Sunday, May 10, 2026

കൊൽക്കത്ത വഴി സിക്കിം - Day 7 (അവസാന ഭാഗം)

 

Day 7: അവസാന ഭാഗം - ബംഗാൾ വില്ലേജിലെ  ഹോംസ്റ്റേ 

"A good traveler has no fixed plans, and is not intent on arriving" (Lao Tzu)

വണ്ടി ചെറിയ നാട്ടുമ്പുററോഡിലൂടെയാണ് പോകുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞു പോകുന്നവരും,   റോഡ് സൈഡിലെ ചെറിയ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്കു പോകുന്നവരും ടുക്-ടുക് ഓട്ടോകളും റോഡ് കയ്യടക്കിയിരിക്കുന്നു. ഹോൺ അടിച്ചു സാവധാനം ഇവർക്കിടയിലൂടെ വിക്രം ഡ്രൈവ് ചെയ്യുമ്പോൾ ഞങ്ങൾ പുറത്തേക്കു നോക്കിയിരുന്നു.

'CITY OF JOY' - കൊൽക്കത്തയ്ക്ക് 'ആനന്ദത്തിന്റെ നഗരം' എന്ന നാമം ചാർത്തിക്കൊടുത്തത് ഡൊമിനിക് ലാപിയറുടെ പ്രസിദ്ധമായ നോവൽ ആയ City of Joy പിന്നീട് സിനിമയായിരുന്നു. നോവൽ വായിച്ചിട്ടില്ല,വായിക്കണം കൊൽക്കത്ത കണ്ടതിനു ശേഷം ഇത് വായിക്കുമ്പോൾ തീർച്ചയായും അനുഭവം കിട്ടുമായിരിക്കും.

വിക്രം ഇടക്കിടയ്ക്ക് ഹോംസ്റ്റേക്കാരനെ വിളിച്ചു ബംഗാളിയിൽ   റൂട്ട് ചോദിക്കുന്നുണ്ട്. ഇടയ്ക്കു നിറുത്തി പുറത്തെ വഴിയാത്രക്കാരോട് 'പാപ് ടി - പാപ് ടി' എന്ന് ചോദിക്കുന്നുണ്ട്. അതെന്താണെന്നു മനസ്സിലായില്ല. എന്തെങ്കിലും തൊട്ടടുത്ത സ്ഥലമോ ബിൽഡിങ്ങോ ആവാം. ഞങ്ങൾ ഏതെല്ലാമോ ഉൾഗ്രാമത്തിലൂടെയാണ് പോകുന്നത്. ചെറിയ ചേരികളും, വയലുകളും ഇടുങ്ങിയ റോഡുകളും കടന്നു വണ്ടി പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഞങ്ങൾക്ക് ചെറിയപേടി- വഴി തെറ്റിയിട്ടുണ്ടോ? ഹോംസ്റ്റേക്കാരന്   വേറെ ഭാഷ മനസ്സിലാവുന്നുമില്ല. ലൊക്കേഷൻ ഷെയർ ചെയ്യാൻ പറഞ്ഞിട്ട് അവനു മനസ്സിലായില്ല. വിക്രമിനെ കൊണ്ട് ബംഗാളിയിൽ ചോദിച്ചപ്പോൾ അവന്റെ ഫോണിൽ ഇതൊന്നും സപ്പോർട്ട് ചെയ്യില്ലത്രേ. "ഏതോ ബേസിക് ഫോൺ വച്ച് ഹോംസ്റ്റേ നടത്തുന്ന ദരിദ്രവാസി ഓണർ" ആരോ പറഞ്ഞു. ഞാൻ നെറ്റിൽ തപ്പി, ‘ഗ്രീൻ വ്യൂ ഹോംസ്റ്റേ’ ലൊക്കേഷൻ ഇട്ടു. ഇനി 2KM ഉണ്ട്.

 വിക്രം - അവൻ പറഞ്ഞ അറിവ് വച്ചും വഴിയരികിലെ ആൾക്കാരോട്    പാപ് ടി - പാപ് ടി എന്നും ചോദിച്ചു വണ്ടി വിടുന്നതിനിടെ, ഞാൻ ഗൂഗിൾ മാപ്പും ഇട്ടു.            ഏകദേശം 100m നപ്പുറം വലതുവശത്തേക്കു പോകാൻ ഗൂഗിൾ അമ്മച്ചി നിർദ്ദേശിച്ചപ്പോൾ, ഞാൻ പറഞ്ഞു. പക്ഷെ വിക്രം വലത്തേക്ക് തിരിയാതെ നേരെ പോയി. ”ഓണർ പറഞ്ഞ ലൊക്കേഷനിലേക്ക് അങ്ങനെ പോകാൻ പറ്റില്ല. പിന്നെ റോഡ് ചെറിയ റോഡ് ആണ്, അതാവാൻ ഒരു ചാൻസും ഇല്ല” എന്നവൻ ഉറപ്പിച്ചു പറഞ്ഞു. ഗൂഗിൾ മാപ്പിൽ റിട്ടേൺ റൂട്ട് കാണിക്കുന്നത് കൊണ്ട് ഞാൻ പരിപാടി നിർത്തി പുറത്തേക്കു നോക്കിയിരുന്നു.

അജീഷ് ഇടയ്ക്കിടയ്ക്ക് അക്ഷമനായി എന്തൊക്കെയോ പറയുന്നുണ്ട്. "എടാ ഇവൻ ഏതൊക്കെയോ റോഡിലൂടെ കൊണ്ട് പോണുണ്ട്. അവനു ശരിക്കു അറിയില്ല എന്ന് തോന്നുന്നു- വണ്ടി നിറുത്തി ഇവിടെ ആരോടെങ്കിലും കറക്റ്റ് ചോദിച്ചു പോവാം" 

"പക്കാ ബംഗാൾ ഗ്രാമമാണ് ഇവിടെ നിറുത്തി ആരോടെങ്കിലും ചോദിയ്ക്കാൻ ബംഗാളി അറിയേണ്ടി വരും. നീ ചോദിക്ക്വോ? തൽകാലം ഇവൻ   വിടുന്ന സ്ഥലത്തേക്ക് പോകുകയല്ലാതെ ഒരു രക്ഷയുമില്ല" പ്രശാന്ത്   പറഞ്ഞു.

"അവനു വരുന്ന വഴിയിൽ ഏതോ ഹോട്ടലുകാരനുമായി ഡീൽ ആക്കിയതായിരുന്നു. നമ്മൾ അത് പൊളിച്ചു. അതിന്റെ ദേഷ്യം ഉണ്ടാവും" അജീഷ് പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.

ഞങ്ങളുടെ ചർച്ചയുടെ പൊട്ടും പൊടിയും അവനു മനസ്സിലാവുന്നുണ്ടെന്നു തോന്നുന്നു. അവൻ പെട്ടെന്ന് വണ്ടി നിറുത്തി, ഉറക്കെ   പറഞ്ഞു "അരേ, പ്ളീസ് ബി സൈലന്റ്" പിന്നെ ഹിന്ദിയിൽ എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് വീണ്ടും ഓടിക്കാൻ തുടങ്ങി.

പുറത്തു നല്ല ഇരുട്ടായി. വിക്രം വീണ്ടും ഓണറെ വിളിക്കുന്നു, അവനോടു ചൂടാവുന്നു, ഓടിക്കുന്നു-സ്ഥലം മാത്രം എത്തുന്നില്ല. വണ്ടിക്കുള്ളിൽ എല്ലാവരും അക്ഷമരായി. ഇന്ന് രാവിലെ തുടങ്ങിയ സംഭവ ബഹുലമായ യാത്ര ഞങ്ങളെ പല പരീക്ഷണങ്ങളിൽകൂടി   കൊണ്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്.

"എടാ ഈ പ് രാന്തനോട് നിറുത്തി, മാപ് പറയുന്ന വഴിയിൽ കൂടി വിടാൻ പറ, എപ്പോ തുടങ്ങിയ ഓട്ടമാണ്" അജീഷ് വീണ്ടും തുടങ്ങി.

ഇപ്രാവശ്യം വിക്രമിന് നല്ല ചൂടായി. ഒന്നാമത് അവന്റെ കയ്യിൽ നിന്നും പോയ ജാള്യത, പിന്നെ രാവിലെ തുടങ്ങിയ പ്രശ്ങ്ങളിൽകൂടിയുള്ള യാത്ര, മനസ്സും ശരീരവും നന്നായി ക്ഷീണിച്ചിട്ടുണ്ട്.

അവൻ വണ്ടി നിറുത്തി അജീഷിനെ നോക്കി, ചൂണ്ടു വിരൽ ഉയർത്തി -പിന്നെ മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു. "ഇനി നീ മിണ്ടിയാൽ നിന്നെ വലിച്ചു പുറത്തിടും" എന്നാവും അവൻ ഉദ്ദേശിച്ചത്.             

വണ്ടി ഓടിയോടി അവസാനം ഒരു സ്ഥലത്തെത്തി നിന്നു. ഡെഡ് എൻഡ്! വിക്രം നിരാശനായി ഞങ്ങളെ നോക്കി. “ മണ്ടന് മര്യാദക്ക് ഒരു സ്ഥലം പറഞ്ഞു തരാൻ പോലും അറിയില്ല” വിക്രം ഓണറെ ശപിച്ചു. നേരം രാത്രിയായി, ബംഗാളിലെ ഏതോ ഉൾഗ്രാമത്തിൽ ഞങ്ങൾ വഴിയറിയാതെ പെട്ടിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളിൽ ഞങ്ങൾ കടന്നുപോയ സാഹചര്യങ്ങളെ വച്ച് നോക്കുമ്പോൾ ഇതൊന്നുമല്ല. എന്നാലും രാവിലെ തുടങ്ങിയ യാത്ര എല്ലാവരെയും തളർത്തിയിരുന്നു. എങ്ങനെയെങ്കിലും റൂമിലെത്തി കിടന്നാൽ മതി എന്നായിരുന്നു എല്ലാർക്കും.

വണ്ടി നിൽക്കുന്നിടത്ത് ഏതോ ആർമി ഏരിയ പോലെ കണ്ടു. ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റിക്കടുത്ത് ഞങ്ങൾ ചെന്നു. അന്വേഷിച്ചപ്പോൾ ഇവിടെ അങ്ങനെ ഒരു ഹോംസ്റ്റേ ഇല്ലത്രെ. കുറച്ചു ദൂരം പുറകിൽ പോയാൽ ഒരു ടൌൺ കാണും അവിടെ അന്വേഷിച്ചാൽ മതി എന്നയാൾ പറഞ്ഞു. വിക്രം പിന്നെ എന്തൊക്കെയോ അവനു മനസ്സിലായ അടയാളങ്ങൾ കൂടി അയാളോട് ചോദിച്ചറിഞ്ഞു. പിന്നെ ഞങ്ങളോട് പറഞ്ഞു. "നോ വറി - വീ വിൽ റീച് വിത്തിൻ 20 മിനുട്സ്" ഇവന്റെ കോൺഫിഡൻസ് ആണ് ഇവിടെ വരെ എത്തിച്ചത്. ഇനി ഈരാത്രി ബാക്കി എന്തൊക്കെയാണ്   കാണാൻ കിടക്കുന്നതാവോ?

വണ്ടി തിരിച്ചു. കുറച്ചു ദൂരം ഓടിയപ്പോൾ ചെറിയ രണ്ടു മൂന്നു പെട്ടിക്കട തുറന്നിരിക്കുന്നിടത്തു വണ്ടി സൈഡാക്കി, വിക്രം തന്നെ ചോദിച്ചു വന്നു. ഇനി പ്രശ്നമില്ല, ഞാൻ എത്തിച്ചു തരാം എന്ന് പറഞ്ഞു വണ്ടിയെടുത്തു.  ഏകദേശം ഒമ്പത് മണിയോട്കൂടി    ഞങ്ങൾ   സ്ഥലതെത്തി.

സാധാരണ നാട്ടുമ്പുറം. ഒരു വയൽ പ്രദേശമാണെന്നു തോന്നുന്നു. ഇടയ്ക്കിടയ്ക്ക് വീടുകൾ ഉണ്ട്. ഇരുട്ടിൽ പ്രകാശ പൊട്ടുകൾ ചിതറി വീണുകിടക്കുന്ന ഗ്രാമീണ റോഡ്. ബംഗാളി എഴുത്തുകാരുടെ വിവർത്തന നോവലുകൾ ചെറുപ്പത്തിൽ വായിച്ചതോർമ വന്നു. മൂന്നോ നാലോ സെന്റിനു ള്ളിൽ ഉണ്ടാക്കിയ ചെറിയൊരു സെറ്റപ്പ് ആണ് ഈ ഹോംസ്റ്റേ. ബ്രൗൺ കളർ പെയിന്റ് അടിച്ച വലിയ ഗേറ്റിന് മുന്നിൽ വെളുക്കെ ചിരിച്ചുകൊണ്ട് ഹോംസ്റ്റേ ഓണർ നില്പുണ്ട്. ഒരു സാധാരണ നാട്ടുംപുറംകാരൻ. സ്വന്തം ഹോംസ്റ്റേയിലേക്ക് വരുത്താൻ ഞങ്ങളെ ഇതുവരെ വട്ടം കറക്കിയ മുതലാളി.

“വെൽക്കം സർ” എന്ന് പറഞ്ഞു ഞങ്ങളെ അകത്തേക്ക് ആനയിച്ചു. നിറയെ ചെടികൾ വച്ചിട്ടുണ്ട്-പൂക്കളില്ലാചെടികൾ. ഹാങ്ങിങ് ചെടികൾ പോകുന്നവഴിയിലും വാതിലിനു സൈഡിലും എല്ലാം കാണാം. രണ്ടു റൂംവാതിലൊക്കെ തുണികൊണ്ടു   മറച്ചതാണ്. ഒരു റൂമിനെ ബാത്രൂം ഉള്ളൂ. ഒന്ന് പുറത്തായിട്ടാണ്. ടോയ്ലറ്റ് വാതിലൊക്കെ തുണികൊണ്ടു മറച്ചത് കണ്ടു ഞെട്ടിപ്പോയി. ഹോം സ്റ്റേ തുടങ്ങി കുറച്ചായിട്ടുള്ളു എന്ന് തോന്നുന്നു. അതോ ഇവിടത്തെ നാട്ടുമ്പുറ സ്റ്റേ ഇങ്ങനെതന്നെ ആയിരിക്കുമോ എന്തോ?

ഓണർക്ക് ഞങ്ങളോട് എന്തൊക്കെയോ കുറെ സംസാരിക്കണം എന്നുണ്ട്. ഭാഷ പ്രശ്നമാണ്. ഇടയ്ക്കിടയ്ക്ക് 'ഫുൾ സപ്പോർട്ട് ' എന്ന് പറയും. സംസാരിച്ചു വന്നപ്പോൾ, നെറ്റിൽ ആശാന്റെ ഹോംസ്റ്റേ സൈറ്റിൽ പോയി നല്ല റിവ്യൂ ഇടണം. അതാണ് മെയിൻ അജണ്ട. റിവ്യൂ നല്ലതിട്ടാലേ ആൾക്കാർ വരൂ, അത് കൊണ്ട് നിങ്ങൾക്ക് ഫുൾ സപ്പോർട്ട്. ഞങ്ങൾ ഒക്കെ സെറ്റ് ആക്കാം എന്ന് ഏറ്റു ഫ്രഷ് ആയി വരാം എന്ന് പറഞ്ഞു മെല്ലെ മുങ്ങി.

ഡിന്നർ ചപ്പാത്തിയും കറിയും അയാളുടെ വീട്ടീൽ നിന്ന് ഉണ്ടാക്കി കൊണ്ടുവരാം എന്ന് പറഞ്ഞു കേരളത്തിൽ നിന്നും കൂടുതൽ കസ്റ്റമേഴ്സിനെ സ്വപ്നം കണ്ട് ആശാൻ വീട്ടിലേക്കു പോയി.


ഞങ്ങൾ ഉള്ള സൗകര്യം വച്ച് പെട്ടെന്ന് ഫ്രഷ് ആയി. പുറത്തെ ബെഞ്ചിൽ വിക്രം ഇരിക്കുന്നുണ്ട്. വിക്രമിനും സ്റ്റേ സെറ്റപ്പ് പിടിച്ചിട്ടില്ല. അവൻ എന്തായാലും പുറത്തു എവിടെങ്കിലും കൂടേണ്ടി വരും, അല്ലേൽ വണ്ടിക്കുള്ളിൽ തന്നെ.

പുറത്തെ ഇരുട്ടിലേക്ക് നോക്കി വെറുതെ നിന്നു. ബംഗാളിലെ ഏതോ ഉൾനാടൻ ഗ്രാമം.വിഖ്യാത ഇന്ത്യൻ ചലച്ചിത്രകാരൻ സത്യജിത് റായിയുടെ പ്രശസ്ത മായ   പഥേർ പാഞ്ചാലിയ്ക്ക് ജന്മം നൽകിയ ബംഗാളിലെ 'ബൊറാൽ ' എന്ന ഗ്രാമത്തിലേക്ക് നടത്തിയ യാത്രക്കുറിപ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചതോർമ വന്നു. കഥാപാത്രങ്ങളായ അപുവും ദുർഗയും ജീവിച്ച വീടും, പൈക്കിടാവിനോടൊപ്പം ഓടിക്കളിച്ച മുളങ്കാടും,പൊട്ടക്കുളവും, പനകളുമെല്ലാമുള്ള ഗ്രാമം അദ്ദേഹം ചിത്രീകരിച്ച നാട്, എഴുപതു വർ ഷങ്ങൾക്കു ശേഷം  തേടിപ്പോയ ലേഖനം.   അതിൽ ഒരു ഭാഗത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു

"ഉടമസ്ഥൻ ജയഗോപാൽ മുഖർജി ഗേറ്റ് തുറന്നു പുറത്തു വന്നു, ഞങ്ങളോട് സൗഹൃദ ഭാവത്തിൽ സംസാരിച്ചു. വീടിന്റെ ചിത്രം ഗേറ്റിനു പുറത്തു നിന്നും എടുക്കാനുള്ള അനുവാദംതന്നു. വീടിന്റെ ഇടതു ഭാഗത്തുള്ള ഒറ്റയടിപ്പാതയിലൂടെ നടന്നപ്പോൾ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന പോലെ വിശാലമായ കുളവും മുളങ്കാടുകളും. ഒരു ഇതിഹാസത്തിന്റെ രംഗ വേദിയിലാണ് ഞങ്ങളിപ്പോൾ എന്നോർത്തപ്പോൾ മനസ്സിൽ ആഹ്ളാദം അലയടിച്ചു. അപുവും ദുർഗയും പൈക്കിടാവിനോടൊപ്പം ഓടിക്കളിച്ചത്, കിട്ടാത്ത മധുരം കൊതിച്ചു അവർ മിഠായിക്കാരന്റെ കൂടെ കൂടിയത്. റായ് രംഗങ്ങളെല്ലാം ചിത്രീകരിച്ചത് മുളങ്കാടുകളുടെ ഇടയിൽ എവിടെയെല്ലാമോ വച്ചാകണം. ഞങ്ങൾ കുളവും മുളങ്കാടും ചുറ്റിക്കണ്ടു. ഒരുകാലത്തു കണ്ണെത്താ ദൂരം പടർന്നു നിന്ന    മുളങ്കാടുകൾ ഇപ്പോൾ കുളത്തിനോട് ചേർന്ന് മാത്രം. കുളത്തിനപ്പുറം കാശപ്പുല്ലുകൾ വിരിഞ്ഞു നിന്ന പാടം ഇപ്പോൾ കെട്ടിട സമുച്ചയമാണ്. പഴയ ബൊറാൽ ഗ്രാമത്തിന്റെ ബാക്കിയുള്ളത് കാണുന്ന മുളങ്കാടുകളും ഒരുപാട് ഓർമ്മകൾ വഹിക്കുന്ന കുളവും മാത്രം. ഞങ്ങൾ വെറുതെ കുളക്കടവിലിരുന്നു. പണമില്ലാതെ ഷൂട്ടിങ് അനിശ്ചിത മായി നീളുമ്പോൾ റായ് സിനിമയെക്കുറിച്ചുള്ള ആലോചനയുമായി വന്നിരിക്കാറുള്ളത്      കുളക്കടവിലായിരുന്നെന്ന് എഴുതിയതിട്ടുണ്ട്.”

ബിഭൂതി ഭൂഷൺ ബന്ദോപാദ്ധ്യായയുടെ നോവലിലെ നിശ്ചിന്തപുർ ഗ്രാമത്തെയാണ് റായ് സിനിമയിൽ വരച്ചിട്ടത്. കൊല്കത്തയിൽ നിന്നും ഏകദേശം 15KM ദൂരമേയുള്ളൂ 'ബൊറാലിലേക്ക്. അത് പോലെയുള്ള ഏതോ ഗ്രാമമാകും ഇതും.    

കുറച്ചു കഴിഞ്ഞപ്പോഴേക്കും ഓണർ ഡിന്നറുമായെത്തി. ചപ്പാത്തിയും സബ്ജിയും അച്ചാറും. വീട്ടിൽ ഉണ്ടാക്കി കൊണ്ടുവന്നതാണ്. നല്ല ഫുഡ് ആയിരുന്നു. നാളെ ഒരു ദിവസം കൂടി ഉണ്ട്. മറ്റെന്നാൾ ജൽപായ്ഗുരിയിൽ നിന്ന് ട്രെയിൻ. നാളത്തെ ദിവസം എങ്ങോട്ടു പോകണം എന്നായിരുന്നു കഴിക്കുമ്പോഴത്തെ മെയിൻ ചർച്ച. നേപ്പാൾ ഉണ്ട് ഭൂട്ടാൻ ഉണ്ട്. രണ്ടും രാജ്യങ്ങളും ബോർഡർ ആണ്. രാവിലെ പോയി കണ്ടു തിരിച്ചു വരാം. പാസ്പോർട്ട് വേണ്ടാത്ത രാജ്യങ്ങളാണ്, വോട്ടർ ഐഡിയും ഫോട്ടോയും ഉണ്ടായാൽ മതി.

സംസാരിച്ചിരിക്കുന്നിടെ ഓണർ വീണ്ടും എത്തി. കണ്ടപ്പോൾ തന്നെ ഞങ്ങൾ പറഞ്ഞു "ഫുൾ സപ്പോർട്ട് ". ആശാന്റെ പേര് പറഞ്ഞത് ഞങ്ങളെല്ലാം മറന്നിരിക്കുന്നു. പേര് "ഫുൾ സപ്പോർട്ട്" എന്നാക്കി. ഞങ്ങളോട് വീണ്ടും മൂപ്പരുടെ ഹോംസ്റ്റേയ്ക്ക് നല്ല റിവ്യൂ സൈറ്റിൽ കയറി ഇടനാണ് അഭ്യർത്ഥന. ഭക്ഷണം കഴിക്കുന്ന ഞങ്ങളുടെ ഫോട്ടോ എടുത്തു. അത് സൈറ്റിൽ ഇടനാണത്രെ. ഞങ്ങൾ നന്നായി പോസ് ചെയ്തു കൊടുത്തു. ഞങ്ങളുടെ ചർച്ചയിൽ നാളത്തെ ട്രിപ്പ് നേപ്പാൾ അല്ലെങ്കിൽ     ഭൂട്ടാൻ ആണെന്നറിഞ്ഞു കേട്ട് ഭൂട്ടാൻ ബോർഡർ സ്ഥലമായ ബംഗാൾ ഗ്രാമമായ 'ബിന്ദു' വിൽ     മൂപ്പരുടെ ഏതോ റിലേറ്റീവ് ഉണ്ടെന്നു പറഞ്ഞു. ചോദിച്ചു നോക്കാം എന്ന് പറഞ്ഞു ഫോണിൽ ഡയൽ ചെയ്തു.


നെറ്റിൽ നോക്കിയപ്പോൾ അവസാന ബംഗാൾ ഗ്രാമം കലിംഗ്പോങ് ജില്ലയിലെബിന്ദു’വാണ്. പിന്നെ ജയ്ഗാവ് എന്ന ടൌൺ ഉണ്ട്. അലിപുർദുവാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇത് ഒരു പ്രധാന പട്ടണമാണ്, ഭൂട്ടാൻ ഗേറ്റ് വഴി ഭൂട്ടാനിലേക്കുള്ള (ഫ്യൂന്റ്ഷോലിംഗ്) പ്രധാന കര കവാടമായി ഇത് പ്രവർത്തിക്കുന്നു. ഇന്ത്യൻ വിനോദസഞ്ചാരികൾ ഫ്യൂന്റ്ഷോലിംഗിലെ ഇമിഗ്രേഷൻ ഓഫീസിൽ നിന്നോ ഓൺലൈനായോ എൻട്രി പെർമിറ്റ് എടുക്കണം.

വിക്രം തൊട്ടടുത്ത് എല്ലാം ശ്രദ്ധിച്ചു മിണ്ടാതെ ഇരിക്കുന്നുണ്ട്. ഇങ്ങോട്ടുള്ള യാത്രയിലെ സംഭവങ്ങൾ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്നവനറിയാം. ഓണർ ഫോൺ വിളിച്ചു ചോദിച്ച കാര്യം ഞങ്ങളോട് വന്നു പറഞ്ഞു. അവന്റെ ബംഗാളി കലർന്ന ഹിന്ദി ഞങ്ങൾക്ക് മനസ്സിലായില്ല. സമയത്ത് വിക്രം ഇടപെട്ടു. അവന്റെ റിലേറ്റീവ്നെ വിളിച്ചു കിട്ടിയിട്ടില്ല, വേറൊരാളോട് ചോദിച്ചു. അവിടെ എത്തിയാൽ ഹെല്പ് ചെയ്യാം എന്നൊക്കെ. വിക്രം മടിച്ചു മടിച്ചു പറഞ്ഞു. ഞാൻ വേണേൽ ചെറിയ പൈസക്ക് എത്തിച്ചു തരാം, തിരിച്ചു റെയിൽവേ സ്റ്റേഷനിലേക്കും. ഞങ്ങൾ ആലോചിക്കട്ടെ എന്ന് പറഞ്ഞു. ആലോചനക്കായി വീണ്ടും ഇരുന്നു.         

 

(വർഷങ്ങൾക്കിപ്പുറം ഫുൾ സപ്പോർട്ടിന്റെ ഗ്രീൻ വ്യൂ സ്റ്റേ സൈറ്റിൽ കയറിനോക്കിയപ്പോൾ അന്ന് രാത്രി എടുത്ത ഫോട്ടോ അതിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഹോംസ്റ്റേ യുടെ വേറെ കുറെ ചിത്രങ്ങൾ കൂടിയുണ്ട്. കുറെ കോടി ഡെവലപ് ചെയ്യാനുണ്ടെന്നു അന്ന് ആശാൻ പറഞ്ഞിരുന്നു. കണ്ടിട്ട് കുറെ ആൾക്കാരൊക്കെ സെലക്ട് ചെയ്യുന്ന ഹോം സ്റ്റേ ആയി മാറിയിരിക്കുന്നു എന്ന് തോന്നുന്നു. നിഷ്കളങ്ക ഗ്രാമീണൻ നന്നാവട്ടെ.) 



പ്രിയ സുഹൃത്തുക്കളെ, ചില പ്രത്യേക സാഹചര്യത്താൽ ബാക്കിയുള്ള ഭാഗം എഴുതാൻ കഴിയില്ല. പിന്നീട് എഴുതി തീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും. ഇത് വരെ വായിച്ചു, എഴുതാൻ പ്രചോദനം നൽകിയ എല്ലാർക്കും നന്ദി പറയട്ടെ.

 

അസം-അരുണാചൽ-മേഘാലയ ട്രിപ്പ് വിവരണവുമായി അടുത്ത് തന്നെ കാണാം. നന്ദി.

NB: നിങ്ങളുടെ അഭിപ്രായങ്ങൾ ബ്ലോഗ് ലെ 'comments' എന്ന ഭാഗത്തു ക്ലിക്ക് ചെയ്ത് ടൈപ്പ് ചെയ്താൽ ഉപകാരമായി.         


No comments: