Wednesday, April 8, 2026

കൊൽക്കത്ത വഴി സിക്കിം - Day 6

 

Day 6

ചൈനബോർഡറും,ബാബയും പിന്നെ, മലമുകളിലെ മഞ്ഞു തടാകവും 

Never hesitate to go far away, beyond all seas, all frontiers, all countries, all beliefs” 

– Amin Maalouf

 കഴിഞ്ഞ ദിവസം റൂമിൽ തന്നെ കുടുങ്ങിയത് കൊണ്ട്, പുത്തൻ ഉന്മേഷത്തോടെ എല്ലാവരും രാവിലെ നേരത്തെ തന്നെ റെഡിയായി. മിഥുൻ ചായ ഉണ്ടാക്കി തന്നിരുന്നു. ബ്രേക്ക് ഫാസ്റ്റ് പുറത്തു നിന്ന് കഴിക്കാം എന്ന് വച്ചു. ടൂർ കോ ഓർഡിനേറ്റർ ഏർപ്പാടാക്കി തന്ന ഡ്രൈവർ , ലേറ്റ് ആകാതെ തന്നെ എത്തി. പോകുന്ന വഴിക്കു ഡീസൽ അടിച്ചു യാത്ര തുടങ്ങി. ഡ്രൈവർ അധികം സംസാരിക്കാത്ത ഒരു സിക്കിം കാരനാണ്. സിക്കിമിന്റെ പ്രകൃതി ഭംഗി ആസ്വദിച്ചുള്ള യാത്രയിൽ, അകലെ പർവതങ്ങൾ ക്കിടയിലൂടെയുള്ള   ഹെയർപിൻ റോഡുകളും, താഴേക്ക് ഒഴുകിയിറങ്ങുന്ന നീരുറവകളും കാണുമ്പോൾ വണ്ടി ഇടയ്ക്കു നിറുത്തി ഫോട്ടോ എടുത്തു. മഴ വലിയ പണി തന്നില്ല. 


ഞങ്ങൾ ആദ്യം പോകുന്നത് ഇന്ത്യ -ചൈന ബോർഡർ ആയ നാഥുല പാസ് ലേക്കാണ്. ചരിത്ര പ്രസിദ്ധമായ സിൽക്ക് റൂട്ട് എന്ന വ്യാപാര മാർഗത്തിന്റെ ഭാഗമായിരുന്നു നാഥുല ചുരം. ഇന്ത്യക്കും ചൈനക്കും ഇടയിൽ നേരിട്ടുള്ള ഏക സഞ്ചാര മാർഗം. 14140 Ft ഉയരത്തിലുള്ള ഒരു മൗണ്ടിയൻ ബോർഡർ ആണ്  ഇത്.തീർത്ഥാടകാരുടെ കൈലാസ-മാനസസരോവർ യാത്രയിലെ ഒരു ആൾട്ടർനേറ്റ് റൂട്ട് ആണ്. ഇവിടെ സന്ദർശിക്കാൻ Gangtok- നിന്നുള്ള പാസ് അനിവാര്യമാണ്. വിദേശ ടൂറിസ്റ്റുകൾക്ക് ഇവിടെ പ്രവേശനം ഇല്ല.  ലെപ്ച്ച’ എന്ന വിഭാഗത്തിൽ പെട്ടവരാണ് ഇവിടത്തെ തദ്ദേശീയർ. ബ്രിട്ടീഷ് ഭരണകാലത്തെ പ്രധാനപ്പെട്ട ഒരു കച്ചവട റൂട്ട് ആയിരുന്നത്രേ SILK ROUTE.

ചുറ്റും കോടയാണ്, പ്രകൃതി ഒരു പോർട്രൈറ് ചിത്രം പോലെ കാണാം. കുറച്ചു ദൂരം ഓടിയപ്പോൾ റോഡരികിൽ കച്ചവട സ്ഥാപനങ്ങൾ കാണാൻ പറ്റി. മുകളിലേക്ക് പോകുംതോറും മിക്കവാറും കൊടും തണുപ്പായിരിക്കും കടകളിൽ നിന്ന് വേണേൽ ജാക്കെറ്റും, കയ്യുറയും, ബൂട്സും വാടകക്ക് വാങ്ങി തിരിച്ചു വരുമ്പോൾ കൊടുക്കാം.

ഡ്രൈവർ ഒരു കടക്കു മുന്നിൽ നിറുത്തി.കടയിൽ തണുപ്പിനെ പ്രതിരോധിക്കുന്ന ഡ്രെസ്സുകളും മറ്റുമാണ് കൂടുതൽ. ഉള്ളിൽ  ഭക്ഷണം കഴിക്കാനായുള്ള സൗകര്യവും ഉണ്ട്. താഴേക്കുള്ള കോണിപ്പടി ഇറങ്ങിയാൽ ബാത്ത്-റൂം സൗകര്യവും ഉണ്ട്. തിരിച്ചു വരുമ്പോൾ ലഞ്ച് വേണമെങ്കിൽ മുൻകൂട്ടി ഓർഡർ ചെയ്തു വക്കണം. രണ്ടു സ്ത്രീകളാണ് കട നടത്തിപ്പുകാർ. ഡ്രൈവർക്കു പരിചയമുള്ളവരാണ്.ഞങ്ങളോട് വേണ്ടത് ഓർഡർ ചെയ്തു കഴിച്ചോളാനും, തിരിച്ചു വരുമ്പോൾ ഫുഡ് വേണമെങ്കിൽ ഇപ്പോഴേ ഓർഡർ ചെയ്യണം എന്നും പറഞ്ഞു മൂപ്പർ, അവർ ഭക്ഷണമുണ്ടാക്കുന്നിടത്തു പോയി കത്തിയടി തുടങ്ങി. ഞങ്ങൾ ചായയും ലഘൂവായ ഭക്ഷണവും ഓർഡർ ചെയ്തു പുറത്തെ കാഴ്ചകൾ കണ്ടു നിന്നു. റോഡിൻറെ അങ്ങേ സൈഡ് മുഴുവൻ മലകൾ ആണ്. ചൈനീസ് ബോർഡർ ആയതു കൊണ്ടാണെന്നു തോന്നുന്നു ഇടയ്ക്കിടയ്ക്ക് പട്ടാള വണ്ടികൾ കടന്നു പോകുന്നുണ്ട്.  പ്രഭാത ഭക്ഷണം പെട്ടെന്ന് കഴിച്ചു, ഉച്ചക്കുള്ളതു ഓർഡർ ചെയ്തു ഞങ്ങൾ ഇറങ്ങി.


 മലകയറും തോറും കാലാവസ്ഥയിൽ മാറ്റമുണ്ട്. തണുപ്പ് കൂടി വരുന്നുണ്ട്. റോഡിൽ വാഹനങ്ങൾ കുറവാണു. ഒറ്റപ്പെട്ട മരങ്ങൾ ഒഴിച്ചാൽ, ചുറ്റും പാറക്കെട്ടുകൾ നിറഞ്ഞ മലനിരകൾ. മഞ്ഞു സീസൺ ആണേൽ കുറച്ചു കൂടി ഭംഗി ഉണ്ടാവുമായിരുന്നു. മെയ് മുതൽ ഒക്ടോബർ വരെയാണ് സീസൺ പറയുന്നത്. മഞ്ഞു വീഴ്ച ഒക്ടോബർ അവസാനത്തോടെ തുടങ്ങും. ഡിസംബർ മുതൽ ഫെബ്രുവരി വരെ അതിശൈത്യമാണ്. അപ്പോൾ ചിലപ്പോൾ ഇങ്ങോട്ടുള്ള യാത്ര തടസ്സപ്പെട്ടേക്കാം.

 ഇത്രയും ഉയരത്തിൽ റോഡുകൾ വലിയ കുഴപ്പമില്ലാതെ പരിചരിക്കുന്നത് BRO (ബോർഡർ റോഡ്സ് ഓർഗനൈസേഷൻ) ആണ്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ റോഡുകൾ, പാലങ്ങൾ, ടണലുകൾ എന്നിവ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പ്രധാന ഏജൻസിയാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO). 1960 മെയ് 7-ന് സ്ഥാപിതമായ ഇത് പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. രാജ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം ദുർഘടമായ അതിർത്തി മേഖലകളിൽ വികസനമെത്തിക്കുന്നതിലും BRO നിർണ്ണായക പങ്ക് വഹിക്കുന്നു.

അവസാനം ഞങ്ങൾ നാഥുല യിൽ എത്തി. സഞ്ചാരികൾ 100 താഴെയൊക്കെയെ ഉള്ളൂ. കുന്നിനു മുകളിലേക്ക് പോകാൻ പടികൾ ഉണ്ടാക്കിയിട്ടുണ്ട്. മഴകൊള്ളാതിരിക്കാൻ ഷീറ്റു കൊണ്ട് ചെറിയ മേൽക്കൂരയും കാണാം . മഴച്ചാറൽ ഉണ്ട്. "SWASTIK Welcome You to NATU LA - ALT -14140 Ft. 764 BRTF 188 FCPL" എന്ന മഞ്ഞ ബോർഡിന് മുൻപിൽ ആൾക്കാർ സെൽഫിയും മറ്റും എടുക്കുന്നുണ്ട്. തിരിച്ചിറങ്ങുമ്പോൾ എടുക്കാം എന്ന് പറഞ്ഞു ഞങ്ങൾ പടികൾ കയറാൻ തുടങ്ങി.


ഒരു ബോർഡിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു.

“You are entering a Military zone. The soldiers here are trained professional whose primary role is to safeguard our nation. He is standing here to assist you in making your visit a memorable one. Be courteous to him”

സുരക്ഷാ ഭടന്മാർ കാവൽ നിൽക്കുന്ന രാജ്യത്തിൻറെ ബോർഡർ ലൊക്കേഷൻ ആണിത്. ഇതെല്ലാം കാണുമ്പോൾ അതിന്റേതായ സീരിയസ്നെസ് എല്ലാര്ക്കും സ്വാഭാവികമായും ഉണ്ടാകും. ഏകദേശം മുകളിൽ എത്താറായപ്പോൾ ശ്വാസം എടുക്കുന്നതിൽ ചെറുതായി പ്രശ്നമുള്ളതുപോലെ തോന്നി, ചെറിയ തളർച്ചയും. പേടിയായി, ഗോഡ്, ഇവിടെവരെ വന്നിട്ട് എനിക്ക് മുകളിൽ എത്തി ചൈന അടുത്ത് നിന്ന് കാണാൻ പറ്റില്ലേ? ഞാൻ മറ്റുള്ളവരെ നോക്കി,പ്രശാന്ത് പറഞ്ഞു "എടാ ബ്രീത്തിങ് ഇഷ്യൂ തോന്നുന്നുണ്ട് , എനിക്ക് മുകളിലേക്കു വരാൻ പറ്റുമെന്ന് തോന്നുന്നില്ല." എല്ലാവർക്കും മുകളിലെത്തിയപ്പോൾ പ്രശ്നമുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അത് പെട്ടെന്ന് റെഡി യായി. 



ഉയരത്തിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ കൈകോർത്തു നിൽക്കുന്ന കുറെ മലകൾ, അവക്കിടയിലൂടെ കാണുന്ന വെള്ളച്ചാട്ടങ്ങൾ, റോഡുകൾ. റോഡുകളിലൂടെ വാഹനങ്ങൾ ചെറിയ കളിപ്പാട്ടങ്ങൾ പോലെ. മുള്ളുവേലി കെട്ടി തിരിച്ച ഇപ്പുറത്തു ചൈനയാണ്.  മുകളിൽ പോലീസ് എയിഡ് പോസ്റ്റും കനത്ത സുരക്ഷയും ഉണ്ട്. ഫോട്ടോ എടുക്കാനും മറ്റും പാടില്ല.  അവിടത്തെ ടീ ഷോപ്പിൽ നിന്ന് ചൂട് ചായയും ചെറിയ സ്നാക്സ് ഉം കഴിച്ചു.നാഥുല യിൽ എത്തിയതിന്റെ ഓർമക്കായി ഒരു സർട്ടിഫിക്കറ്റ് അവിടെ നിന്നും 100 രൂപ കൊടുത്താൽ കിട്ടും. അത് വാങ്ങി, സർട്ടിഫിക്കറ്റിൽ നമ്മുടെ ഫോട്ടോ ഒട്ടിക്കാനുള്ള ഇടം ഉണ്ട്. കുറച്ചവിടെ ചുറ്റി തിരിഞ്ഞു, മുള്ളു വേലി ക്കിടയിലൂടെ കാലുകൊണ്ട് ചൈനയെ തൊട്ടു, പോലീസ് കാരുടെ കണ്ണ് വെട്ടിച്ചു കുറച്ചു ഫോട്ടോസ് എടുത്തു ഞങ്ങൾ പുറത്തിറങ്ങി. 


അവിടെ നാഥുല സ്മാരക ഫലകത്തിൽ  എഴുതി വച്ച വാക്കുകൾ പ്രത്യേക ശ്രദ്ധയാകർഷിച്ചു.  “When you go house tell of us, and say for your tomorrow, we gave our today” അവിടെ നിന്ന് സെൽഫി എടുത്തു, ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ അവിടെ ഉണ്ടായിരുന്ന ഒരാളുടെ കയ്യിൽ ഫോൺ കൊടുത്തു എടുപ്പിച്ചു. നാഥുല പാസ് ന്റെ ഓർമക്കായി ഞങ്ങളുടെ കുറെ ഫോട്ടോസ് അയാൾ എടുത്തു തന്നു.

"താങ്ക്സ് പറയെടാ." അജീഷ് ആണ്.

എല്ലാവരും ഒരു നിമിഷം ഒന്ന് പകച്ചു, പിന്നെ കൂട്ടച്ചിരിയായിരുന്നു. "സമ്മതിച്ചു മോനെ, നമ്മളൊരു പണിയും ചെയ്യൂല, താങ്ക്സ് പറച്ചിൽ പോലും മറ്റുള്ളോരു പറയണം" കൈകൂപ്പി കൊണ്ട് അവനോടു ബിനോയ് പറഞ്ഞപ്പോൾ ചിരി വീണ്ടും തുടർന്നു. അറിയാതെ പറഞ്ഞു പോയ ഡയലോഗ് വൈറൽ ആവും എന്ന് അവൻ അപ്പോൾ അറിഞ്ഞില്ല. ടൂർ കഴിയുന്നവരെയും പിന്നീടങ്ങോട്ടും, ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറയാൻ തുടങ്ങി "താങ്ക്സ് പറയെടാ."  



അടുത്ത ലൊക്കേഷൻ ബാബ ഹർഭജൻ സിംഗ് ടെമ്പിൾ ആണ്. 1965 മുതൽ 1968 വരെ ഇന്ത്യൻ ആർമി യിൽ സേവനമനുഷ്ഠിച്ച സിഖ് സോൾജിയർ ആണ് ഇദ്ദേഹം. മരണത്തിനു ശേഷവും ഇന്ത്യൻ ആർമിയെ സേവിക്കുന്ന്നുണ്ടെന്നാണ് ഇവിടത്തെ വിശ്വാസം. നാഥുലാക്കടുത്ത് രക്തസാക്ഷിത്വം വരിച്ച ഇദ്ദേഹം ശത്രുക്കളുടെ പ്ലാനുകൾ എന്താണെന്നു പട്ടാളക്കാരുടെ സ്വപ്നത്തിൽ വന്നു പറഞ്ഞു കൊടുക്കുമത്രേ!  

'നാഥുലയിലെ വീരൻ' എന്ന് അറിയപ്പെടുന്ന ഇദ്ദേഹം, 1968-ലെ മരണശേഷം ഇന്നും അതിർത്തി കാക്കുന്നുവെന്ന് സൈനികർ വിശ്വസിക്കുന്നു. മരണം കഴിഞ്ഞിട്ടും ഇദ്ദേഹത്തിന് ശമ്പളവും അവധിയും ലഭിക്കാറുണ്ടത്രെ. ചെറുപ്രായത്തിൽ (22) നാഥുലാക്കടുത്ത ഒരു ഹിമാനി അരുവിയിൽ മരണപ്പെട്ട ഈ പട്ടാളക്കാരന്റെ മൃതദേഹം സഹപ്രവർത്തകർ ദിവസങ്ങൾ തിരഞ്ഞു നടന്നെങ്കിലും കണ്ടു കിട്ടിയില്ല. അദ്ദേഹം സ്വപ്നത്തിൽ എത്തി കാണിച്ചു കൊടുക്കുകയായിരുന്നത്രെ. മരിച്ചു പോയിട്ടും നമ്മുടെ സേനയെ കാക്കാൻ മരിക്കാത്ത ആത്മാവായി നിലകൊള്ളുന്ന ഈ പട്ടാളക്കാരനെ ആദരിക്കുന്നതിനു വേണ്ടി സേനയുടെ പല നിയമങ്ങളും മാറിമറിഞ്ഞിട്ടുണ്ടെന്നത് ചരിത്രം. ഇദ്ദേഹത്തെ ജീവിച്ചിരിക്കുന്ന ഒരു സൈനികനായി കണ്ട്, 60 വയസ്സുവരെ ശമ്പളം, ആനുകൂല്യങ്ങൾ,  ,പ്രൊമോഷൻ,ലീവ്  എല്ലാം അനുവദിച്ചിരുന്നത്രെ. പെൻഷൻ ആകുന്നതു വരെ, സെപ്തംബർ 11 മുതൽ രണ്ടു മാസം അദ്ദേഹത്തിന് വാർഷിക അവധി നൽകുമായിരുന്നു. ആ സമയത്തു രണ്ടു സൈനികർ ലഗേജുമായി അദ്ദേഹത്തിന്റെവീട്ടിലേക്കു പോകും. തുടർന്ന് രണ്ടു മാസത്തിനു ശേഷം സൈനികർ ലഗേജ് തിരികെ എത്തിക്കുകയും ചെയ്യും. അറുപത് വയസ്സിനു ശേഷം പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കുകയും ചെയ്തു. തുക എല്ലാം അദ്ദേഹത്തിന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് അയച്ചു കൊടുത്തിരുന്നത്.     

രാജ്യങ്ങൾ- അതിർത്തികൾ വെട്ടിപ്പിടിക്കാനും, രാഷ്ട്ര തലവന്മാരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി യുദ്ധങ്ങൾ നടത്തുന്ന ഈ കാലഘട്ടത്തിൽ, ഇതുപോലെ കരയിലും, കടലിലും, ആകാശത്തും രാജ്യത്തെ കാത്ത് രക്ഷിക്കാൻ എത്രയോ സൈനികർ! എല്ലാ സൈനികരെയും ആദരവോടെ ഓർത്തു കൊണ്ട് ഞങ്ങൾ ബാബ ഹർഭജൻസിങ്ന്റെ ഓർമന്ദിരത്തിലെത്തി.  ഇവിടത്തുകാർ ദൈവത്തെ പോലെ ആരാധിക്കുന്ന അമ്പലത്തിൽ എത്തുമ്പോൾ അദ്ദേഹത്തിനെ എത്രമാത്രം സ്നേഹത്തോടെയും കരുതലോടെയും ആണ് ഓർക്കുന്നത് എന്ന് മനസ്സിലായി. പുറത്തു തന്നെ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ആൾക്കാർ ഇവിടെയും അധികമില്ല. നാഥുല പോയി വരുന്ന ആൾക്കാർ ഒക്കെ ഇവിടെയും വരുന്നുണ്ട്. കൂടുതൽ നോർത്ത് സൈഡ് ആൾക്കാർ ആണ്.പട്ടാളക്കാരനെ ദൈവത്തെ പോലെ പൂജിക്കുന്ന വേറെ സ്ഥലം ഉണ്ടോ എന്നറിയില്ല. ഇവിടെ ഓടുമേഞ്ഞ ചെറിയ വീടുകൾ അതിൽ ഒന്നിൽ അദ്ദേഹത്തെ പൂജിക്കുന്ന സ്ഥലമാണ്.

ഒരു സ്റ്റേജ് പോലെ കൃത്രിമ പൂക്കളും, തോരണങ്ങളും കൊണ്ട് അലങ്കരിച്ച്, രണ്ടു സൈഡ് ആനകൊമ്പൻമാരുടെ ചെറിയ പ്രതിമകൾ, ഇവക്കു നടുവിലായി ബാബ. ഞങ്ങൾ അതിനു മുന്നിൽ നിന്ന് ഫോട്ടോ എടുത്തു. ആൾക്കാർ വന്നു പ്രാർത്ഥിക്കുകയും ധ്യാന നിമഗ്നരായി ഇരിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ പുറത്തിറങ്ങി, ഒരു വലിയ പാർക്ക് പോലെ ക്രമീകരിച്ച അവിടെ നമ്മുടെ ദേശ സ്നേഹത്തെ ഊട്ടിയുറപ്പിക്കാൻ തക്കതായ കാര്യങ്ങൾ ആണുള്ളത്.  തിരങ്കാ (Sponcered by Flag foundation of India headed by Naveen Jindal Hon.MP) എന്ന പേരിൽ കാണുന്ന വലിയ കൊടിമരം, ബാബ ഹർഭജൻ സിംഗ് വാൾ ഓഫ് ബ്ലസിങ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു അവിടെ നിന്നിറങ്ങി.

ഇറങ്ങുമ്പോൾ, ഹിന്ദിയിലെ പ്രശസ്തമായ ഒരു ഷോർട് ഫിലിം ഓർത്തു. 'പ്ലസ്-മൈനസ്'. ഒരു ട്രെയിൻ യാത്രക്കിടെ തന്റെ നല്ലതല്ലാത്ത സ്വഭാവം, ഒരു യുവ സൈനികനുമായുള്ള സമ്പർക്കം മൂലം മാറ്റിയെടുക്കുന്ന ഒരു യുവതി. ട്രെയിനിൽ കയറുമ്പോൾ, തന്റെ ഭർത്താവിന്റെ അമ്മയോടുള്ള ദേഷ്യവും, വെറുപ്പും സംസാരത്തിലൂടെയും, ചലനങ്ങളൂടേയും പ്രകടിപ്പിക്കുന്ന യുവതിയെ എല്ലാവരും വെറുപ്പോടെയായിരുന്നു കണ്ടിരുന്നത്. തന്റെ കൂടെ ട്രെയിനിൽ യാത്ര ചെയ്ത യുവസൈനികൻ, അവളുടെ അതുവരെയുള്ള സ്വഭാവങ്ങളെ യാത്രയിൽ മാറ്റിയെടുക്കുന്നു. ഒരു ഗുരുവിനെ പോലെ തന്റെ അതുവരെയുള്ള ചിന്തകളെയും വിശ്വാസങ്ങളെയും മാറ്റിയെടുത്ത അദ്ദേഹത്തിനെ, തന്റെ ഭർത്താവിന് പരിചയപ്പെടുത്താൻ ഇറങ്ങുന്ന സ്റ്റേഷനിൽ ചുറ്റും നോക്കുന്ന അവൾക്കു അദ്ദേഹത്തെ കാണാൻ കഴിയുന്നില്ല. കൂടെയുണ്ടായിരുന്ന മറ്റു സൈനികരോട് ഹർഭജൻ സിങ് എന്ന യുവ സൈനികനെ കുറിച്ച് അന്വേഷിച്ചപ്പോൾ അദ്ദേഹം വര്ഷങ്ങള്ക്കു മുൻപേ മരണപ്പെട്ട ഒരു സൈനികനാണെന്നു അറിയുന്നിടത്തു കഥ തീരുകയാണ്. നാഥുലയുടെ ദൈവം ബാബ ഹർഭജൻ -നാഥുല മുഴുവൻ അദ്ദേഹം നിറഞ്ഞു നിൽക്കുകയാണ്.


ഞങ്ങളുടെ അടുത്ത സ്പോട്ട് സോൻഗോ (Tsomgo Lake) തടാകം ആണ്. ചാങ്കു എന്ന പേരിലും അറിയപ്പെടുന്ന തടകം   ഗാങ്ടോക്ക് നിന്നും ഏകദേശം 40കിലോമീറ്റർ ദൂരത്താണ്. സമുദ്ര നിരപ്പിൽ നിന്നും 12313 അടി ഉയരത്തിലുള്ള ഹിമ തടാകം മഞ്ഞുകാലത്തു മുഴുവനായി മഞ്ഞു നിറഞ്ഞു കിടക്കുമത്രേ.വളഞ്ഞു പുളഞ്ഞു കിടക്കുന്ന പർവത പാതയിലൂടെ ഞങ്ങൾ തടാകത്തിനടുത്തെത്തിയപ്പോൾ ഞങ്ങളെ കാത്തു കുറെ യാക്കുകളും അവരുടെ ഉടമസ്ഥരും അവിടെ ഉണ്ടായിരുന്നു. സഞ്ചാരികൾ രണ്ടോ മൂന്നോ ഫാമിലികൾ മാത്രം. ചെറിയ ചാറ്റൽ മഴയിൽ മടി പിടിച്ചു കിടക്കുന്ന തടിയൻ യാക്കുകൾ. യാക്കുകളുടെ   പുറത്തു കയറി ഫോട്ടോ എടുക്കാൻ ചെറിയൊരു വിലപേശൽ നടത്തി. എല്ലാരും യാക്കിന്റെ പുറത്തു കയറി ഫോട്ടോ എടുത്തു. ഉയരമില്ലാത്ത ഒരു സാധു മൃഗം, മഴകൊണ്ട് കിടക്കുന്നതിനിടെ യജമാനൻ മാർ എഴുന്നേൽപ്പിച്ചു നിറുത്തിയപ്പോള് മടിയോടെ, പ്രത്യേക ഭാവഭേദമില്ലാതെ എഴുനേറ്റുനിന്നു, അവയുടെ നിലംതൊടുന്ന രോമക്കുപ്പായത്തിൽ നിന്ന് വെള്ളത്തുള്ളികൾ താഴേക്ക് വീഴുന്നുണ്ട്. യാക്കുകളെ വിട്ടു, മലമുകളിലെ മനോഹരമായ   തടാകം കുറച്ചു നിന്ന് കണ്ടു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി . 

തിരിച്ചു വരുന്ന വഴി പഴയ ഹോട്ടലിൽ കയറി ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു. റൈസ്-കറി ,  എഗ്ഗ്-മാഗി ആണ് കഴിച്ചത്. തല്ലിപ്പൊളി ഫുഡ് ആയിരുന്നു. മൂന്നു മണി കഴിഞ്ഞിരുന്നു, വേറെ മാർഗം ഇല്ലാത്തതു കൊണ്ട് ഫുഡ് കഴിച്ചെന്നു വരുത്തി അവിടെനിന്നും ഇറങ്ങി. തിരിച്ചുവരുന്ന വഴി, മഴ മാറി നിന്നിരുന്നതുകൊണ്ടു പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാനായി. ഇടയ്ക്കിടയ്ക്ക് വണ്ടി നിറുത്തി, വെളുത്ത പുകമഞ്ഞിൽ കുളിച്ചു നിൽക്കുന്ന പർവതങ്ങളുടെ ഭംഗി ക്യാമെറയിൽ ഒപ്പിയെടുത്തു. വരുന്ന വഴിക്കു ഗാങ്ടോക്ക് നടുത്തുള്ള ഗണേഷ് ടോക് കൂടി കണ്ടു. ഗാംഗ്ടോക്കിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ഗണപതി ക്ഷേത്രമാണ് ഗണേഷ് ടോക്ക് (Ganesh Tok). സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ക്ഷേത്രം, പ്രകൃതിഭംഗിയും ഗാംഗ്ടോക്ക് നഗരത്തിന്റെ മനോഹരമായ കാഴ്ചയും നൽകുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. വളരെ ശാന്തമായ അന്തരീക്ഷമുള്ള ക്ഷേത്രം, മേഘങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നതുപോലെ തോന്നിപ്പിച്ചു.   


തിരിച്ചു ഗാങ്ടോക്ക് എത്തിയപ്പോൾ 5 മണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പകൽ വെളിച്ചത്തിൽ എംജി മാർഗ് ഒന്നുകൂടെ കറങ്ങാമെന്നായി. ഞങ്ങൾ ഡ്രൈവറെ പറഞ്ഞു വിട്ടു. വീണ്ടും എംജി മാർഗിൽ ലയിച്ചു. ധാരാളം സമയം ഉള്ളതുകൊണ്ട് ഡീറ്റൈൽ ആയ ഒരു ഷോപ്പിംഗ് അനുഭവം കിട്ടി.  കുറെ മലയാളികളെ അവിടെ കണ്ടു . അതിൽ സ്ത്രീകൾ മാത്രമായ ഒരു ഗാങ് - തലശ്ശേരിക്കാർ ആണ്. സംസാരിച്ചപ്പോൾ അവർ ഇത് പോലെ സിക്കിം എക്സ് പ്ലോർ ചെയ്യാൻ വന്നതാണ്. ഇവിടെ പെട്ടു . അവർ തിരിച്ചു പോകാൻ പ്ലാൻ ആക്കിയിട്ടുണ്ട്, നാളെ ഡാർജിലിംഗ് പോകുകയാണത്രെ.

 ഞങ്ങൾ ഷോപ്പിങ് തത്കാലം മാറ്റി വെച്ച് തിരിച്ചുപോക്കിനെപറ്റി പ്ലാൻ ചെയ്യാൻ തുടങ്ങി, അവിടെതന്നെ ഉള്ള രണ്ടു മൂന്നു ട്രാവൽ ഏജൻസികൾ കയറിയിറങ്ങിയപ്പോളാണ് ഞെട്ടിക്കുന്ന കുറെ വിവരങ്ങൾ അറിഞ്ഞത് - തിരിച്ചു പോകാനുള്ള വഴിയിൽ അധിക സ്ഥലത്തും റോഡ് പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്. ‘ലാവാ’ എന്ന റൂട്ട് വഴി മാത്രമേ പോകാൻ പറ്റൂ അതും റെസ്ട്രിക്ഷൻ ഉണ്ട്. ഡീസൽ,പെട്രോൾ ക്ഷാമം ആണ്. എല്ലാ പമ്പുകളുടെ മുന്നിലും ക്യൂ ആണ് . എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇന്ന് ഉച്ചയോടെ അടച്ചു. നാഥുല ഒക്കെ ഇനി ഒരറിയിപ്പു ഉണ്ടാകുന്ന വരെ തുറക്കില്ല. ഞങ്ങൾ ഞെട്ടിപ്പോയി, നാഥുലപാസും മറ്റും ഇന്ന് പോയില്ലായിരുന്നെങ്കിൽ   മിസ് ആവുമായിരുന്നു.

പ്രശാന്ത്, ടൂർ കോ ഓർഡിനേറ്റർ നെ വിളിച്ചപ്പോൾ, ഡീസൽ കിട്ടുവാണേൽ നാളെ നേരത്തെ വരം എന്ന് പറഞ്ഞു. ഉറപ്പില്ല! ഞാൻ വിക്രമിനെ ഒന്ന് വിളിച്ചാലോ എന്ന് ചോദിച്ചു. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ നമ്പർ തന്നിരുന്നല്ലോ. ചോദിച്ചപ്പോൾ 12000 രൂപയ്ക്കു പുള്ളി റെഡി ആണെന്ന് പറഞ്ഞു. ഇങ്ങോട്ടു വരുമ്പോൾ കൊടുത്തതിന്റെ മൂന്നിരട്ടി!  എല്ലാവരോടും ചോദിച്ചിട്ടു രാത്രി വിളിക്കാം എന്ന് പറഞ്ഞു . ഒരു ബാക്കപ്പ് ഉള്ളത് നല്ലതാണു. ഞങ്ങൾ പിന്നെ കൂടുതൽ അവിടെ നിന്നില്ല. നേരെ റൂമിലേക്ക് പൊന്നു. എല്ലാര്ക്കും എത്രയും പെട്ടെന്ന് അവിടെ നിന്ന് പോരാൻ ഉള്ള വിചാരമായി. അജീബ് SDE യെ വിളിച്ചപ്പോൾ, നിങ്ങൾ എങ്ങനെ യെങ്കിലും കിട്ടുന്ന വണ്ടിക്കു തിരിച്ചു പോരെ എന്ന് പറഞ്ഞു. കക്ഷി കൂടെ കൊൽക്കത്തയിൽ ജോലി ചെയ്തവരോടെക്കെ ചോദിച്ചു സ്ഥിതിഗതികൾ മനസ്സിലാക്കി വെച്ചിട്ടുണ്ടായിരുന്നു. സിലിഗുരിയിൽ നാളെ എത്തുകയാണേൽ, ഒരു ഹോംസ്റ്റേ ചെറിയ തുകക്ക് ബുക്ക് ചെയ്യാം പിന്നെ തൊട്ടടുത്ത ഒരു ദിവസം തൊട്ടടുത്തുള്ള നേപ്പാൾ അല്ലെങ്കിൽ ഭൂട്ടാൻ പോകാം എന്ന നിർദ്ദേശവും കിട്ടിയപ്പോൾ എല്ലാവരും എനെർജിറ്റിക് ആയി.മിഥുനെ വിളിച്ചു നാളെ രാവിലെ 8 മണിക്ക് പോകുന്ന കാര്യം പറഞ്ഞു. അവൻ കണക്കു റെഡി ആക്കി വച്ചിരുന്നു. ഡ്രൈവറെ വിളിച്ചു നാളെ അതി രാവിലെ വരാൻ പറഞ്ഞു.

അങ്ങനെ സിക്കിമിനോട് വിട പറയുകയാണ് . പ്രതീക്ഷിക്കാത്ത കുറെ അനുഭവങ്ങൾ - ഭാഗ്യവും നിർഭാഗ്യവും ഒന്നിച്ചനുഭവിച്ചു നാളെ ഞങ്ങൾ പോവുകയാണ് - പുറത്തെ ഇരുട്ടിൽ മഴച്ചാറലിന്റെ സംഗീതം. നാളെ ഇനി എന്തൊക്കെയാണാവോ പുതിയ അനുഭവങ്ങൾ? കുഴപ്പമില്ലാതെ സിലിഗുരിയെത്താൻ കഴിഞ്ഞാൽ മതിയായിരുന്നു.പതിയെ ഉറക്കത്തിലേക്കു വീണു.

No comments: