Sunday, March 29, 2026

കൊൽക്കത്ത വഴി സിക്കിം - Day 4

ജൽപായ്ഗുരി ടു ഗാങ്ടോക്ക്

“If you don’t know where you’re going, any road will get you there.” – Lewis Carroll

 രാവിലെ ഏകദേശം 8.45 ന് NJP (ന്യു ജൽപായ്ഗുരി) സ്റ്റേഷനിൽ എത്തി. തിരക്ക് പിടിച്ച, വൃത്തിഹീനമായൊരു സ്റ്റേഷൻ. സിക്കിമിലേക്ക് റെയിൽപാത ഇല്ല. ഗാംഗ്ടോക്കില്‍ നിന്നും 145 കിലോമീറ്റര്‍ അകലെയായി സിലിഗുരി, 188 KM അകലെയായി ജൽപായ്ഗുരി തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളാണ്. ഇവിടെയിറങ്ങി ടാക്സി പിടിച്ചു പോണം.

 സ്റ്റേഷനിൽ പുറത്തേക്കിറങ്ങിയ ഞങ്ങളെ ദീർഘദൂര ടാക്സിക്കാർ വന്നു പൊതിഞ്ഞു. സിക്കിമിലേക്കും ഡാർജിലിങ്ലേക്കുമെല്ലാം വിളിക്കുന്നുണ്ട്. ഞങ്ങൾക്ക് ഇവിടെനിന്ന് സിക്കിമിലേക്ക് ടാക്സി ഒപ്പിക്കണം. ഏകദേശം 5000 ഒക്കെ വരും എന്നറിയാം. വരുന്നവർ കൂടുതലും, കൊൽക്കത്ത - സിക്കിം യാത്ര കൂടാതെ രണ്ടോ മൂന്നോ ദിവസത്തെ   സിക്കിം പാക്കേജ് കൂടി എടുത്താൽ പൈസ കുറച്ചു തരും അല്ലേൽ, 6000 രൂപയിൽ കൂടുതലാണ്.   ഞങ്ങൾ ടാക്സിക്കാർക്കിടയിലൂടെ അവരെ ഒഴിവാക്കി ചെളിയും വെള്ളവും ഉള്ള പാർക്കിങ് ഏരിയയിലൂടെ പുറത്തേക്കു നടന്നു. പോകുന്നവഴിക്കു വിലപേശലും നടക്കുന്നുണ്ട്. അവസാനം 4000 ഉറപ്പിച്ച രണ്ടുപേർക്കു പിന്നാലെ ഞങ്ങൾ നടന്നു. ഇവർ ഇടനിലക്കാരാണെന്നു പിന്നെ മനസ്സിലായി.അവർ ഒരു സിക്കിംകാരനടുത്തെത്തി, അവരുടെ കമ്മീഷൻ പറഞ്ഞുറപ്പിച്ച ശേഷം ഞങ്ങളുടെ ലഗേജ് എല്ലാം വച്ചോളാൻ പറഞ്ഞു. 

 ഒരു പഴയ ഇന്നോവ, ബാഗുകൾ കുറച്ചു ഡിക്കിയിലും ബാക്കി മുകളിലുമായി വച്ചു. ഡ്രൈവർ ഏതോ വിലകുറഞ്ഞ ഷീറ്റുമേലെ പൊതിഞ്ഞുകെട്ടി. അതിനു മഴചാറലിനെ ദുർബലമായി പ്രതിരോധിക്കാൻ മാത്രമേ പറ്റൂ. കമ്മീഷന്റെ കാര്യത്തിൽ അവനും അവരും തമ്മിൽ കുറെ നേരം വാക്ക് തർക്കമായി. അവസാനം സെറ്റ് ആയി. ബിക്രം അതാണവൻ പേര് പറഞ്ഞത്, 45 -50 വയസ്സ് തോന്നിക്കുന്ന സുന്ദരനായ ഒരു സിക്കിംകാരൻ. സിക്കിമിലെത്തിക്കാൻ മാത്രമായി ഞങ്ങൾ വിളിച്ചെങ്കിലും അവൻ കറങ്ങി തിരിഞ്ഞു ബൂമറാങ് പോലെ ട്രിപ്പ് കഴിയുന്നത് വരെ ഞങ്ങളുടെ കൂടെത്തന്നെ ഉണ്ടാവും എന്ന് കരുതിയില്ല.


സിക്കിമിൽ സ്റ്റേ, BSNL റൂം ബുക്ക് ചെയ്തിരുന്നു - ഗാങ്ടോക്കിൽ. IQ കെയർ ടേക്കർ മിഥുന്റെ നമ്പർ, ഇൻചാർജ് SDE അയച്ചു തന്നിരുന്നു. മിഥുനെ വിളിച്ചു വൈകുന്നേരം ഞങ്ങൾ എത്തും എന്ന് വിളിച്ചു പറഞ്ഞു. അവൻ ലൊക്കേഷൻ whatsapp ചെയ്തേക്കാം എന്ന് പറഞ്ഞു. സ്ഥലപ്പേരു ‘ബോജോഗാരി’ ആണത്രേ. ഞങ്ങളങ്ങനെ സിക്കിമിലേക്ക് യാത്ര തുടങ്ങി. പോകുന്നവഴിക്കു നല്ലഹോട്ടലിൽ നിര്ത്താന് പറഞ്ഞു, വിശപ്പ് തുടങ്ങിയിരിക്കുന്നു. അവനും നല്ല വിശപ്പുണ്ട്-നിർത്തിക്കോളാം എന്നുപറഞ്ഞു.

ഏകദേശം ഒരു മണിക്കൂർ ഓട്ട ത്തിനു ശേഷം വിക്രം ഒരു ഹോട്ടൽ നു മുന്നിൽ നിറുത്തി. ഒരു രണ്ടു നില വീട് പോലെ തോന്നിക്കുന്ന ഹോട്ടൽ. തൊട്ടടുത്ത് കുന്നുകളും അരുവിയും ഒക്കെ ഉണ്ട്. ഞങ്ങൾ മുകൾ നിലയിലേക്ക് ചെന്നു. പൂരിയും കടലക്കറിയും തൈരും ഓർഡർ ചെയ്തു . ജനലിനരികെ ചെന്ന് നിന്ന് പുറത്തേക്കു നോക്കിയാൽ മനോഹരമായ വ്യൂ പോയ്ന്റ്സ്. ദൂരെ കോട പൊതിഞ്ഞ മലനിരകൾ വരിവരിയായി നിൽക്കുന്നു. ഇടയ്ക്കു ഒഴുകുന്ന, വലുതും ചെറുതുമായ തെളിനീരുറവകൾ. കൊൽക്കത്തയിൽ നിന്ന് സിക്കിമിലേക്കുള്ള മാറ്റം കാണുന്നുണ്ട്. മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യയിലെ മനോഹരമായ സംസ്ഥാനം ഇനി കുറച്ചു സമയം കൂടി കഴിഞ്ഞാൽ ഞങ്ങളെ സ്വാഗതം ചെയ്യാൻ പോവുന്നു!

ഇന്ത്യയിലെ പ്രകൃതിരമണീയമായ ഒരു ചെറുസംസ്ഥാനമാണ് സിക്കിം. 1975 വരെ ചോഗ്യാൽ രാജവംശത്തിന്റെ ഭരണത്തിലായിരുന്ന സിക്കിം, ജനഹിത പരിശോധനയിലൂടെ ഇന്ത്യയുടെ 22-ാമത്തെ സംസ്ഥാനമായി ചേർന്നു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ കാഞ്ചൻജംഗ ഇവിടെയാണ്. ടൂറിസം, ബുദ്ധവിഹാരങ്ങൾ, മഞ്ഞുമൂടിയ മലനിരകൾ എന്നിവയ്ക്ക് പ്രശസ്തമായ ഈ സംസ്ഥാനത്തിന്റെ അതിരുകൾ: നേപ്പാൾ (പടിഞ്ഞാറ്), ഭൂട്ടാൻ (കിഴക്ക്), ചൈനയുടെ ടിബറ്റ് (വടക്ക്), പശ്ചിമ ബംഗാൾ (തെക്ക്) ഇങ്ങനെയാണ്. സെവന്‍ സിസ്റ്റേഴ്സ് (അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാ‌ൻഡ്, ത്രിപുര)   എന്നറിയപ്പെടുന്ന ഏഴ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ ബ്രദർ ആണ് ഈ ഹിമാലയൻ സംസ്ഥാനം. നോര്‍ത്ത് സിക്കിം, സൗത്ത് സിക്കിം, വെസ്റ്റ് സിക്കിം എന്നിങ്ങനെ ടൂറിസ്റ് മാപ്പിൽ സിക്കിമിനെ പ്രത്യേകം കാണാം. ഞങ്ങൾ നോർത്ത് സിക്കിം കാണാനാണു പ്ലാൻ.

 ഭക്ഷണം കഴിച്ചു പെട്ടെന്നിറങ്ങി. നാലു മണിക്കൂറെങ്കിലും യാത്ര ഉണ്ടാകും . വയനാട് ചുരം കയറുന്ന പോലെ തോന്നി . കുന്നുകൾ ക്കിടയിലൂടെ കയറി  ഞങ്ങൾ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വണ്ടിയിൽ ഇരുന്നു . വിക്രം കൂടുതൽ സംഭാഷണ പ്രിയനല്ല, പക്ഷെ ഇംഗ്ലീഷ് കുഴപ്പമില്ലാതെ സംസാരിക്കും.  ബംഗാൾ കഴിഞ്ഞു സിക്കിം എത്താറായി , ദൂരെ ഷീറ്റ് മേഞ്ഞ ഇളം പച്ചയും മഞ്ഞയും ചായമടിച്ച ആസ്ബറ്റോസ് വീടുകളും കടകളും  വഴിയിൽ കാണുന്ന സിക്കിം ഛായ ഉള്ള ആളുകളെയും കാണാം. മഴ ഒരു രസം കൊല്ലിയായി കൂടെ വരുന്നത് കൊണ്ട് ഇടയ്ക്കു നിറുത്തി ഫോട്ടോ എടുപ്പും ഒന്നും പറ്റിയില്ല.

ഏകദേശം 4 മണി യോടുകൂടി ഞങ്ങൾ തലസ്ഥാന നഗരമായ ഗാങ്ടോക്ക്ൽ എത്തി. വൃത്തിയും വെടിപ്പുമുള്ള, മനോഹരമായ ഒരു കൊച്ചു സിറ്റി. സംസ്ഥാനത്തിലെ വലിയ പട്ടണമാണിത്. കിഴക്കൻ ഹിമാലയ നിരയിൽ, ശിവാലിക് പർവത്തിനു മുകളിൽ, സമുദ്ര നിരപ്പിൽ 1676m ഉയരത്തിൽ ഉള്ള പട്ടണം. ചെറിയ കണ്ണുകളുള്ള, വെളുത്ത ഉയരം കുറഞ്ഞ സുന്ദരന്മാരെയും സുന്ദരികളെയും കാണാം. ഏതോ സ്കൂൾ വിട്ടു കുട്ടികൾ കൂട്ടമായി നടന്നു പോകുന്നുണ്ട്.ഇത്രയും തിരക്ക് പിടിച്ച സമയമായിട്ടു കൂടി,കൊൽക്കത്തയിലെ പോലെ ഇവിടെ ഹോൺ അടി ബഹളമില്ല . വിക്രം ഇവിടെവരെയെ ഉണ്ടാവൂ എന്ന് പറഞ്ഞു. ഇവിടെ നിന്ന് അങ്ങോട്ട് വലിയ വണ്ടികൾ കടത്തി വിടില്ലത്രേ. അവൻ ഒരു ടാക്സി പാർക്കിംഗ് ഏരിയയിൽ നിറുത്തിതന്നു. ബൊജോഗാരി ഇവിടുന്നു കൂടുതൽ ദൂരമില്ല ചെറിയ ടാക്സികാറുകൾ കിട്ടും എന്ന് പറഞ്ഞു. പൈസ കൊടുത്തു - എന്തെങ്കിലും വണ്ടി ആവശ്യം ഉണ്ടേൽ വിളിക്കാം എന്ന് പറഞ്ഞു അവനെ വിട്ടു. പെർ ഹെഡ്‍ 40 രൂപ വച്ച് രണ്ടുടാക്സി കാറുകളിലായി ഞങ്ങൾ റൂമിലേക്ക് വിട്ടു. കുന്നുകൾക്കിടയിലൂടെ ഉള്ള റോഡ്. ഇടയ്ക്കു വീടുകളും കടകളും ഉണ്ട്. കൂടുതൽ ബഹളക്കാരല്ല ഇവിടത്തുകാർ.

     നോർത്ത് സിക്കിംലേക്ക് ഉള്ള റൂട്ട് തന്നെ ആണ് ഞങ്ങൾ തങ്ങേണ്ട റൂമി ലേക്കുള്ള വഴി.  ഇവിടുന്നു റൂം  ഏകദേശം മൂന്നര കിലോമീറ്റര് ഉള്ളൂ. പോകുന്ന വഴിയിൽ നമ്മുടെ BSNL ഓഫീസ് കണ്ടു . ഇവിടെയാവും കോണ്ടാക്ട് ചെയ്ത SDE ജോലി ചെയ്യുന്നത് - Mr.അനിൽ ഭാട്ടി. പോകുന്നവഴിയിൽ ചെറിയൊരു അങ്ങാടി കണ്ടത് ഒഴിച്ചാൽ പിന്നെ മലകൾ മാത്രമേ ഉള്ളൂ. ഇടയ്ക്കു വീടും ചേർന്ന് അവർ തന്നെ നടത്തുന്ന കടകളും. ഇവിടെ സ്ത്രീകൾ ആണ് കൂടുതലും കച്ചവടം നടത്തുന്നത് എന്ന് തോന്നുന്നു. ഞങ്ങൾ പെട്ടെന്ന് IQ വിനടുത്തെത്തി. ചെറിയ ഉയരത്തിൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ്കൾ. അതിൽ ചെറിയ ഒരു വീടാണ് ഞങ്ങൾക്ക് ഉള്ളത് . കെയർ ടേക്കർ മിഥുൻ പുറത്തു വന്നു. ശാന്തനായ ഒരു ചെറുപ്പക്കാരൻ. അവനു ഇംഗ്ലീഷ് തീരെ വശമില്ല. ഇവിടെയും ഞങ്ങളുടെ മുറി ഹിന്ദി വച്ച് ഓടിക്കണം. മൂന്നു റൂം, കിച്ചൻ അടുത്തായി ഡൈനിങ്ങ് റൂം, ലിവിങ് റൂം. മിഥുനും ഫാമിലിയും   വേറൊരു റൂം ലാണ് . ഞങ്ങൾ ആറു പേര്, രണ്ടു പേര് വീതമുള്ള മൂന്നു റൂമുകളിലേക്ക് മാറി. പെട്ടെന്ന് ഫ്രഷ് ആയി. വൈകുന്നേരം ആയതേ ഉള്ളൂ, വരുന്ന വഴിക്കു കണ്ട മനോഹരമായ സിറ്റിയായ ‘ഗാങ്ടോക്ക്- എം ജി മാർഗ്’ ലേക്കു പോയി വരാൻ   സമയം ഉണ്ട്. . മിഥുനും ഭാര്യയും പെട്ടെന്ന് ടീ റെഡി ആക്കി തന്നു. രാത്രി ചിക്കൻകറി തരാം, റൊട്ടി ഉണ്ടാവും റൈസ് വേണേൽ ഉണ്ടാക്കാം എന്ന് പറഞ്ഞു. ഞങ്ങൾ ഹാപ്പി ആയി.പുറത്തിറങ്ങിയപ്പോൾ പെട്ടെന്ന് ടാക്സി കിട്ടി.

 മനോഹരമായി അറേഞ്ച് ചെയ്ത ഒരു ഷോപ്പിംഗ് ഏരിയ ആണ് എംജി മാർഗ്.  കോൺക്രീറ്റ് പാകി മിനുക്കിയ നടപ്പാതക്ക് നടുക്ക് ഗാന്ധി പ്രതിമ, നീളത്തിൽ ചെടികൾ വച്ച് അങ്ങേ അറ്റത്തു ഇവിടത്തെ സംസ്ഥാന മൃഗം ഭീമൻ പാൻഡയുടെ പ്രതിമ. നടപ്പാതക്കു രണ്ടു സൈഡിലും പല തരത്തിലുള്ള കച്ചവടക്കാർ. കൂടുതലും  കൗതുക വസ്തുക്കൾ വില്പനക്കാരാണ് . സിക്കിമി ന്റെ ഓർമക്കായി പർച്ചെയ്‌സ് ചെയ്യാനായി ഞങ്ങൾ കയറി. ബുദ്ധനും ചൈനീസ് വ്യാളിയും പാൻഡയും എല്ലാം കീചെയ്ൻ ആയും പാത്രങ്ങൾ ആയും ഒക്കെ ഉണ്ട്. വളരെ ലൈവ് ആയ മാർക്കറ്റ്. ഇടയ്ക്കു വൈൻ - മദ്യ ഷോപ്പുകളും ഹോട്ടലുകളും ഒക്കെ ഉണ്ട്. കച്ചവടക്കാർ ആരും ബഹളം വച്ച് നമ്മെകൊണ്ട് വാങ്ങിപ്പിക്കാൻ ശ്രമിക്കുന്നില്ല. നിങ്ങള്ക്ക് വേണേൽ വാങ്ങിക്കോ എന്ന സ്റ്റൈൽ ആണ്. ഞങ്ങൾ പല ഷോപ്പുകളിൽ കയറിവാങ്ങി. ഇടയിലുള്ള ഒരു ബാർ-ഹോട്ടൽ കയറി. ചൈനീസ് സ്റ്റൈൽ ചുമർ ചിത്രങ്ങൾ ഉള്ള അവിടെ സുന്ദരികളായ നേപ്പാളികുട്ടികളാണ് ജോലിക്കാർ. ചിക്കെൻ ലോലിപോപ്പും വൈൻ വേണ്ടവർ അതും കഴിച്ചു- സൂപ്പർ ടേസ്റ്റ് . ഈ ട്രിപ്പ് ലെ ഓർമയിൽ സൂക്ഷിക്കാൻ പറ്റിയ ആദ്യ ഭക്ഷണം. ശ്രീ നഗറിലെ ‘കരിമ’ ഹോട്ടലിലെ മട്ടൺ റോഗൻ ജോഷ്, അജ്‌മീർ-ലെ റൂമിലെ കെയർ ടേക്കർ ഉണ്ടാക്കി തന്ന ചിക്കെൻ, മട്ടൺ കറികൾ പോലെ.  


എം ജി മാർഗ് കുറെ നടന്നു കണ്ടു, ഫോട്ടോ എടുത്തു ഞങ്ങൾ 8 മണിയോട് കൂടി തിരിച്ചു റൂമിലേക്ക് പോന്നു. അവിടെ മിഥുൻ വലിയ ഒരു പാത്രം നിറയെ ചിക്കൻ കറിയും, റൊട്ടിയും, ചോറുമായി ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. വേഗം ഡ്രസ്സ്മാറി കഴിക്കാനിരുന്നു. കറി ഒരു ബംഗാളി സ്റ്റൈൽ ആണ്. കഴിഞ്ഞ വര്ഷം അജ്‌മീർ റൂമിലെ കെയർ ടേക്കർ ചേട്ടൻ വച്ച് തന്ന കറിയുടെ ഏഴയലത്തു വരില്ല. എന്നാലും കൊള്ളാം. മിഥുൻ സൗമ്യനും ശാന്തനും ആണ്. ആശാന്റെ നാട് കൊൽക്കത്തയാണ്. നാളെ ഞങ്ങൾക്ക് പോകേണ്ട സ്ഥലങ്ങൾ എല്ലാം മനോഹരങ്ങളായ സ്ഥലങ്ങൾ ആണെന്നവൻ പറഞ്ഞു.  ഞങ്ങൾ റൂം ബുക്ക് ചെയ്തത് ഇന്ന് കഴിഞ്ഞാൽ പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ്. അതായത്, നോർത്ത് സിക്കിം കണ്ടു തിരിച്ചു ഇവിടെ തന്നെവന്നു, ഗാങ്ടോക്കിനടുത്തുള്ള സ്ഥലങ്ങൾ കണ്ടു കൊൽക്കത്തയിലേക്ക് തിരിച്ചു പോകൽ. ഈ റൂമിൽ    വേറെ ആൾക്കാർ നാളെ വൈകിട്ട് വരും, ലഗേജ് എല്ലാം ഒരു റൂമിൽ വച്ച് അടച്ചു പൊയ്ക്കോളാൻ അവൻ സമ്മതിച്ചു. രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സും സാധനങ്ങളും എടുക്കാൻ ചെറിയ ബാഗുകൾ എടുത്താൽ മതിയാകും.  നാളെ രാവിലെ, നേരത്തെ ബ്രേക്ക് ഫാസ്റ്റ്  ആക്കി തരാമെന്നു ഞങ്ങൾ പറയാതെ തന്നെ അവൻ  പറഞ്ഞു .

    ഞങ്ങൾ നാളത്തെ പ്ലാനുവേണ്ടി ഒരു റൂമിൽ ഒത്തു കൂടി. പ്രശാന്ത് പ്ലാൻ ഒന്നുകൂടി പറഞ്ഞു. നാളെ, ഒക്ടോബര് 4 നു, രാവിലെ ഇവിടെ നിന്നും ഇറങ്ങണം “ലാചെൻ” ലേക്ക്, ഇവിടെ നിന്ന് ഏകദേശം 110KM ഉണ്ടാകും. പോകുന്ന വഴിയിൽ ബട്ടർ ഫ്ലൈ വാട്ടർഫാൾ, സെവൻ സിസ്റ്റർ വാട്ടർഫാൾ, നാഗ വാട്ടർഫാൾ, ചുങ് താങ് ഡാം തുടങ്ങിയ സ്ഥലങ്ങൾ കയറിയിറങ്ങി ലാചെനിൽ. അവിടെ സ്റ്റേ.      

     തൊട്ടടുത്ത ദിവസം, അതായത് 5 നു “ലാചുങ്” ലേക്ക് (ഏകദേശം 50KM) പോകുന്ന വഴി ഗുരുഡോങ്ങ്മാർഗ് തടാകം, ഭീമല വാട്ടർഫാൾ ഒക്കെ കാണാം. തൊട്ടടുത്ത ദിവസം തിരിച്ചു വരുമ്പോൾ യുങ്താങ് വാലി, സീറോ പോയിന്റ്.

  വെറുതെ നെറ്റിൽ ലാ ചെനും ലാ ചുങ്ങും അവിടത്തെ പ്രധാന സ്ഥലങ്ങളും പരതി നോക്കി. യാത്ര മാഗസിനിൽ, ലാചെനിലെ   ഏതോ വില്ലേജ് ഹോം സ്റ്റേയിൽ താമസിച്ചതിന്റെ അതിമനോഹരമായ യാത്രാ കുറിപ്പ് വായിച്ചതോർമ വന്നു. നോർത്ത് സിക്കിമിലെ പ്രശാന്തസുന്ദരമായ ഒരു കൊച്ചു പട്ടണമാണ് ലാചെൻ (വലിയ ചുരം). സമുദ്ര നിരപ്പിൽ നിന്ന് 2750m ഉയരത്തിൽ ഇൻഡോ-ടിബറ്റൻ ബോർഡർ നടുത്താണ്. അത് പോലെ ലാചുങ്ങും അതി മനോഹരമായ ഹിൽ സ്റ്റേഷൻ ആണ്. മഞ്ഞ് മൂടിയ കൊടുമുടികളും, വളഞ്ഞു പുളഞ്ഞൊഴുകുന്ന നദികളും അതിമനോഹരമായ താഴ്വരകളും നിറഞ്ഞൊരിടം. ഇവിടത്തെ ടിബറ്റൻ മൊണാസ്റ്ററികൾ, ഗരുഡോങ്ങ്മാർ തടാകം, യങ്താങ് വാലി, ചൊലാമു ലേക്, സീറോ പോയിന്റ് എല്ലാം ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട സ്ഥലങ്ങൾ ആണ്.

  സിക്കിമിലെ വടക്കൻ ഭാഗത്ത്, ചൈനീസ്-ടിബറ്റൻ അതിർത്തിയോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന് 17,800 അടി (5,430 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു തടാകമാണ് ഗുരുഡോങ്മർ. ലോകത്തിലെ ഏറ്റവും ഉയർന്ന തടാകങ്ങളിൽ ഒന്നായ ഇത്, ബുദ്ധമതക്കാർ, സിഖുകാർ, ഹിന്ദുക്കൾ എന്നിവർക്ക് പുണ്യസ്ഥലമാണ്. ഗുരു പത്മസംഭവയുടെ പേരിലുള്ള ഈ തടാകം വർഷം മുഴുവനും ഭാഗികമായി മരവിക്കാത്ത അപൂർവ കാഴ്ചയാണ്.അങ്ങേയറ്റം തണുപ്പുള്ള ശൈത്യകാലത്ത് പോലും തടാകത്തിൻ്റെ ഒരു ഭാഗം മരവിക്കില്ല. ഇത് ടീസ്റ്റനദിയുടെ ഉത്ഭവസ്ഥാനങ്ങളിൽ ഒന്നാണ്. ഏപ്രിൽ മുതൽ ജൂൺ വരെയാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ശൈത്യകാലത്ത് തടാകം പൂർണ്ണമായും മഞ്ഞുമൂടിയിരിക്കും.  ലാചുങ്ങിന്സമീപമുള്ള അതിമനോഹരമായ ഒരു മഞ്ഞുമല പ്രദേശമാണ് സീറോ പോയിന്റ് (Zero Point) അഥവാ യുമെസംഡോങ് (Yumesamdong). സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ വർഷത്തിൽ മിക്കവാറും സമയങ്ങളിൽ മഞ്ഞ് ലഭിക്കുന്നു. റോഡ് അവസാനിക്കുന്ന സ്ഥലം എന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്. ഡിസംബർ മുതൽ മാർച്ച് വരെ നല്ല മഞ്ഞ് ലഭിക്കുന്ന സമയമാണ്. ഇവിടേക്ക് പോകുന്നതിന് പെർമിറ്റ് ആവശ്യമാണ്.

 രാവിലെ നേരത്തെ ഇറങ്ങാൻ ഉള്ളത് കൊണ്ട് വേഗം ഉറങ്ങാൻ തീരുമാനിച്ചു. നെറ്റിൽ പരതുന്നതു നിറുത്തി. നാളെ നേരിട്ട് കാണാനുള്ളതല്ലേ.  തണുപ്പ് ചെറിയ തോതിൽ ഉള്ളൂ. 14-16 ഡിഗ്രി. ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ, പുറത്തു മഴ പെയ്യുന്നുണ്ട്.  ദൂരെ നിഴലുകളായി കാണുന്ന കുന്നുകളിലൂടെ കയറിയിറങ്ങി വരുന്ന കാറ്റിൽ മരങ്ങൾ ആടിയുലയുന്നുണ്ട്. കാലാവസ്ഥ രാത്രി ആയപ്പോഴേക്കും ഒന്ന് മാറിയിരിക്കുന്നു.    സിക്കിം വിട്ടു പെട്ടെന്ന് മനസ്സൊന്നു കേരളത്തിലേക്ക് പോയി. വീട്ടുകാരൊക്കെ ഉറങ്ങിയിട്ടുണ്ടാവും. മനസ്സിനെന്തോ ഒരു അസ്വസ്ഥത. കുറച്ചു സമയമെടുത്തെങ്കിലും ഉറക്കം പതിയെ കണ്ണുകളെ അടച്ചു.


No comments: