന് ചുറ്റിയടിച്ചു . ഫ്രീ ആയി കയറാവുന്നതിൽ ഒക്കെ കയറി ഇറങ്ങി വേഗം പുറത്തു കടന്നു. കുഴപ്പില്ലാത്ത പാർക്ക് ആണ് അത്യാവശ്യം വലിയ വാട്ടർ പൂൾ ഒക്കെയുണ്ട്.   കുറേ സ്ഥലത്തു വെറുതെ വെയിറ്റ് ചെയ്തതൊഴിവാക്കി നേരത്തെ ഇവിടേയ്ക്ക് വന്നാൽ മതിയായിരുന്നു. ഏതായാലും ഇനി താമസിപ്പിക്കാതെ ഹൗറ പിടിക്കാം എന്നായി. വൈകുന്നേരം ട്രെയിൻ ലേറ്റ് ആവാതെ നോക്കണം.  ഇന്ന് കുറെ അലച്ചിലും മിസ്സിംഗും ഒക്കെ ആയി ചെറിയ മടുപ്പൊക്കെ തോന്നിത്തുടങ്ങിയിരുന്നു ചിലർക്കൊക്കെ.   ഹൗറ കാണാൻ അവിടെന്നു യുബർ വിളിച്ചു . മഴച്ചാറൽ ഉണ്ട്. 

 കൊൽക്കത്ത - ഹൗറ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചു ഹൂഗ്ലി നദിക്കു കുറുകെ 705 മീറ്റർ നീളത്തിലുള്ള പഴയ കാല അത്ഭുത നിര്മിതിയായ കാൻറി ലിവർ ബ്രിഡ്ജ്. ഇടയിൽ പില്ലറുകളൊന്നും ഇല്ലാതെ, ഇത്രയും നീളത്തിൽ മദി ച്ചൊഴുകുന്ന നദിക്കു മുകളിൽ ഇരുനഗരങ്ങളെയും ചേർത്തുപിടിച്ചു നീണ്ടു നിവർന്നു കിടക്കുന്നു. തൊട്ടടുത്തായി സദാ സമയവും തിരക്ക് പിടിച്ച ഹൗറ സ്റ്റേഷൻ. സ്റ്റേഷനും മാർക്കറ്റും ജനത്തിരക്കാണ് .  മഴ പെയ്തു പോയതുകൊണ്ട് വെള്ളവും ചെളിയുമാണ് എല്ലായിടവും . ഞങ്ങൾക്ക് ഹൂഗ്ലി നദിയിലൂടെ ഹൗറ ബ്രിഡ്‌ജും കണ്ടു ബോട്ട് യാത്ര ചെയ്യേണ്ടതുണ്ട് . തിരക്കിനിടയിലൂടെ ടിക്കറ്റ് കൌണ്ടർ നടുത്തേക്കു നടന്നു. നിറുത്തിയിട്ട ഒരു ബോട്ട് പെട്ടെന്ന് പോകുമെന്നാരോ  പറയുന്നുണ്ട് . കൌണ്ടറിനടുത്തു തിക്കും തിരക്കുമാണ്. ജോലി കഴിഞ്ഞു പോകുന്നവരും പർച്ചെസിങ്നു വന്നവരുമൊക്കെയുണ്ട്. ഞങ്ങൾ വേഗം ഓടിക്കയറി. നാലഞ്ചു വരികളിലായി ഉള്ള ബഞ്ച് പോലുള്ള ഇരിപ്പിടത്തിൽ ഇരിക്കാം . കൂടുതൽ പേരും ബോട്ട്ന്റെ കൈവരിയിൽ പിടിച്ചു പുറത്ത് ഹൂഗ്ലി നദിയിലേക്കു നോക്കി വൈകുന്നേരത്തെ മനോഹരമായ കാഴ്ച കണ്ടു നിൽപ്പാണ്‌.

  1936 നിർമ്മാണം തുടങ്ങി 1943 ലാണ് ഇത് ഉപയോഗത്തിനായി തുറന്നു കൊടുക്കുന്നത്. 1965 രബീന്ദ്ര സേതു’ എന്ന പേരിൽ അറിയപ്പെട്ടു . ഇന്ന് ലോകത്തിലെ 6th കാന്റി ലിവർ ബ്രിഡ്ജ് ആണിത്.കൊള്ളാം, ഇന്നത്തെ ദിവസത്തെ മിസ്സിംഗ് ഇവിടെ ഏകദേശം റെഡിയായിരിക്കുന്നു”. ഞങ്ങൾ പരസ്പരം പറഞ്ഞു. പഴയ കാലത്തെ ഈ അത്ഭുത നിര്മിതിയെ ബോട്ടിൽ നിന്ന്, പല ആംഗിളിൽ നിന്ന് എത്ര മൊബൈലെക്കു      പകർത്തിയിട്ടും മതിയാവുന്നില്ല.

ബോട്ട് പാലത്തിനു താഴെകൂടി ആണ് പോകുന്നതു. ഒന്ന് രണ്ടു സ്റ്റോപ്പ് നിറുത്തി അവിടെ ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്തു. ബോട്ട് ലെ ലെമൺ ടീ ക്കാരന്റെ കയ്യിൽ നിന്നും ടി കുടിച്ചു ലാസ്റ്റ്  പോയിന്റിൽ നിന്നും ഞങ്ങൾ തിരിച്ചു ഹൗറ സ്റ്റേഷൻ ലേക്ക് ടിക്കറ്റ് എടുത്തു തിരിച്ചു പോന്നു.

സ്റ്റേഷൻ മുന്നിലൂടെ വൃത്തി ഹീനമായ മാർക്കറ്റിലൂടെ ഞങ്ങൾ ഹൗറ ബ്രിഡ്ജ്നു മുകളിലൂടെ, അതിനെ തൊട്ടു നോക്കിനടന്നു. വഴി നീളെ പലതരം പച്ചക്കറികളും പഴങ്ങളും വില്പന നടത്തുന്നവരാണ്. ബ്രിഡ്ജ് കഴിഞ്ഞപ്പോൾ മറ്റൊരു മാർക്കറ്റ്ലേക്കെത്തി എല്ലാത്തരം സാധനങ്ങളും ഉണ്ട്. ചെറിയ വഴികളുടെ രണ്ടു സൈഡ് ലും ഡ്രെസ്സും തുന്നൽ സാമഗ്രികളും ഉള്ള കടകൾക്കു മുന്നിലൂടെ വെറുതെ നടക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും വാങ്ങാൻ തോന്നിയില്ല. ആൾക്കാരുടെ ബഹളത്തിനിടയിൽ ഉന്തു വണ്ടിയും ഓട്ടോയും കൂടി വരുമ്പോൾ മൊത്തം തിരക്കാണ്. ഒരു ലസ്സി കടക്കാരന്റെ മുന്നിൽ നിന്നും ലസ്സി വാങ്ങി കഴിച്ചു . ഗൂഗിൾ മാപ് നോക്കിയപ്പോൾ റൂമിലേക്കിനി 1 KM ഉള്ളൂ, നടന്നു റൂമിലെത്തി. പാക്ക് ചെയ്ത ബാഗുമെടുത്ത് ഇറങ്ങി. റൂം വാടക രാവിലെ തന്നെ കൊടുത്തിരുന്നത് കൊണ്ട് താക്കോൽ തിരിച്ചു കൊടുക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.യൂബർ പിടിച്ചു റെയിൽവേ സ്റ്റേഷൻലേക്ക്. കൊൽക്കത്തയോട് തല്ക്കാലം വിട. ഇനി സിക്കിം കറങ്ങി തിരിച്ചു വരാം. നാട്ടിലേക്കു റിട്ടേൺ ടിക്കറ്റ് കൊൽക്കത്തയിൽ നിന്ന് തന്നെയാണ്.

സീൽദാ റെയിൽവേ സ്റ്റേഷൻ അത്യാവശ്യം വലുതാണ്.  ജൽപായ്ഗുരി      യിലേക്കുള്ള ഞങ്ങളുടെ ട്രെയിൻ പുറപ്പെടാൻ അര മണിക്കൂറിലേറെ സമയം ഉണ്ട്. രണ്ടു പേര് പോയി ഡിന്നർ പാർസൽ വാങ്ങി - ബിരിയാണി . കഴിച്ചു കയറി കിടന്നു. പകലത്തെ കറക്കം എല്ലാര്ക്കും ക്ഷീണമുണ്ട്. നാളെ അതിരാവിലെ ജൽപായ്ഗുരി എത്തും. അവിടെന്നു സിക്കിം വരെയുള്ള യാത്ര ടാക്സി ആണ്- ബുക്ക് ചെയ്തിട്ടില്ല. രാവിലെ അവിടെന്നു ടാക്സി ഒപ്പിച്ചു സിക്കിം, മറ്റെന്നാൾ സിക്കിം കറക്കം. മഴ ചെറുതായി അലോസരപ്പെടുത്തിയെങ്കിലും കൊൽക്കത്ത അത്യാവശ്യം കണ്ടു. സിക്കിമിലും പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതെ എല്ലാം നല്ലതായാൽ മതിയായിരുന്നു .  ഉറക്കം പതുക്കെ കണ്ണുകളെ അടച്ചു .

No comments: