Friday, April 3, 2026

കൊൽക്കത്ത വഴി സിക്കിം - Day 5

 

DAY 5

സിക്കിമിൽ മേഘ വിസ്ഫോടനം!

 “No one realizes how beautiful it is to travel until he comes home and rests his head on his old, familiar pillow.” – Lin Yutang

അതിരാവിലെ പ്രശാന്തിന്വന്ന ഫോൺകാൾ ആണ് ഉറക്കത്തിൽ നിന്നുണർത്തിയത്. കാൾകഴിഞ്ഞു വന്ന അവന്റെ മുഖം കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി. പുലർച്ച സമയത്തു ആരായിരിക്കും വിളിച്ചിരിക്കുക? എന്താണാവോ?  എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു. എന്ത് പറ്റിയെടാ?” ഞാൻ പുതപ്പു മാറ്റി അവനടുത്തേക്കു ചെന്നു. "ഒരു ബാഡ് ന്യൂസ് ഉണ്ട്" ഞാൻ വേറെ എന്തെങ്കിലും ആലോചിച്ചു കൂട്ട് ന്നതിന് മുൻപേ അവൻ പറഞ്ഞു-നോർത്ത് സിക്കിമിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും! പാക്കേജ് കോഓർഡിനേറ്റർ ആണ് വിളിച്ചത്, ഇന്നത്തെ യാത്ര നടക്കില്ല" ഉറക്കമെല്ലാം എങ്ങോട്ടോ ഒലിച്ചുപോയി. ഞങ്ങൾ  കുറച്ചു നേരം മിണ്ടാതെ തമ്മിൽ നോക്കിയിരുന്നു. പുറത്തുള്ള മഴച്ചാറലിന്റെയും, ചെറിയ കാറ്റിന്റെയും ശബ്ദങ്ങളൊഴിച്ചാൽ പൂർണനിശബ്ദത. “അവരോടു ഇപ്പൊത്തന്നെ പറയാം” ഞാൻ അവനെ കൂട്ടി രണ്ടു റൂമും മുട്ടി എല്ലാവരെയും വിളിച്ചുണർത്തി കാര്യങ്ങൾ പറഞ്ഞു . എല്ലാവരും അജീഷും ബിനോയും കിടക്കുന്ന റൂമിൽ ഒത്തു കൂടി.




ഗൂഗിളിലും ഓൺലൈൻ ന്യൂസിലും വാർത്തകൾ പരതിയപ്പോഴാണ് യഥാർത്ഥ ഭീകരത മനസ്സിലായത്.  "നോർത്ത് സിക്കിമിൽ മിന്നൽ പ്രളയം, ടീസ്ത നദിയിൽ വെള്ളപ്പൊക്കം, 23 സൈനികരെ കാണാതായി, സിക്കിം ഐസൊലേറ്റഡ്!" ടൂർ പ്ലാൻ ചെയ്തത് ഒരു ദിവസം പുറകിലേക്കായിരുന്നെങ്കിൽ? ആലോചിക്കുമ്പോൾ തന്നെപേടി!  വാർത്തകൾ കാണുമ്പോൾ നാട്ടുകാരും   വീട്ടുകാരും  ഒക്കെ   വിളിച്ചു തുടങ്ങുംഇവിടത്തെ ഒക്കെ അവസ്ഥ എന്താണാവോപുറത്തു മഴ നിറുത്താതെ പെയ്യുന്നുണ്ട് എല്ലാം കുന്നുകൾ അല്ലെ?  മഴ ഇങ്ങനെ നിറുത്താതെ പെയ്തു കൊണ്ടിരുന്നാൽ?  ഞങ്ങൾ ക്കു പേടി വരാൻ തുടങ്ങിയിരുന്നു. 

"ഒരു കണക്കിൽ നോക്കിയാൽ നമുക്ക് ഭാഗ്യമുണ്ടെടാ, നമ്മുടെ ട്രിപ്പ് ഒരു ദിവസം മുന്നേ തുടങ്ങിയിട്ടുണ്ടെൽ ഒന്നാലോചിച്ചു നോക്ക്? നമ്മൾ ഇന്ന് ജീവനോടെ ഉണ്ടാവുമോ?" വെറുതെ ചിന്തിക്കുമ്പോൾ സമാധാനം കിട്ടാൻ ഇതേ ഉള്ളൂ. ലൈഫ് കുറേക്കൂടെ നീട്ടിക്കിട്ടിയിരിക്കുന്നു. എന്നാലും ആഗ്രഹിച്ച യാത്രയെക്കുറിച്ചോർക്കുമ്പോൾ വീണ്ടും സങ്കടം! ടൂർ ന്റെ മെയിൻ സ്ഥലത്തേക്ക് പോകാൻ പറ്റാതെ തിരിച്ചു പോവുക എന്ന് വച്ചാൽ? അതും രണ്ടുദിവസം പ്ലാൻ ചെയ്ത സ്ഥലങ്ങൾ! ആരും പിന്നെ ഉറങ്ങാൻ പോയില്ല.

 നേരം വെളുത്തു തുടങ്ങിയപ്പോഴേക്കും വാർത്ത കൂടുതൽ കിട്ടിത്തുടങ്ങി. പശ്ചിമ ബംഗാളുമായി സിക്കിമിനെ ബന്ധിപ്പിക്കുന്ന NH 10 പല സ്ഥലങ്ങളിലും തകർന്നിട്ടുണ്ട്, സിക്കിം ഏതാണ്ട് ഒറ്റപ്പെട്ട പോലെയാണ്. അങ്ങിനെയാണേൽ ഇവിടുന്നു പെട്ടെന്ന് തിരിച്ചു പോകാൻ പറ്റില്ല. രാവിലെ ആയതോടെ നാട്ടിൽ നിന്ന് പലരും വിളിക്കാനും മെസ്സേജ് അയക്കാനും തുടങ്ങിയിരുന്നു. രാവിലെ TV വാർത്തയിൽ കണ്ടു വിളിച്ച വിജയ് സർ നോട് കുഴപ്പമില്ല IQ സേഫ് ആണ്, ഫുഡ് ഉണ്ട്, തിരിച്ചു വരാനുള്ള റൂട്ട് റെഡി ആയാൽ തിരിക്കും എന്ന് പറഞ്ഞു. അത് പിന്നീട് പലരോടും പറഞ്ഞു കൊണ്ടേ ഇരിക്കേണ്ടി വന്നു.  പതിവുപോലെ വീട്ടിൽ നിന്ന് ധന്യ വിളിച്ചപ്പോൾ കക്ഷി ഒന്നും അറിഞ്ഞിട്ടില്ല എന്ന് മനസ്സിലായി. എന്തായാലും പറഞ്ഞേക്കാം എന്ന് വിചാരിച്ചു ചെറുതായി ഒന്ന് സൂചിപ്പിച്ചപ്പോൾ ആകെ ടെൻഷൻ. മോനെ കൂട്ടി വീഡിയോ കാളിൽ വന്നപ്പോൾ അവരുടെ പേടിച്ചരണ്ട മുഖം കണ്ടപ്പോൾ ആകെ സങ്കടമായി. കിലോമീറ്ററുകൾക്കിപ്പുറം നിന്ന് ആകെ പരവശനായി.

“കനലുകൾകോരി മരവിച്ച വിരലുകൾ,
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ”.

എന്തോ, ശ്രീ.റഫീഖ് അഹമ്മദ് ന്റെ കവിതയിലെ വരികളാണിപ്പോൾ, അപ്രതീക്ഷിതമായി ഇവിടെ ഒറ്റപ്പെട്ടപ്പോൾ ഓർമ വന്നത്. ചെറിയ രീതിയിൽ അവളെ ആശ്വസിപ്പിച്ചു, ഇടയ്ക്കിടയ്ക്ക് വിളിച്ചു അപ്ഡേറ്റ് തരാം എന്ന് പറഞ്ഞു കട്ട് ചെയ്തു. എല്ലാവരും വീടുകളിലേക്ക് വിളിച്ചു ഞങ്ങൾ നിൽക്കുന്നിടത്തു ഒരു പ്രശ്നവും ഇല്ല, ഭക്ഷണം,താമസം,ആൾക്കാർ എല്ലാം ഓക്കേ ആണെന്ന് വിശ്വസിപ്പിച്ചു.

  കുറച്ചു കഴിഞ്ഞപ്പോൾ പാക്കേജ് ഡ്രൈവർ വിളിച്ചു. നോർത്ത് സിക്കിം മാത്രമേ പ്രശ്നം   ഉള്ളൂ. ബാക്കി സ്ഥലത്തു വണ്ടി ഓടിത്തുടങ്ങിയാൽ പോകാം എന്ന് പറഞ്ഞു. പേടിക്കാനില്ല എന്ന് കേട്ടപ്പോൾ സന്തോഷമായി. മിഥുൻ രാവിലെ നല്ല ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി തന്നു.ചപ്പാത്തിയും കറിയും, ഇന്ന് റൂമിൽ തന്നെ കത്തിയടിച്ചിരിക്കാം എന്ന് തീരുമാനിച്ചു. ഇന്ന് 4th ആയേ ഉള്ളൂ, 8th നാണു ട്രെയിൻ അത് വരെ എന്ത് ചെയ്യും? ഇവിടെ കാണാൻ കുറേ സ്ഥലങ്ങൾ ഉണ്ട്, അതിന്റെ ഏകദേശ ലിസ്റ്റ് മിഥുൻ പറഞ്ഞു തന്നു. ഉച്ചക്ക് ഫിഷ് കറി വെക്കാൻ ഉള്ള തിരക്കിലാണ് അവനും ഭാര്യയും, കുട്ടിക്ക് ഇന്ന് സ്കൂൾ അവധിയാണ്.

IQ ഇൻചാർജ് ഭാട്ടി സർ നെ വിളിച്ചു, റൂം ഇവിടുന്നു പോകുന്നത് വരെ അലോട് ചെയ്യണം എന്ന് റിക്വസ്റ്റ് ചെയ്തു. മൂപ്പർ സമ്മതിച്ചു.നിങ്ങൾ പുറത്തൊന്നും ഇന്ന് ഇറങ്ങേണ്ട, കാര്യങ്ങൾ കുറച്ചു സീരിയസ് ആണ്, ഏകദേശം ഐസൊലേറ്റ് ആയ പോലെയാണ് സിക്കിം, എന്നാൽ പേടിക്കേണ്ട ആവശ്യവും ഇല്ല”.എന്ന് പറഞ്ഞു.




ടെൻഷൻ അടിച്ചു നിന്നിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ല എന്ന് എല്ലാർക്കും മനസ്സിലായി.ഞാനും ബിനോയും പ്രശാന്തും പുറത്തെ മഴ ചാറലിൽ ഇറങ്ങി റോഡിലേക്ക് നടന്നു. അകലെ കുന്നുകളും മരങ്ങളും ഒരു ജലഛായ ചിത്രം പോലെ.നനഞ്ഞു കുതിർന്ന വഴിയിലൂടെ ഞങ്ങൾ മെയിൻ റോഡിലേക്കിറങ്ങിവാഹനങ്ങൾ അധികം ഓടുന്നില്ല, ആൾക്കാരും കുറവാണു. മിഥുൻ ഒരു സഞ്ചിയും തൂക്കിപ്പിടിച്ചു വരുന്നുണ്ട്. ഇന്നത്തെ ലഞ്ചിനും ഡിന്നറിനും ഉള്ള സാധനങ്ങൾ ആണെന്ന് തോന്നുന്നു. ഞങ്ങളുടെ അടുത്തെത്തി, പൊതുവെ പുഞ്ചിരിക്കുന്ന മുഖത്ത് എന്തോ ടെൻഷൻ ഉണ്ടോ?  “സർ , പ്രശ്നം ഉണ്ട്. സാധനങ്ങൾ ഒക്കെ തീരാൻ ചാൻസ് ഉണ്ട് . സിലിഗുരിയിൽ നിന്നും ഇങ്ങോട്ടുള്ള റോഡ് മുഴുവൻ തകർന്നു കിടക്കുകയാണ്. പച്ചക്കറിയും ധാന്യങ്ങളും, മുട്ടയും ചിക്കനും പെട്രോൾ വരെ അവിടെന്നു വരുന്നതാണ്. ഇവിടെ പ്രത്യേകിച്ച് ഒന്നുമില്ല.ഇതിന്റെ ഒക്കെ ദൗർലഭ്യം ഉണ്ടാവാൻ ചാൻസ് ഉണ്ടെന്നു കേൾക്കുന്നുഞങ്ങളെ രാവിലെ ആശ്വസിപ്പിച്ചു പോയ ആളാണ്. ഞങ്ങൾക്ക് വീണ്ടും ടെൻഷൻ ആയി.

ഞങ്ങൾ മൂന്നുപേരും വീണ്ടും റൂമിലേക്ക് കയറി . അജീഷ് വയറു ഡിസ്റ്റർബ് ആയി കിടക്കുകയാണ്, ഷമീർ ഓഫീസ് കാൾ ലാണ്, ഹക്കീം ഫിലിം കണ്ടു തള്ളുകയും. ഞങ്ങൾക്ക് കിട്ടിയ ടെൻഷൻ അവർക്കും കൊടുത്തു . എല്ലാവരും വീണ്ടും അജീഷ് ന്റെ റൂമിൽ ഒത്തു കൂടി.

ഇത് ശരിക്കു ഇവിടേക്ക് ടൂർ വരേണ്ട സമയം തന്നെ അല്ലേ? ബിനോയ് ഒന്നുകൂടെ നെറ്റിൽ കൺഫേം ചെയ്യാൻ തുടങ്ങി. “മാർച്ച്-മെയ്വരെയുള്ള വസന്തകാലവും ഒക്ടോബ മുത ഡിസംബവരെയുള്ള ശരത്കാലവുമാണ് സിക്കിം സന്ദർശിക്കാൻ പറ്റിയ സമയം” "ഒക്ടോബർ   എന്ന് കേട്ടപ്പോൾ പ്രശാന്ത് ചാടിക്കേറി ഒക്ടോബർ 1 നു തന്നെ ബുക്ക് ചെയ്തു!" ഹക്കീം പറഞ്ഞതു കേട്ടപ്പോൾ എല്ലാരും ചിരി തുടങ്ങി. പ്രശാന്ത് പതിവ് ശൈലി "അടുത്ത ട്രിപ്പ് ഹക്കീം കോ-ഓർഡിനേറ്റ് ചെയ്യട്ടെ".വീണ്ടും അനന്തമായ ചർച്ചകൾ. അതിനിടയിൽ പ്രശാന്ത് അജീബ് സർനെ വിളിച്ചു, ആശാൻ കൊൽക്കത്തയിൽ ജോലി ചെയ്തതാണ്. പേടിക്കാൻ ഒന്നും ഇല്ലെന്നു ആദ്യം പറഞ്ഞെങ്കിലും  അവിടത്തെ പഴയ ഫ്രണ്ട്സ്  നെ വിളിച്ചിട്ടു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു.   ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മിഥുൻ ലഞ്ച് റെഡിയാണെന്ന് പറഞ്ഞു കൊണ്ട് വന്നു. തീറ്റയെങ്കിലും നടക്കട്ടെ എന്ന് വിചാരിച്ചു ഞങ്ങൾ ഭക്ഷണം എടുത്തു വച്ചോളാൻ പറഞ്ഞു.

 ഇന്ന് ഫിഷ് കറി ആണ് - ബംഗാളി സ്റ്റൈൽ. എല്ലാവരും ഫുഡ് കഴിച്ചു, വീട്ടിലെ ഫുഡ് കഴിക്കുന്ന ഫീലോടെ എല്ലാരും കഴിച്ചു. കഴിക്കുന്നതിനിടെ, ഇവിടെ ഗാങ്ടോക്ക് ൽ കാണേണ്ട കുറച്ചു സ്ഥലങ്ങളുടെ ലിസ്റ്റ് മിഥുൻ പറഞ്ഞു തന്നു.  മുകളിലെ റൂമിൽ ഉണ്ടായിരുന്ന കർണാടകക്കാർ എങ്ങോട്ടോ പോയിട്ടുണ്ടത്രേ. ഇവിടെ ലോക്കലായി വലിയ പ്രശനം ഇല്ല എന്ന് തോന്നുന്നു എന്നവൻ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ആശ്വാസമായി. രാത്രി ഡിന്നറിനു കാണുമ്പോൾ അവരോടു ചോദിക്കാം.

കുറച്ചു കഴിഞ്ഞപ്പോൾ അജീബ് ജി തിരിച്ചു വിളിച്ചു. ന്യൂസ്-ൽ കേൾക്കുന്നത് ഒക്കെ ശരിയാണ്, അവിടെ ലോക്കലായി കാണാനുള്ളത് കണ്ടു പെട്ടെന്ന് സിലിഗുരിയിലേക്കു തിരിക്കുന്നതാണ് നല്ലതു. അവിടെ ഡാർജിലിംഗ്, നേപ്പാൾ, ഭൂട്ടാൻ ഒക്കെ ഉണ്ട്.  ഞങ്ങൾ വീണ്ടും ആവേശഭരിതരായി. “നോർത്ത് സിക്കിം പോട്ടെ, നമുക്ക് നേപ്പാൾ പോകാം,വേണ്ട ഭൂട്ടാൻ മതി" എല്ലാരും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഒക്കെ മറന്നു , വീണ്ടും ‘ടൂർ മോഡ്’ ഓൺ ആയി.   

ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശനമല്ലെന്ന മട്ടിൽ അജീഷ് മാത്രം വയറു പ്രശനം ആയി കിടപ്പാണ്. "നിനക്ക് വയറിനു സുഖമില്ലാത്തത് ഒന്നും കഴിക്കുന്നതിൽ കണ്ടില്ലല്ലോ? നീ കാരണം മിഥുനും ഭാര്യക്കും മോൾക്കും ഒന്നും ഇന്ന് മീൻ കിട്ടിയിട്ടുണ്ടാവില്ല" ബിനോയ് അജീഷ് നെ ചൊറിഞ്ഞു. അജീഷ് ആകെ കിളിപോയി പോലെ കിടപ്പാണ്. ടൂർ ആവശ്യത്തിന് ഉള്ള മരുന്നുകൾ ഷമീർ ആണ് കൊണ്ട് വരാറ്. പക്ഷെ അജീഷ് നു വേണ്ട മരുന്ന് ഇല്ല. അജീഷ്നു  വയറ്റിന്നു പോകാനുള്ളതു മരുന്നിനായി മെഡിക്കൽ ഷോപ്പും തപ്പി ഞങ്ങൾ പുറത്തേക്കിറങ്ങി.



നേരം സന്ധ്യയായിരുന്നു. വാഹനങ്ങൾ രാവിലെത്തെക്കാളും ഓടി തുടങ്ങിയിരിക്കുന്നു  എന്ന് തോന്നുന്നു. നനഞ്ഞ റോഡിലൂടെ ചാറ്റൽ മഴയിൽ ഞങ്ങൾ നാലു പേർ - ഞാൻ,ബിനോയ്,ഷമീർ, പ്രശാന്ത്   ഗാങ്ടോക്ക് സിറ്റി റൂട്ട് ലേക്ക് നടന്നു.

   ചില കടകൾ എല്ലാം തുറന്നിട്ടുണ്ട്. അധികം വീടും കടയും ചേർന്നതാണ് . വീട്ടമ്മമാരാണ് കച്ചവടക്കാർ, കൂടെ അവരുടെ കുഞ്ഞി പിള്ളേരും കാണാം.  ഏതെങ്കിലും വീട്-കടയിൽ നിന്നും വരുമ്പോൾ ചായ കുടിക്കണം ഞങ്ങൾ തീരുമാനിച്ചു. ഏകദേശം ഒരു കിലോമീറ്റർ നടന്നപ്പോൾ ജംഗ്ഷനിൽ മെഡിക്കൽ ഷോപ് കണ്ടു. ഷമീർ പറഞ്ഞു കൊടുത്ത ഏതോ മരുന്ന് അവിടെ ഉണ്ട്. അവിടത്തെ പയ്യൻ ഞങ്ങളുമായി കുറെ നേരം സംസാരിച്ചു. അവൻ അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കും, ബിഹാറിയാണ്.  മരുന്ന് വാങ്ങി തിരിച്ചു വരുമ്പോൾ ഒരു കടയിൽ കയറി. ഒരു സ്ത്രീ ആണ് കച്ചവടക്കാരി.  കോഫി യും മോമോസും   പറഞ്ഞു. രണ്ടു വയസുകാരി മകൾ ഞങ്ങളെ കണ്ടു വാതിൽ കർടന് പിന്നിൽ ഒളിച്ചു കളി തുടങ്ങിയിരുന്നു. എല്ലാര്ക്കും ഏകദേശം അതെ പ്രായത്തിനടുത്തു മക്കൾ ഉണ്ടായിരുന്നത് കൊണ്ട് ചെറുതായി സങ്കടം വന്നു. കുഞ്ഞിന്റെ ഫോട്ടോ എടുത്തു അതിനെ കളിപ്പിച്ചിരിക്കുന്നതിനിടയിൽ ചൂട് കോഫിയും മോമോസും എത്തി. ഹോംലി ഫീൽ! സന്തോഷത്തോടെ കുടിച്ചു, തൊട്ടടുത്ത കടയിൽ നിന്നും പഴവും വാങ്ങി ഞങ്ങൾ ഇരുട്ടിലൂടെ പതുക്കെ തിരിച്ചു നടന്നു. 

    ഡിന്നർ സമയത്, കർണാടകക്കാരായ ഓഫീസർസ് നെ കണ്ടു. അവർ ഇന്ന് ടാക്സി പിടിച്ചു നാഥുല പാസ് , ബാബ മന്ദിർ ഒക്കെ പോയതാണ് . പ്രശനം ഒന്നുമില്ല. ഞങ്ങൾക്കു ആശ്വാസമായി. ഇന്നത്തെ ദിവസം ഒന്നുമല്ലാതെ പോയെങ്കിലും നാളെ കാണേണ്ട ചൈന ബോർഡർ ആയ നാഥുല പാസ്, ബാബ ഹർഭജൻ മന്ദിർ, സൊങ്കോലേയ്ക് തുടങ്ങിയ സ്ഥലങ്ങളെ ക്കുറിച്ചു ആലോചിച്ചു കിടന്നു. കഴിഞ്ഞ രാത്രിയിലെ മഴയാണ് പ്രശ്ങ്ങൾ ഉണ്ടാക്കിയത് .ഇന്നിനി പ്രശ്ങ്ങൾ ഒന്നും ഉണ്ടാവാഞ്ഞാൽ  മതിയായിരുന്നു. പുറത്തെ മഴച്ചാറലിന്റെ ശബ്ദം കേട്ട് എപ്പോഴോ    ഉറങ്ങി.



No comments: