DAY-2
“വിക്ടോറിയ മെമ്മോറിയലും, ഇന്ത്യൻ മ്യുസിയവും ഹാങ്ങിങ് ഹോട്ടലും”
“See the world. It’s more fantastic
than any dream.” – Ray Bradbury
ഉറക്കം
പ്രശ്നം ഒന്നും ആയില്ല. എല്ലാവരും 9.30 ആയപ്പോഴേക്കും റെഡി ആയി. ഇന്ന് ഞായറാഴ്ച യാണ്. breakfast നു പുറത്തു കടകൾ തുറന്നിട്ടുണ്ടാവുമോ
എന്തോ ? ടെറസ് ൽ നിന്നും പുറത്തേക്കു നോക്കിയപ്പോൾ
കൊൽക്കത്ത യുടെ നഗര ഭംഗി കാണാം . പുരാതന നിര്മിതിയിലുള്ള കെട്ടിടങ്ങൾ പ്രൗഢിയോടെ തലയുയർത്തി
പിടിച്ചു നിൽക്കുന്നു. ഒരു കാലത്തു ബ്രിട്ടീഷ് ഇന്ത്യ യുടെ ഭരണസിരാകേന്ദ്രം ആയിരുന്ന
സ്ഥലം. ഗവർണർമാരും വൈസ്രോയിമാരും ഒക്കെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത സ്ഥലം.
പ്രശസ്തരായ ഒട്ടനേകം ഇന്ത്യക്കാരുടെ നാട്.കുട്ടിക്കാലത്ത് ലൈബ്രറി പുസ്തകങ്ങളിലൂടെ
മാത്രം വന്ന സ്ഥലത്തു ഞാനിതാ. പുറത്തേക്കു കണ്ണ് പായിച്ചു നിന്നപ്പോൾ എന്തൊക്കെയോ അനുഭൂതി.
"എടേ,
എന്തെങ്കിലും ഞണ്ണണ്ടേ? വിശന്നിട്ടു വയ്യ” അജീഷ് ആണ്. ആശാൻ ഇന്നലെ തട്ടുകടയിൽ നിന്നും
വാങ്ങിയ പാർസൽ മനസ്സില്ല മനസ്സോടെ കഴിച്ചതാണ്. വിശപ്പിന്റെ വിളി വന്നിരിക്കുന്നു.
“വാ
പോകാം.”എല്ലാരും കോണിപ്പടി വഴി താഴേക്കിറങ്ങി. ഒരു ഭാഗം ഞങ്ങളുടെ മെയിൻ ഓഫീസ് ആണ്. സെക്ഷനുകളിൽ ഓഫീസർ ഡെസിഗ്നേഷൻ ഒക്കെ എഴുതി വച്ചിട്ടുണ്ട്.വലിയൊരു
പെരുച്ചാഴി ഓഫീസ് നടവഴിയിൽ ചത്ത് മലച്ചു കിടപ്പുണ്ട്. ആരും എടുത്തു മാറ്റിയിട്ടില്ല.
രാവിലത്തെ കണി!
പ്രഭാത
ഭക്ഷണം എവിടെ കിട്ടും എന്ന് സെക്യൂരിറ്റി പോയിന്റ് ൽ ചോദിച്ചപ്പോൾ വലതു ഭാഗത്തേക്ക് കൈ ചൂണ്ടി . എല്ലാവരും അങ്ങോട്ട് നടന്നു. റോഡ്ന്റെ
അവസ്ഥ ശോകമാണ്. ഇവിടത്തെ കോര്പറേഷന് ജോലിക്കാർ
വീക്കിലി പണിയെടുക്കുന്നവരാണെന്നു തോന്നുന്നു . മെയിൻ സ്ഥലമായിട്ട് കൂടി തീരെ കെയർ
ഇല്ല. മഴ പെയ്യുന്നതു കൊണ്ട് ഒന്ന് കൂടെ വൃത്തി കേടാണ് . കെട്ടിടങ്ങൾ എല്ലാം പഴയ കൺസ്ട്രക്ഷൻ
ശൈലി യിൽ മനോഹരമാണ്. കാലാകാലങ്ങളിൽ നടത്താത്ത അറ്റകുറ്റ പണികൾ ബിൽഡിംഗ് കളുടെ സൗന്ദര്യത്തിനു
മങ്ങൽ വരുത്തിയിട്ടുണ്ട്.
അവിടെ
ഏതോ ഡിപ്പാര്ട്മെന്റ് ന്റെ സ്വച്ഛത മിഷൻ ഫോട്ടോ എടുപ്പ് നടക്കുന്നു . കുറച്ചു ചപ്പു
ചവറു ഒരു ചാക്കിൽ കൊണ്ട് വന്നത് വിതറി, ചൂലെടുത്തു ക്ലീൻ ആക്കുന്നു, ഫോട്ടോ എടുക്കുന്നു.
“അവന്മാർക്ക് അല്ലാതെ തന്നെ അവിടെ കിടക്കുന്ന വേസ്റ്റ് വൃത്തിയാക്കി കൂടെ?” ഞങ്ങൾ തമ്മിൽ
പറഞ്ഞു. BSNL ന്റെ കസ്റ്റമർ കെയർ സെന്റർ തൊട്ടടുത്തായി വേറൊരു ബിൽഡിങ് ലാണ്, സമീപം
നിൽക്കുന്ന BSNL സ്റ്റാഫ് ന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തു ഞങ്ങൾ തട്ടുകടയിലേക്കു
നടന്നു.
ഇന്ന്
കാണാനുള്ളത് വിക്ടോറിയ മെമ്മോറിയൽ, ഇന്ത്യൻ മ്യുസിയം ഇവയാണ്. ബാക്കി ഏതൊക്കെയാണ് എന്നത്
യൂട്യൂബ്/ഗൂഗിൾ നോക്കി തീരുമാനിക്കണം . യൂബർ ബുക്ക് ചെയ്തു, ഏകദേശം മൂന്നര കിലോമീറ്റർ
താഴെയേ ഉള്ളൂ വിക്ടോറിയ മെമ്മോറിയലിലേക്ക്, പത്തു പതിനഞ്ചു മിനിട്ടിനുള്ളിൽ മെമ്മോറിയലിനടുത്തെത്തി. മഴ ചാറുന്നുണ്ട്. റോഡരികിൽ കുതിരക്കാരൻമാരും കുതിരകളുമൊക്കെ സവാരിക്കാരെ
കിട്ടാതെ ചാറ്റൽ മഴയിൽ നനഞ്ഞു നിൽപ്പുണ്ട്,
മഴയെ പ്രാകിക്കൊണ്ട്. മഴയില്ലായിരുന്നേൽ ആളുകൾക്ക് കുതിരപ്പുറത്തുള്ള രഥത്തിൽ നഗരം ചെറിയ ദൂരത്തിൽ ചുറ്റാമായിരുന്നു.മഞ്ഞക്കളർ അംബാസിഡർ
കാറുകളുടെ ഒരു നീണ്ട നിരയുണ്ട്. പലതരം കച്ചവടക്കാരും, ടൂറിസ്റ്റ്കളും എല്ലാര്ക്കും
ഈ ചാറ്റൽ മഴ പ്രശ്നമായിരിക്കയാണ്.
ഏകദേശം
64 ഏക്കറോളം പരന്നു കിടക്കുന്ന ഗാർഡനിൽ തലയുയർത്തി നിൽക്കുന്ന വിക്ടോറിയ രാജ്ഞിയുടെ
പ്രതിമ, രാജ്ഞിയുടെ ഓർമക്കായി നിർമിച്ച വലിയൊരു മാർബിൾ കൊട്ടാരം. മ്യൂസിയവും പൂന്തോട്ടവും
ഉൾക്കൊള്ളുന്ന ബൃഹത്ത് മന്ദിരമാണിത്. 1901-ൽ വിക്ടോറിയ രാജ്ഞിയുടെ ചരമത്തെത്തുടർന്ന്,
അന്നത്തെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിന്റെ നിർദ്ദേശപ്രകാരമാണ്, ബ്രീട്ടിഷിന്ത്യയുടെ
ഭരണതലസ്ഥാനമായിരുന്ന കൽക്കത്തയിൽ വിക്ടോറിയ രാജ്ഞിയുടെ ഓർമ്മമന്ദിരത്തിന്റെ നിർമ്മാണമാരംഭിച്ചത്.
1906 ജനുവരി 4-നു് വേൽസ് രാജകുമാരനും പീന്നിട് രാജാവുമായ ജോർജ്ജ് അഞ്ചാമനാണ് ഈ സ്മാരകത്തിനു
തറക്കല്ലിട്ടത്. പീന്നിട് ഇത്, 1921-ൽ പൊതുജനങ്ങൾക്കായി ഔദ്യോഗികമായി വിട്ടുകൊടുന്നു.
1912-ൽ, വിക്ടോറിയ മെമ്മോറിയലിന്റെ നിർമ്മാണം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ജോർജ്ജ്
അഞ്ചാമൻ ചക്രവർത്തി ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡെൽഹിയിലേയ്ക്ക് മാറ്റിയിരുന്നു.
പാരച്യൂട്ട് മുകളിലേക്ക് പറപ്പിച്ചു തിരികെ കയ്യിലേക്ക് തന്നെ
എത്തിക്കുന്ന കളിപ്പാട്ടക്കാരൻ പയ്യന്റെ അടുത്ത്
കുറച്ചു നേരം നോക്കി നിന്നു . ഒരു വെറൈറ്റി
കളിപ്പാട്ടം. 40 രൂപയെ ഉള്ളൂ .തിരിച്ചു വരുമ്പോൾ പിള്ളേർക്ക് വാങ്ങാം എന്ന് തീരുമാനിച്ചു.
ഒരു ബംഗാളി ബാബു വിന്റെ കയ്യിൽ
നിന്നും ചൂടോടെ ഒരു കപ്പ് ചായയും വാങ്ങി കുടിച്ചു ടിക്കറ്റ് എടുത്തു ഞങ്ങൾ മെമ്മോറിയലിനുള്ളിലേക്കു
കടന്നു. വെള്ളാരം കല്ലുകൾ
പാകിയ വലിയ മുറ്റം കടന്നാൽ കൊട്ടാരത്തിലേക്കുള്ള പടികൾ. വലിയ മകുടങ്ങളോട് കൂടിയ പ്രൗഢ
ഗംഭീരമായ വെള്ള കൊട്ടാരത്തിനു മുന്നിലെ ഉയർന്ന പ്രതിമ. സിംഹാസനത്തിൽ ഗൗരവത്തോടെ ഇരുന്ന
ജനങ്ങളെ വീക്ഷിക്കുന്ന സാക്ഷാൽ വിക്ടോറിയ രാജ്ഞി. ചാറ്റൽ മഴയിലും ആളുകൾ രാജ്ഞിയ്ക്കു
താഴെ നിന്ന് ഫോട്ടോ എടുക്കുന്നുണ്ട്. ഞങ്ങളും അതിൽ ചേർന്നു.
ലോകത്തിലെ തന്നെ വലിയ മാർബിൾ സ്മാരകം ആണിത് .
1906 നും 1921 നും ഇടയിൽ നിർമ്മിച്ച ഇതിൽ ഏകദേശം 25 ഓളം ഗാലറികൾ ഉണ്ട് . റോയൽ ഗാലറി, നാഷണൽ ലീഡേഴ്സ് ഗാലറി , ആംസ്
ആൻഡ് അർമേറി മുതലായവ. പത്തൊമ്പതാം നൂറ്റാണ്ടിൽ
ബംഗാൾ നവോത്ഥാനത്തിൽ പ്രധാന റോൾ ഉണ്ടായിരുന്ന ശ്രീ.അബനീന്ദ്രനാഥ ടാഗോർന്റെ
ആര്ട്ട് വർക്കുകൾ കുറെയേറെ ഉണ്ട് . കൂടാതെ പഴയകാല പല പേപ്പർ കട്ടിങ്സ് കളും അവിടെ കണ്ടു.
ഡൽഹി ബോംബ് കേസ്(1912 ), കാകോരി കേസ്(1925 ) , ആലിപൂർ കേസ് തുടങ്ങിയവ അന്നത്തെ പത്രത്താളിൽ
വന്നത് അതുപോലെ വെട്ടി വെച്ചിട്ടുണ്ട് രാഷ് ബിഹാരി ബോസ്,സചിന്ദ്ര നാഥ് സന്യാൽ തുടങ്ങിയ
പ്രശസ്തരെ കുറിച്ചുള്ള റിപ്പോർട്ട് കളും അന്നത്തെ പ്രശസ്ത മായ പത്രങ്ങളായ - നാഷണൽ ഹെറാൾഡ്,
ബന്ദേ മാതരം തുടങ്ങിയവ യുടെ പേജുകൾ അതെ പോലെ വച്ചിട്ടുണ്ട്. തോക്കുകളുടെ അമൂല്യ ശേഖരം കൂടെ കണ്ടു, കൊട്ടാരത്തിന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് നോക്കിയപ്പോഴേ
മനോഹരമായ ആ പൂന്തോട്ടത്തിന്റെ വിസ്തൃതിയും ഭംഗിയും മനസ്സിലായത് .
എല്ലാം
കണ്ടു പുറത്തിറങ്ങാൻ നോക്കിയപ്പോൾ മഴ പൂർവാധികം ശക്തി പ്രാപിച്ചിട്ടുണ്ട് .എല്ലാവരും
പുറത്തേക്കു നോക്കി നിസ്സഹായതയോടെ നിന്നു .ഇന്നത്തെ ദിവസം മുഴുവൻ ഇങ്ങനെ ആയാൽ എന്ത്
ചെയ്യും?. സെക്യൂരിറ്റി ക്കാർ നല്ല കലിപ്പിലാണ്
, എല്ലാവരോടും പുറത്തു പോകാൻ പറഞ്ഞു എൻട്രൻസ്ൽ ഇങ്ങനെ കൂടി നിൽക്കുന്നത് കയറുന്നവർക്ക് പ്രശ്നം
ആണ്. രണ്ടു കല്പിച്ചു ഞങ്ങൾ മഴയിലേക്ക് ഓടി
, കുറച്ചു ദൂരെ യുള്ള സെക്യൂരിറ്റി ചെക്കിങ് പോയിന്റ്ൽ, തല്ക്കാലം മഴച്ചാറൽ കുറക്കാൻ പറ്റുന്ന സ്ഥലത്തു
ഞെരുങ്ങി നിന്നു . എന്ത് കഷ്ടമാണ്, ഫോട്ടോ എടുക്കൽ, ടെർമിനൽ നിൽക്കുന്ന ഗാർഡൻ എക്സ്പ്ലോറിങ്
എല്ലാം നഷ്ടം. വിക്ടോറിയ രാജ്ഞി മുകളിൽ മഴയും കൊണ്ട് എല്ലാം കണ്ടു കൊണ്ടിരുപ്പുണ്ട്.തിരക്കിനിടയിൽ
മലയാളം കേൾക്കുന്നുണ്ട്. കുറെ മലയാളികൾ ഉണ്ട് . ചിലർ റാഞ്ചി യിൽ ട്രെയിനിങ് നു വന്നപ്പോ
കൂടെ കൊൽക്കത്ത കാണാൻ ഇറങ്ങിയതാണ് . പുറത്തിറങ്ങിയത്
വേറൊരു ഗേറ്റ്ലേക്കാണെന്നു വൈകിയാണ് ഞങ്ങൾ മനസ്സിലാക്കിയത്. പാരച്യൂട്ട് ടോയ് മിസ്സായി.
മഴച്ചാറിൽ നിന്നും ഒതുങ്ങി നിന്ന് ഭേൽപുരി കഴിച്ചു .മൺ ഗ്ലാസിലെ ചായയും . വൈകിക്കാതെ യൂബർ ബുക്ക് ചെയ്തു അടുത്ത ലൊക്കേഷൻ
ആയ ഇന്ത്യൻ മ്യുസിയം പിടിച്ചു .
അവിടെ
നിന്ന് ഇന്ത്യൻ മ്യുസിയം ഏകദേശം 4 കിലോമീറ്ററിൽ
താഴെയേ ഉണ്ടായിരുന്നൊള്ളു . ജവഹർലാൽ നെഹ്റു റോഡ് ൽ . ചെറിയ ഒരു റോഡ് സൈഡ് മാർക്കറ്റ്
നടുത്തു പുറത്തേക്കു അത്ര കാഴ്ച യില്ലാതെ, ഏഷ്യ യിലെ തന്നെ പഴക്കത്തിലും വലിപ്പത്തിലും
ഒന്നാം സ്ഥാനത്തു നിൽക്കുന്ന മ്യൂസിയം (ലോകത്തിൽ 9 th place) 1814 ലാണ് നിർമിതി .ഞങ്ങൾ
എക്സിറ്റ് ഗേറ്റ് നടുത്തായിരുന്നു.ടിക്കറ്റ് എടുത്തു ഉള്ളിൽ കയറി. ഏകദേശം ഉച്ച ആയിരിക്കുന്നു
. ഇത് മുഴുവൻ ചുറ്റി നടന്നു കാണാൻ ഒരു മണിക്കൂറിൽ കൂടുതൽ എടുക്കും . വിശപ്പ് തുടങ്ങിയിരിക്കുന്നു.
ഭക്ഷണം കഴിച്ചിട്ട് നോക്കാം എന്നായി. നേരെ അവിടെ തന്നെ ഉള്ള കാന്റീൻ ൽ കയറി . നല്ല
തിരക്കുണ്ട്. റൈസ് കൂടെ ഫിഷ് കറി, ചിക്കെൻ കറി ആണുള്ളത്. എല്ലാരും റൈസ്+ ഫിഷ് കറി പറഞ്ഞു
. രാവിലത്തെ ഫുഡ് നേക്കാൾ ശോകം. നല്ല നാടൻ മത്തിയും അയലയുമൊക്കെ കഴിച്ചു ശീലിച്ച നാവിനു
ബംഗാളി മീൻ ( വളർത്തു മീൻ ?) എന്തോ രസം പോരാ. കൂടെ തന്ന പച്ച മുളക് കടിച്ചു തിന്നു
ചോറ് ഒരു വിധം തീർത്തു . നേരെ മ്യൂസിയത്തിലേക്ക്
കയറി.
ഇന്ത്യൻ ആർട്ട്, ആർക്കിയോളജി, നരവംശശാസ്ത്രം, ജിയോളജി,
സുവോളജി, ഇക്കണോമിക് ബോട്ടണി എന്നിങ്ങനെ മുപ്പത്തിയഞ്ച് ഗാലറികൾ ഉൾക്കൊള്ളുന്ന സാംസ്കാരിക,
ശാസ്ത്രീയ കരകകൗശല വസ്തുക്കൾ ഉൾക്കൊള്ളുന്ന ആറ് വിഭാഗങ്ങളുണ്ട്. ഹ്യൂമാനിറ്റീസുമായും
പ്രകൃതിശാസ്ത്രവുമായും ബന്ധപ്പെട്ട ഇന്ത്യൻ, ട്രാൻസ്-ഇന്ത്യൻ എന്നീ അപൂർവവും അതുല്യവുമായ
നിരവധി മാതൃകകൾ ഈ വിഭാഗങ്ങളുടെ ഗാലറികളിൽ സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
പ്രത്യേകിച്ചും ആർട്ട് ആൻഡ് ആർക്കിയോളജി വിഭാഗങ്ങൾ അന്താരാഷ്ട്ര പ്രാധാന്യമുള്ള ശേഖരങ്ങൾ
സൂക്ഷിക്കുന്നു. ഇന്ത്യ ഗവൺമെന്റിന്റെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ
സ്ഥാപനമാണിത്. സ്വാതന്ത്ര്യത്തിനു മുൻപ് ‘Imperial Museum of
Kolkatta’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1814 ൽ ഡാനിഷ് സസ്യശാസ്ത്രജ്ഞനായ നഥാനിയേൽ വാലിച്ച് ആണ് ഇത് സ്ഥാപിച്ചത്.
ഈജിപ്ഷ്യൻ മമ്മിയെ വച്ചിട്ടുള്ള ഗാലറിയിൽ ഫോട്ടോ
എടുപ്പ് പറ്റിയില്ല . ബാക്കി എല്ലാ ഗാലറി കളിലും കയറി ഫോട്ടോ എടുത്തു , മൃഗങ്ങളുടെയും
പക്ഷികളുടെയെല്ലാം എംബാം ചെയ്തു വച്ച ഗാലറി യിൽ
ദിനോസർ ന്റെ കൂറ്റൻ skelton കാണാം. Evidence ഫ്രം ശിവാലിക്, 250 മില്യൺ
years ഫോസിൽ, പത്താം നൂറ്റാണ്ടിലെയൊക്കെ
ശില്പങ്ങൾ - പഴയകാല ശില്പ ചാതുരി കാണാവുന്ന ഹിന്ദു ദൈവ ങ്ങളുടെയും ബുദ്ധന്റെയും ധാരാളം
ശില്പങ്ങൾ കണ്ടു. കൂടുതലും ബീഹാർ, ഒഡിഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളതാണ്, രാജ ഭരണ
കാലത്തേ നാണയങ്ങൾ, മുഗൾ പെയിന്റിങ്‌സ്, മ്യൂസിയം
കണ്ടു വല്ലാതെ ഹൃദയവും മനസ്സും നിറഞ്ഞു. ചരിത്ര വിദ്യാർഥികൾ ജന്മത്തിൽ കാണേണ്ട ഒരു
മ്യൂസിയം ആണിത്. പുറത്തിറങ്ങിയപ്പോൾ ഏകദേശം 4 മണി കഴിഞ്ഞു.
ഇനി
അടുത്ത ലൊക്കേഷൻ കൊൽക്കത്ത ന്യൂ ടൌൺ ആണ് "ഹാങ്ങിങ് ഹോട്ടൽ" . പ്രശാന്ത് ന്റെ
ഒരു ഫ്രണ്ട് നിർദേശിച്ചതാണ്.കക്ഷി അടുത്തിടെ വന്നപ്പോൾ സന്ദർശിച്ചതാണ് . ടൌൺ ലെ തിരക്കിൽ
, മുകളിൽ നഗരം വീക്ഷിച്ചുകൊണ്ടു രുചികരമായ ഫുഡ് . നെറ്റ് പരതിയപ്പോൾ കുഴപ്പമില്ലാത്ത
റിവ്യൂ. ഏതായാലും ഇവിടെ വന്നത് മുതൽ ഫുഡ് കുളമാണ് . കഴിഞ്ഞ കാശ്മീർ - രാജസ്ഥാൻ ട്രിപ്പ്
ൽ ഫുഡ് കൂടുതലും കിടിലമായിരുന്നു . ഏതായാലും പോകാൻ തീരുമാനിച്ചു. ന്യൂ ടൌൺ ലേക്ക് യൂബർ
പിടിച്ചു. കൊൽക്കത്ത ന്യൂ ടൌൺ ലേക്ക് പ്രവേശിച്ചപ്പോൾ ബാംഗ്ലൂരിലെയൊക്കെ സിറ്റി പോലെ
തന്നെ തോന്നിച്ചു. മെട്രോ ,പ്ലാൻഡ് കൺസ്ട്രക്ഷൻ ലുള്ള റോഡുകൾ , കൂറ്റൻ കെട്ടിടങ്ങൾ. അത് വരെ കൊൽക്കത്തയോട് തോന്നിയിരുന്ന
മടുപ്പ് മാറി.
"ബിശ്വ
ബംഗ്ലാ ഗേറ്റ്" ഇതാണ് ഹോട്ടൽന്റെ പേര്. വലിയ രണ്ടു ‘റ’('പരാബോളിക് ഷേപ്പ് ') വരച്ചു
വച്ച് അതിന്റെ മുകളിൽ ഒരു വലിയ വട്ടം പോലെ സിറ്റി ക്കു മുകളിലായി നിർമ്മിച്ച മനോഹര
നിർമിതി . ഏകദേശം 55m ഉയരത്തിലെ ഗ്ലാസ് സർക്കിൾ നു 60m ഓളം വ്യാസം ഉണ്ടത്രേ. അതിനുള്ളിലാണ്
ഫുഡ് കഴിക്കാനുള്ള സംവിധാനം. - 100 പേർക്ക്
ഇരുന്നു കഴിക്കാനുള്ള ടേബിൾ അറേഞ്ച്മെന്റ്, താഴെ മനോഹര മായ
കൊൽക്കത്ത നഗരം, ചീറി പാഞ്ഞു പോകുന്ന വാഹനങ്ങൾ . ഞങ്ങൾ എത്തിയപ്പോൾ 5 മണി ആവുന്നതേ
ഉള്ളൂ . താഴെ ഒരു കഫേയും, പാർക്കും ടിക്കറ്റ് കൌണ്ടറും ഉണ്ട്. 7 മണിക്കാണ് എൻട്രി
. ക്യൂ ഒന്നും ആയിട്ടില്ല . ഞങ്ങൾ കോഫീ യും ചെറു സ്നാക്ക്സ് ഉം ഓർഡർ ചെയ്തു പിന്നീട്
പാർക്കിലെ ഗ്ലാസ് കൺസ്ട്രക്ഷനിലും ഭംഗിയായി വെട്ടി നിറുത്തിയിട്ടുള്ള ചെടികൾക്കും മുന്നിൽ
വച്ച് ഫോട്ടോ എടുത്തു. സമയം ആയപ്പോൾ കൌണ്ടർനു മുന്നിൽ എത്തിയപ്പോൾ ക്യൂ അത്യാവശ്യം
ആയിരുന്നു. ഞങ്ങളുടെ മുന്നിലുള്ള ആളുടെ ടേൺ എത്തിയപ്പോഴേക്കും ഫുൾ ആയി, 100 പേരെ ഒരു
സമയത്ത പറ്റൂ. ഇനി മുകളിൽ പോയ ആൾക്കാർ കഴിച്ചു ഇറങ്ങണം . അങ്ങിനെ അവിടെ പോസ്റ്റ് ആയി.
മുക്കാൽ
മണിക്കൂർ ആയപ്പോഴേക്കും അടുത്ത ട്രിപ്പ് ടിക്കറ്റ് കൊടുത്തു തുടങ്ങി . ടിക്കറ്റ് എടുത്തു ലിഫ്റ്റ് ൽ കയറി മുകളിലെത്തി . താഴേക്കും
അങ്ങ് ദൂരേക്കും ഗ്ലാസ് നു ഉള്ളിലൂടെ യുള്ള
കാഴ്ച കൊള്ളാം. ആര്ട്ട് ഗാലറി പോലെ ഒരു സൈഡ് മനോഹരമായ പെയിന്റിങ്സ് ഉണ്ട്. ടാഗോർ,ഗാംഗുലി ഇവരുടെയൊക്കെ. ടാഗോർ 1910 ൽ എഴുതിയ കവിത “Where the mind is without fear” ചുമരിൽ അദ്ദേഹത്തിന്റെ
ചിത്രത്തിനു താഴെ എഴുതിയിട്ടിട്ടുണ്ട്.
ഞങ്ങൾ
നോൺ വെജ് ഫുഡ് ഓർഡർ ചെയ്തു താഴെ രാത്രിയിലെ നഗരത്തിന്റെ മനോഹാരിത യിലേക്ക് നോക്കിയിരുന്നു കഴിച്ചു. ഫുഡ് കുഴപ്പമില്ല . ഉച്ചയിലെ ഫുഡ്ന്റെ പോരായ്മ ഇവിടെ നികത്തി. ഫുഡ് കഴിച്ചു പുറത്തിറങ്ങിയപ്പോൾ 9 മണി കഴിഞ്ഞിട്ടുണ്ട്. തിരിച്ചു റൂമിലേക്ക് പോകാൻ നോക്കവേ,താഴെ കൊൽക്കത്തയുടെ സ്വന്തം മഞ്ഞ
ടാക്സി അംബാസിഡെർ കാറുകൾ. കൊൽക്കത്തയിൽ വന്നു ഇനി ഇതിൽ കയറിയില്ല എന്ന് വേണ്ട. തൽക്കാലാം യൂബർ നെ ഒഴിവാക്കി എല്ലാരും
ടാക്സി യിൽ റൂം ലേക്ക് . റാഷ് ഡ്രൈവിങ്ങും
ആവശ്യത്തിനും അനാവശ്യത്തിനും ഹോൺ അടിക്കുന്ന ഒരു ഡ്രൈവർ ആയിരുന്നു . ഹോൺ അടി ശബ്ദം ഇവിടത്തെ എല്ലാ ഡ്രൈവേഴ്സ്നും ശീലമാണെന്നു തോന്നുന്നു. മഴയിൽ നനഞ്ഞു നിൽക്കുന്ന കൊൽക്കത്ത ന്യൂ ടൌൺ നഗരത്തിലൂടെ റൂം ലെത്തി . ഇനി നാളെ കൂടെ കൊൽക്കത്തയിൽ കറങ്ങി രാത്രി സിക്കിം ലേക്ക്. പെട്ടെന്ന്
ഫ്രഷ് ആയി ഉറങ്ങാൻ കിടന്നു.





No comments:
Post a Comment